| Friday, 26th February 2021, 6:57 pm

തിരികെ, കയ്യടിപ്പിച്ച് ഗോപികൃഷ്ണന്‍| Movie Review

അന്ന കീർത്തി ജോർജ്

ഒറ്റപ്പെടലിന്റെ വേദനയെ എങ്ങനെയെങ്കിലും മറികടക്കാന്‍ ശ്രമിക്കുന്ന തോമസിന്റെ കഥയാണ് തിരികെ. നഷ്ടപ്പെട്ടുപോയ കുട്ടിക്കാലം തനിക്കെന്ന് പറയാന്‍ ഇനി ആകെ ബാക്കിയുള്ള ഒരു ചേട്ടനിലൂടെ തിരിച്ചുപിടിക്കാനാണ് തോമസ് എന്ന തോമ നിരന്തരം ശ്രമിക്കുന്നത്. തോമയിലൂടെയും സെബു എന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ചേട്ടന്‍ ഇസ്മുവിലൂടെയുമാണ് തിരികെ കഥ പറയുന്നത്.

ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന തിരികെ, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്ത നീ സ്ട്രീമാണ്  റീലിസ് ചെയ്തിരിക്കുന്നത്.

തിരികെയുടെ ഷൂട്ടിംഗിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് മുതല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന കേട്ട പേരായിരുന്നു കോഴിക്കോട് സ്വദേശിയായ ഗോപീകൃഷ്ണന്റേത്. ആദ്യമായി ഒരു മലയാള സിനിമയില്‍, ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട, മുഴുനീള കഥാപാത്രമായി ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഒരാളെത്തുന്നത് തിരികെയിലായിരിക്കണം.

ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട്, സിനിമകളില്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന മുന്‍ധാരണകളെയെല്ലാം ഈ ചിത്രം പൊളിക്കുന്നുണ്ട്. അതേസമയം ഈ അവസ്ഥയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ കാണാതെ പോകുന്നുമില്ല. അതിനൊപ്പം തന്നെ ചില ചെറിയ  സീനുകളിലൂടെ നമ്മള്‍ അധികം കാണാത്ത ഡൗണ്‍ സിന്‍ഡ്രോം ബാധിതരായവരുടെ ജീവിതത്തിലെ സ്വാഭാവികമായ പല കാര്യങ്ങളും കാണിച്ചുതരുന്നുമുണ്ട്.

ചിത്രത്തിലെ ഒരു ഭാഗത്ത് കാര്‍ ഓടിക്കണമെന്നുള്ള സെബുവിന്റെ ആഗ്രഹം സഫലമാകുന്ന രംഗമുണ്ട്. ഡിസേബിള്‍ഡ് ആയ വ്യക്തികളെയും അവരുടെ ആഗ്രഹങ്ങളെയും കൂടി ഉള്‍ച്ചേര്‍ക്കാന്‍ സാധിക്കുന്ന ഒരു വ്യവസ്ഥയിലേക്ക് നമ്മളെല്ലാവരും വളരേണ്ടതിന്റെ ആവശ്യകത ചിത്രം പറയാതെ പറഞ്ഞുവെക്കുകയാണിവിടെ.

സെബുവിന്റെ വീക്ഷണത്തില്‍ നിന്നുകൊണ്ട് കഥയെ അവതരിപ്പിക്കാത്തത് സിനിമയുടെ കുറവായി ചിലപ്പോള്‍ തോന്നാമെങ്കിലും തോമയുടെ കഥയില്‍ ഏറെ പ്രധാനപ്പെട്ട റോളില്‍ വളരെ സ്വാഭാവികതയോടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചത് ചിത്രത്തിന് മറ്റൊരു ഭംഗി നല്‍കുന്നുണ്ട്.

തോമയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും അഭിനയം കൊണ്ട് മനസ്സില്‍ പതിയുന്നത് ഗോപീ കൃഷ്ണന്റെ അച്ചാച്ചനാണ്. ഒരു പുതുമുഖ നടന്റെ പതര്‍ച്ചകളില്ലാതെയാണ് ഗോപീകൃഷ്ണന്‍ കഥാപാത്രമായി മാറിയിരിക്കുന്നത്. സ്‌നേഹവും സങ്കടവും സാഹസികതയോടുള്ള ഇഷ്ടവും കരുതലും ഉത്തരവാദിത്തബോധവും തനിക്ക് ചുറ്റും നിയന്ത്രണങ്ങളും അധിക്ഷേപവും സഹതാപവുമായി നില്‍ക്കുന്ന സമൂഹത്തോടുള്ള രോഷവും പിന്നെ റൊമാന്‍സും പഞ്ച് ഡയലോഗുമെല്ലാം നല്ല കയ്യടക്കത്തോടെ തന്നെ കൈകാര്യം ചെയ്യാന്‍ ഗോപി കൃഷ്ണനായിട്ടുണ്ട്. തീര്‍ച്ചയായും മലയാള സിനിമ ശ്രദ്ധിക്കേണ്ട ഇനിയും നല്ല കഥാപാത്രങ്ങള്‍ നല്‍കേണ്ട, തന്റെ സാന്നിധ്യം കൊണ്ടുതന്നെ പുതിയ നരേറ്റീവുകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള യുവനടനാണ് ഗോപീ കൃഷ്ണന്‍.

തിരികെയുടെ പ്രധാന പ്ലസ് പോയിന്റുകള്‍ കഥാപാത്രസൃഷ്ടിയും കളര്‍ ടോണുമാണ്. കളര്‍ ടോണ്‍ കഥക്കു ചേരുന്ന നനുത്ത ഒരു അന്തരീക്ഷം ഒരുക്കുന്നുണ്ട്. ചിത്രത്തിലെ തോമയുടെ കഥാപാത്രം അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ഒറ്റപ്പെട്ട നിസ്സഹായനായ ചെറുപ്പക്കാരനാണ്. ചിത്രം കണ്ടുനിര്‍ത്തുമ്പോള്‍ തൊമ്മിയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകന്‍ വീണ്ടും ആലോചിക്കുന്നുണ്ടാകും. തോമയുടെ വലിയ ഇമോഷണല്‍ ട്രോമയിലൂടെ, ആരോടും ഒന്നും പറയാനാകാതെ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ജോര്‍ജ് കോര കുറച്ചധികം കഷ്ടപ്പെടുന്നുണ്ട്.

മറ്റെല്ലാ കാര്യത്തിലും സത്യസന്ധനെന്നൊക്കെ പറയാന്‍ പറ്റുന്ന തോമ സ്ത്രീകളെ പറഞ്ഞുപറ്റിച്ചാണ് തനിക്കാവശ്യമായ പണം കണ്ടെത്തുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അത്യാവശ്യത്തിനായി പോലും മോഷ്ടിക്കാന്‍ നില്‍ക്കാത്ത തോമ സ്ത്രീകളെ ഒരു മനോവിഷമവുമില്ലാതെ പറ്റിക്കുന്നുണ്ട്. അയാളുടെ ഈ പ്രവര്‍ത്തിയിലെ പ്രശ്‌നം, സ്വഭാവത്തിലെ ഈ വൈരുധ്യം ഒരു സീനില്‍ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ കഥാപാത്രം എന്തുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് സിനിമ പറയുന്നുമില്ല.

സെബുവിനെ ദത്തെടുക്കുന്ന ദമ്പതികളായ ഫാത്തിമയും റഫീഖുമായെത്തിയ ഗോപന്‍ മങ്ങാട്ടും ശാന്തി കൃഷ്ണയും നല്ല പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നത്. ഇസ്മുവെന്ന ദത്തുപുത്രനെ ഒരുപാട് ഇഷ്ടപ്പെടുന്ന പൊസസീവായ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഉമ്മയെയും ശാന്തസ്വഭാവിയായ ഉപ്പയെയും ഇരുവരും മനോഹരമായി അവതരിപ്പിച്ചുണ്ട്.


ഗൗതമന്റെ രഥത്തിലെ ഉയിരേ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ അംഗിത് മേനോന്‍ ചെയ്ത ഓര്‍മ്മക്കാലമേ എന്ന പാട്ടും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നമ്മളെ തിരികെ നടത്തുന്ന പാട്ടിലെ ദൃശ്യങ്ങളും പലരുടെയും പ്രിയപ്പെട്ട പാട്ടാകാനുള്ള സാധ്യതയുണ്ട്. ബെന്നി ദയാലാണ് ഓര്‍മ്മക്കാലമേ പാടിയിരിക്കുന്നത്.

മികച്ച ഒരു കഥാതന്തുവുണ്ടായിട്ടും തിരക്കഥയിലെ ചില കണക്ഷന്‍ പ്രശ്‌നങ്ങള്‍, സംവിധാനത്തിലെ പോരായ്മകള്‍, എഡിറ്റിംഗിലെ ചില കല്ലുകടികള്‍ എന്നിവ കൊണ്ട് ചിലയിടങ്ങളില്‍ തിരികെ തളര്‍ന്നുപോകുന്നുണ്ട്. പ്രേക്ഷകനെ ചിരിപ്പിക്കാതെ പോകുന്ന കോമഡികള്‍ക്കും സരസ ബാലുശ്ശേരിയുടെ അമ്മച്ചി എന്ന കഥാപാത്രത്തിനുമൊക്കെ ഈ ഏച്ചുകൂട്ടലുകള്‍ കാണാം. സെബു/ഇസ്മു ചെറുപ്പം മുതല്‍ നേരിടേണ്ടി വരുന്ന വിവേചനവും അധിക്ഷേപവും പറയുന്ന രംഗങ്ങളില്‍ കുറച്ചൂകൂടെ സ്വാഭാവികത കൊണ്ടുവരാമായിരുന്നു.

ചിത്രത്തിന്റെ ഇപ്പറഞ്ഞ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഗോപീകൃഷ്ണന്റെ അഭിനയവും സൂക്ഷമമായ  ചില എക്‌സ്പ്രഷന്‍സും കൊണ്ടാണ് തിരികെ മറികടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Malayalam movie Thirike review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more