ജൂലൈ 7 1989…
സേതുമാധവന്റെയും അച്ചുതന്‍ നായരുടെയും സ്‌നേഹവും സ്വപ്നവും വാല്‍സല്യവും ഒക്കെ മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട്, അവര്‍ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 31 വര്‍ഷങ്ങള്‍…അതെ, ലോഹിതദാസ്-സിബി മലയില്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന കിരീടം, മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ റിലീസായിട്ട് 31 വര്‍ഷങ്ങള്‍.
ടൈറ്റില്‍ കാര്‍ഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തില്‍ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ കീഴ്‌പ്പെടുത്തി എന്ന് പറഞ്ഞാലും അതില്‍ അതിശയോക്തി ഇല്ല. കാരണം അത്രമാത്രം ഹൃദ്യം ആയിരുന്നു പോലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇന്‍സ്പെക്ടര്‍ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായരും, പിന്നെ തൊപ്പി ഊരിയ ശേഷം ‘സബ് ഇന്‍സ്പെക്ടര്‍ സേതു, അച്ഛന്റെ തെമ്മാടി’ എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും.
കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലര്‍ത്തിയ സിനിമകള്‍ അപൂര്‍വമാണ്, അത് തന്നെ ആണ് കിരീടം എന്ന സിനിമയെ ക്ലാസിക് ആക്കുന്നതും, 31 വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ ഈ സിനിമയുടെ മികവിനെ പറ്റി വാചാലരാകുന്നതും.
സേതുമാധവന്‍ എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്ചുതന്‍ നായര്‍ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങള്‍ തകര്‍ന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുതിയതിനേക്കാള്‍ എത്രയോ മനോഹരമായിട്ടാണ് സിബി മലയില്‍ അത് അഭ്രപാളികളിലേക്ക് പകര്‍ത്തിയിരിക്കുന്നത്.
അച്ഛന്‍-മകന്‍ ബന്ധം കിരീടത്തോളം തീവ്രമായി, മനോഹരമായി വേറെ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടാകില്ല.ആ അച്ഛനും മകനും ആയി തിരശ്ശീലയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ തിലകനും മോഹന്‍ലാലിനും സാധിച്ചു. അനാവശ്യമായി ഒരു രംഗമൊ ഒരു സംഭാഷണമൊ കിരീടത്തില്‍ ഇല്ല എന്ന് തന്നെ പറയാം, അത്രയ്ക്ക് മികച്ച തിരക്കഥയാണ് കിരീടത്തിന്റേത്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെതാണെന്ന് മഹാനടന്‍ തിലകന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്ന കുറച്ച് പ്രത്യേകതകള്‍ ഉണ്ട്. കിരീടം അവസാനിക്കുന്നതും മറ്റു സിനിമകളെ പോലെ തന്നെ വില്ലന് മേല്‍ നായകന്‍ വിജയം നേടി തന്നെ ആണ്…കീരീക്കാടന്‍ ജോസിനെ കുത്തി മലര്‍ത്തിയിട്ടു ‘ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്” എന്നും പറഞ്ഞ് സേതുമാധവന്‍ ആക്രോശിക്കുമ്പോള്‍, അതിനു ശേഷം തന്റെ ജീവിതം നഷ്ട്ടപ്പെട്ട വേദനയില്‍ പരിസരം മറന്ന് സേതുമാധവന്‍ പൊട്ടിക്കരയുമ്പോള്‍, വില്ലന് മേല്‍ വിജയം നേടിയ നായകനെയല്ല മറിച്ചു ജീവിതം കൈവിട്ട് പോയ, പരാജയപ്പെട്ട നായകനെ ആണ് ലോഹിതദാസും സിബി മലയിലും കൂടി നമുക്ക് കാണിച്ചു തന്നത്, വിങ്ങുന്ന ഒരു നൊമ്പരമാണ് പ്രേക്ഷകന്റെ മനസിലേക്ക് അവര്‍ ആഴ്ന്നിറക്കിയത്… തിരക്കഥാകൃത്തിനും സംവിധായകനും വേണമെങ്കില്‍ ശുഭപര്യവസാനിപ്പിക്കാമായിരുന്നു കിരീടം. പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കീരിടം ഇത്രയും ചര്‍ച്ച ചെയ്യപ്പെടില്ലായിരുന്നു.
കിരീടത്തിനു മുമ്പും എണ്ണിയാല്‍ തീരാത്തത്ര സിനിമകളില്‍ സംഘട്ടന രംഗത്തിനു ശേഷം നായകന്റെ വിജയം കാണിച്ചുള്ള ക്ലൈമാക്‌സ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു ക്ലൈമാക്‌സ് സംഘട്ടന രംഗത്തില്‍ അല്ലെങ്കില്‍ അതിനോട് അനുബന്ധിച്ചുള്ള രംഗങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകുക, അത് കണ്ടു വിങ്ങുന്ന മനസോടെ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ച് പ്രേക്ഷകന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുക, അത് കിരീടം സിനിമയുടെ മാത്രം പ്രത്യേകതയാണ്. കിരീടത്തിലെ ക്ലൈമാക്‌സ് സീനിലെ മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയ മുഹൂര്‍ത്തങ്ങളെ വെല്ലുന്ന വേറെ ഒരു സിനിമ ഉണ്ടൊ? എന്റെ പരിമിതമായ അറിവ് വെച്ച് ഇല്ല എന്ന് തന്നെ പറയും.
കീരീടത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് കണ്ണീര്‍പൂവ് എന്ന പാട്ടും അതിലെ രംഗങ്ങളും. താന്‍ സ്‌നേഹിച്ച പെണ്‍കുട്ടി മറ്റൊരാളുടെ കൈ പിടിച്ച് പോകുന്നത് ദൂരെ ഒരു മരത്തിന്റെ പിന്നില്‍ നിന്ന് നിസഹായതയോടെ സേതു നോക്കി നില്ക്കുന്നതും, വിജനമായ റോഡിലൂടെ സേതു ഒറ്റയ്ക്ക് നടന്ന് പോകുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് സിബി മലയില്‍ ചിത്രീകരിച്ചിരിക്കുന്നത്, എത്ര ആഴ്ത്തിലാണ് സേതുവിന്റെ വേദന അദ്ദേഹം പ്രേക്ഷകന്റെ വേദനയാക്കി മാറ്റിയിരിക്കുന്നത്.
കിരീടത്തിന്റെ എല്ലാ വര്‍ക്കുകളും കഴിഞ്ഞ് റിലീസ് തയ്യാറായി നില്ക്കുമ്പോള്‍ ആണ് സിബിമലയില്‍ നിര്‍മ്മാതാക്കളോട് മോഹന്‍ലാലിന്റെ ഒരു ദിവസത്തെ കൂടി ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്. നടക്കുന്ന കാര്യമല്ല എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. മോഹന്‍ലാലിനെ വെച്ച് ഒരു സീന്‍ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാന്‍ പറ്റു എന്ന് സിബിമലയില്‍ തറപ്പിച്ച് പറഞ്ഞു. ഇത് എങ്ങനെയൊ മോഹന്‍ലാല്‍ അറിഞ്ഞു, സിബിമലയിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു, ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റു എന്ന് സിബിമലയില്‍ പറഞ്ഞു, അങ്ങനെ മോഹന്‍ലാല്‍ വന്ന് അഭിനയിച്ചു. കണ്ണീര്‍പൂവിന്റെ പാട്ട് രംഗത്തില്‍ സേതുമാധവന്‍ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയില്‍ അങ്ങനെ ഷൂട്ട് ചെയ്തത്. മുമ്പൊരിക്കല്‍ ഒരു പഴയ സിനിമ സുഹൃത്ത് വഴി അറിഞ്ഞ കാര്യമാണിത്. കണ്ണീര്‍പൂവ് എന്ന പാട്ട് പ്രേക്ഷകനെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെങ്കില്‍, വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സേതുമാധവന്‍ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗത്തിന് നിര്‍ണായക പങ്ക് ഉണ്ടെന്ന് നിസംശയം പറയാം.
ഭൂരിഭാഗം സിനിമ പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഒരു മുന്‍വിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റല്‍ സീനുകളില്‍ ശോഭിക്കുന്നവര്‍ അല്ലെങ്കില്‍ പൊട്ടി കരഞ്ഞ് അഭിനയിക്കുന്നവര്‍ മാത്രമാണ് മികച്ച നടീനടന്മാര്‍ എന്ന്. പ്രിയദര്‍ശന്റെ സിനിമകളില്‍ തലക്കുത്തി മറിയുന്ന, സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ കോമഡി ചെയ്യുന്ന, പിന്നെ നന്നായി ആക്ഷന്‍ ചെയ്യാന്‍ പറ്റുന്ന നടന്‍ എന്നാണ് കിരീടം വരുന്നത് വരെ മോഹന്‍ലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ. കിരീടത്തിന് മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം, പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളില്‍ അത്യുജ്വല അഭിനയം മോഹന്‍ലാല്‍ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ മികച്ച നടനായി അംഗീകരിക്കാന്‍ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു, കാരണം മേല്‍പ്പറഞ്ഞ മുന്‍വിധി തന്നെ.