| Monday, 17th May 2021, 6:35 pm

'കിട്ടുണ്ണി എന്ന പുണ്യജന്മം,' കിലുക്കത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന സീരിയല്‍ വേര്‍ഷന്‍; വീഡിയോ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കം ഒരു മെഗാ സീരിയല്‍ ആയിരുന്നെങ്കിലോ? ആ ചോദ്യത്തിനുള്ള കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മല്ലു ഹോമി എന്ന പേജ്.

കിലുക്കം മലയാളത്തിലെ സീരിയല്‍ ആയിരുന്നെങ്കില്‍ എങ്ങനെയുണ്ടാകുമെന്ന് കാണിച്ചു തരുന്ന ഒരു എഡിറ്റഡ് ട്രോള്‍ സീരിയല്‍ പ്രൊമോയാണ് മല്ലു ഹോമി ചെയ്തിരിക്കുന്നത്. സാധാരണ സീരിയലുകളുടെ പ്രൊമോയ്ക്ക് വരുന്ന തരത്തിലുള്ള വോയ്‌സ് ഓവറിന്റെ ട്രോള്‍ രൂപത്തിലാണ് കിലുക്കം സീരിയല്‍ വേര്‍ഷന്റെ പ്രൊമോ വന്നിരിക്കുന്നത്.

ചിത്രത്തില്‍ ഇന്നസെന്റ് ചെയ്ത കിട്ടുണ്ണി എന്ന കഥാപാത്രമാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം. വീട്ടുവേലക്കാര്‍ക്കിടയിലെ പുണ്യജന്മമായ കിട്ടുണ്ണിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രൊമോ തുടങ്ങുന്നത്. ഏറ്റവും അവസാനത്തിലാണ് സീരിയലിന്റെ പേരെഴുതി കാണിക്കുന്നത്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ഇന്നസെന്റിന്റെ ചിത്രത്തോട് കൂടിയാണ് ‘എന്റെ സൂര്യഭഗവാന്‍’ എന്ന പേരും വരുന്നത്.

ചിത്രത്തിലെ വിഷ്വലുകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ കിലുക്കത്തിലെ കഥാസന്ദര്‍ഭങ്ങളെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. നന്ദിനിയുടെ പിതൃത്വം ഇവരില്‍ ആര് ഏറ്റെടുക്കും, ജഡ്ജിയദ്ദേഹം പോലും തൊഴുതു നില്‍ക്കുമ്പോള്‍ ഈ ജന്മത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം, ഇടിത്തീ പോലെ നന്ദിനിയുടെ വരവ് കിട്ടുണ്ണിയുടെ തലവര മാറ്റി വരയ്ക്കുമോ എന്നിങ്ങനെയുള്ള അതിനാടകീയ ഡയലോഗുകളാണ് വീഡിയോ കാണുന്നവരെ പൊട്ടിച്ചിരിപ്പിക്കുന്നത്.

നടന്‍ വിനയ് ഫോര്‍ട്ട് വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1991ലിറങ്ങിയ കിലുക്കം ബോക്‌സ് ഓഫീസുകളില്‍ വലിയ വിജയമാണ് നേടിയത്. മോഹന്‍ലാല്‍, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗതി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഓരോ കോമഡി രംഗങ്ങളും ഡയലോഗുകളും ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നവയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Malayalam movie Kilukkam, serial version funny video

We use cookies to give you the best possible experience. Learn more