ഹോളിവുഡ് സാങ്കേതിക വിദ്യയില്‍ മലയാളത്തിന്റെ കത്തനാര്‍; ജയസൂര്യ - റോജിന്‍ ചിത്രം പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു: എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍
Entertainment news
ഹോളിവുഡ് സാങ്കേതിക വിദ്യയില്‍ മലയാളത്തിന്റെ കത്തനാര്‍; ജയസൂര്യ - റോജിന്‍ ചിത്രം പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു: എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th September 2021, 6:18 pm

കൊച്ചി: ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന വെര്‍ച്വല്‍ പ്രൊഡക്ഷനുമായി ജയസൂര്യയുടെ പുതിയ ചിത്രം കത്തനാര്‍. ഹോളിവുഡ് ചിത്രമായ ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സാങ്കേതിക വിദ്യയിലാണ് കത്തനാരും ഒരുക്കുന്നത്.

ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കത്തനാരിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ത്യയിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയാണ് കത്തനാര്‍ ഒരുക്കുന്നത്. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുക.

തുടര്‍ന്നാണ് ചിത്രീകരണം. കടമറ്റത്ത് കത്തനാരുടെ ഇതുവരെ ആരും പറയാത്ത കഥയാണ് റോജിനും സംഘവും ഒരുക്കുന്നത്. എഴുത്തുകാരനും റിസേര്‍ച്ചറുമായ ആര്‍. രാമാനന്ദാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.

നീല്‍ ഡി കുന്‍ഹയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനക്കല്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ : സെന്തില്‍ നാഥന്‍, സി.ജി.ഐ: വിഷ്ണു രാജ് എന്നിവരാണ്.

 

Malayalam Movie Kathanar in Hollywood technology; Jayasurya – Rojin movie pre-production started: Exclusive pics