| Wednesday, 30th October 2019, 6:22 pm

റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ചയാകുന്ന കാറ്റ് കടല്‍ അതിരുകള്‍ എന്ന സിനിമയുടെ അനുമതി നിഷേധിച്ചതായി പരാതി; ഐ.ഫ്.എഫ്.കെ ജൂറി അംഗങ്ങള്‍ക്കെതിരേയും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന ‘കാറ്റ് കടല്‍ അതിരുകള്‍’ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായി പരാതി. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ.എഫ്.എഫ്.കെ ജൂറി ബോര്‍ഡിനുനേരെയും ഇവര്‍ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി.

തിബറ്റന്‍ ജനതയും റോഹിംഗ്യന്‍സും അനുഭവിക്കുന്ന അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന സിനിമയ്ക്ക് റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡാണ് അനുമതി നിഷേധിച്ചത്.

അഭയാര്‍ഥികളെ കുറിച്ചുള്ള സിനിമ വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുമെന്നതിനാലാണ് അനുമതി നല്‍കാത്തത് എന്നാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. സെന്‍സര്‍ബോര്‍ഡിന്റെ ഗൈഡ്‌ലൈന്‍ പ്രകാരം വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിലുള്ള സിനിമകളുടെ അനുമതി നിഷേധിക്കാന്‍ സാധിക്കും എന്നും റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമ ചര്‍ച്ച ചെയ്യുന്നത് അഭയാര്‍ഥികള്‍ അനുഭവിക്കുന്ന യാതനാപൂര്‍ണമായ ജീവിതമാണെന്നും അഭയാര്‍ഥി പ്രശ്‌നത്തില്‍ ഇന്ത്യയെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു വിഷയവും സിനിമയില്‍ ചര്‍ച്ചയായിട്ടില്ലെന്നുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അതുകൊണ്ടു തന്നെ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്ന പേരില്‍ അനുമതി നിഷേധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നടപടിയാണെന്നും അവര്‍ പറഞ്ഞു. അനുമതി നിഷേധിക്കുന്നതിനാല്‍ സിനിമയുടെ റിലീസിങ്ങ് നടപടി വൈകുന്നതായും അവര്‍ പറഞ്ഞു.

സിനിമയ്ക്ക് സെന്‍സര്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച തീരുമാനം കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവൈവിങ് കമ്മിറ്റിയ്ക്ക് വിട്ടിരിക്കുകയാണെന്നും അതില്‍ അനുമതി ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

2019 ലെ ഐ.എഫ്.എഫ്.കെയില്‍ സിനിമ സെലക്ഷനുവേണ്ടി അയച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഐ.എഫ്.എഫ്.കെയുടെ സിനിമയുടെ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കാറ്റ് കടല്‍ അതിരുകള്‍ എന്ന സിനിമ പരിഗണിക്കാതെ പോയതില്‍ സംശയമുണ്ടെന്നും സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കാറ്റ് കടല്‍ അതിരുകള്‍ എന്ന പേരില്‍ ഒരു സിനിമ കണ്ടിട്ടില്ല എന്ന തരത്തിലാണ് ഒരു ജൂറി അംഗം തങ്ങളോട് സംസാരിച്ചതെന്നും അതുകൊണ്ടു തന്നെ ഐ.എഫ്.എഫ്.കെയിലേക്ക് സെലക്ഷനുവേണ്ടി അയച്ച പല സിനിമകളും ജൂറി കണ്ടിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ.കെ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്തത് സമദ് മങ്കടയാണ്. എസ് ശരതിന്റെ കഥയ്ക്ക കെ.സജിമോനാണ് തിരക്കഥ.

അനു മോഹന്‍, ലിയോണ ലിഷോയ്, കൈലാഷ് ഷാനവാസ്, ഡോ.വേണുഗോപാല്‍, ശരണ്‍, ഡോ.ജാനറ്റ്, തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പം ധാവാ ലാമോ എന്ന അഭയാര്‍ഥിയായി അഭിനയിക്കുന്നത് ബൈലക്കൂപ്പ അഭയാര്‍ഥി ക്യാമ്പിലെ അന്തേവാസി തന്നെയാണ് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ധാവോ ലാമോയ്‌ക്കൊപ്പം നിരവധി അഭയാര്‍ഥികളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more