അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന ‘കാറ്റ് കടല്‍ അതിരുകള്‍’ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായി പരാതി. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ.എഫ്.എഫ്.കെ ജൂറി ബോര്‍ഡിനുനേരെയും ഇവര്‍ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി.
തിബറ്റന്‍ ജനതയും റോഹിംഗ്യന്‍സും അനുഭവിക്കുന്ന അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന സിനിമയ്ക്ക് റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡാണ് അനുമതി നിഷേധിച്ചത്.
അഭയാര്‍ഥികളെ കുറിച്ചുള്ള സിനിമ വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുമെന്നതിനാലാണ് അനുമതി നല്‍കാത്തത് എന്നാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. സെന്‍സര്‍ബോര്‍ഡിന്റെ ഗൈഡ്‌ലൈന്‍ പ്രകാരം വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിലുള്ള സിനിമകളുടെ അനുമതി നിഷേധിക്കാന്‍ സാധിക്കും എന്നും റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിനിമ ചര്‍ച്ച ചെയ്യുന്നത് അഭയാര്‍ഥികള്‍ അനുഭവിക്കുന്ന യാതനാപൂര്‍ണമായ ജീവിതമാണെന്നും അഭയാര്‍ഥി പ്രശ്‌നത്തില്‍ ഇന്ത്യയെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു വിഷയവും സിനിമയില്‍ ചര്‍ച്ചയായിട്ടില്ലെന്നുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
അതുകൊണ്ടു തന്നെ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്ന പേരില്‍ അനുമതി നിഷേധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നടപടിയാണെന്നും അവര്‍ പറഞ്ഞു. അനുമതി നിഷേധിക്കുന്നതിനാല്‍ സിനിമയുടെ റിലീസിങ്ങ് നടപടി വൈകുന്നതായും അവര്‍ പറഞ്ഞു.
സിനിമയ്ക്ക് സെന്‍സര്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച തീരുമാനം കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവൈവിങ് കമ്മിറ്റിയ്ക്ക് വിട്ടിരിക്കുകയാണെന്നും അതില്‍ അനുമതി ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.