ഫഹദിനും പോത്തേട്ടന്‍സ് ബ്രില്യന്‍സിനും അപ്പുറമെത്തുന്ന ജോജി| Joji Malayalam Movie Review
അന്ന കീർത്തി ജോർജ്

 

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നീ മൂന്ന് പേരും ഒന്നിച്ച ഒരു സിനിമ വീണ്ടും വരുന്നു എന്ന് കേള്‍ക്കുമ്പോഴേ നമ്മുക്കെല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു പ്രതീക്ഷയുണ്ട്, ആ പ്രതീക്ഷകളെല്ലാം പൂര്‍ത്തീകരിക്കുന്നതാണ് ജോജി എന്ന സിനിമ. ചിത്രത്തിന്റെ ചെറിയ ചില സ്പോയിലറുകള്‍ റിവ്യൂവില്‍ കടന്നുവന്നേക്കാം, പക്ഷെ ജോജിയെ മികച്ചതാക്കുന്നതെന്ന് തോന്നിയ ചില കാര്യങ്ങളെ കുറിച്ചാണ് പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത്.

രണ്ട് മണിക്കൂറുള്ള ജോജിയുടെ കഥയെക്കുറിച്ച് മാത്രമായി പറയുകയാണെങ്കില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനാകില്ല. നമുക്ക് അറിയാവുന്ന ഒരു സ്റ്റോറി ലൈനാണത്. അവിടെയാണ് ശ്യാം പുഷ്‌കരന്‍ എന്ന തിരക്കഥാകൃത്തും ദിലീഷ് പോത്തന്‍ എന്ന സംവിധായകനും മാജിക് സൃഷ്ടിക്കുന്നത്. പ്രെഡിക്ടബിള്‍ ആയ സ്റ്റോറിലൈനുള്ള ജോജിയെ ചില സന്ദര്‍ഭങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ, ഡയലോഗുകളിലൂടെ, മേക്ക് ചെയ്തെടുക്കുന്ന രീതിയിലൂടെ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും മികച്ച ചിത്രമാക്കുകയാണ്.

ഷേക്സിപിയറിന്റെ മാക്ബത്തിന്റെ അഡാപ്റ്റേഷനാണ് ജോജിയെന്ന് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സമയത്ത് തന്നെ അണിയറ പ്രവര്‍ത്തര്‍ പറഞ്ഞിരുന്നു. മാക്ബത്ത് വായിച്ചിട്ടുള്ളവര്‍ക്ക് ജോജിയുടെ തുടക്കത്തിലെ കുറച്ച് സമയം കഴിയുമ്പോള്‍ ചിത്രത്തിന്റെ കഥ എങ്ങനെയാകും മുന്നോട്ടുപോകുന്നതെന്ന ഏകദേശ ധാരണ സ്വാഭാവികമായും ലഭിക്കും. എന്നാല്‍ ആ കഥയെ കുറിച്ച് ചിന്തിക്കാന്‍ സമയം നല്‍കാതെ കാണുന്ന ഓരോരുത്തരെയും ചിത്രത്തില്‍ തന്നെ പിടിച്ചിരുത്തി കൊണ്ടുപോകുകയാണ് ജോജി. ഓരോ മിനിറ്റും ആകാംക്ഷ നിറച്ചു തന്നെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.