ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ബോളിവുഡിലേക്ക്. ഇന്ത്യയിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം. വിജയ് ബാബു നിര്‍മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനിയാണ്.
ഹോം പോലെ മനോഹരവും പ്രസക്തവുമായ ഒരു സിനിമ പുനര്‍നിര്‍മിക്കാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകനും സി.ഇ.ഒയുമായ വിക്രം മല്‍ഹോത്ര പറഞ്ഞു.
ഇന്ന് നമ്മള്‍ ജീവിക്കുന്ന ലോകത്തിന്റെ പച്ചയായ ആവിഷ്‌ക്കരണമാണ് ഹോം എന്ന ചിത്രം. ഇത്തരത്തിലുള്ള അര്‍ത്ഥവത്തായ കഥങ്ങള്‍ പറയുന്നതിലും അവ പ്രേക്ഷകരിലേക്കെത്തിക്കുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഹോമിന്റെ ഹിന്ദി പുനരാവിഷ്‌ക്കരണത്തിലൂടെ അത് സാധിക്കുമെന്നാണ് കരുതുന്നത്. അങ്കമാലി ഡയറീസിന് ശേഷം ഫ്രൈഡ ഫിലിംസുമായി വീണ്ടും കൈകോര്‍ക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും വിക്രം മല്‍ഹോത്ര പറഞ്ഞു.
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ കുടുംബബന്ധങ്ങളില്‍ വരുന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ഹോം. ഇത് ഒരു സാര്‍വത്രിക വിഷയമാണ്. ഹിന്ദി റിമേക്കിലൂടെ പാന്‍ ഇന്ത്യ പ്രേക്ഷകര്‍ക്ക് കൂടി ഈ ചിത്രം ആസ്വദിക്കാന്‍ ആകുന്നതില്‍ അതിയായ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കില്‍ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സഹകരിച്ചതിനാല്‍ ഞങ്ങളുടെ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ കഴിവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വിക്രമിനോടും സംഘത്തോടുമൊപ്പം വീണ്ടും കൈകൊര്‍ക്കുന്നതില്‍ സന്തോഷിക്കുന്നു, എന്നാണ് നടനും നിര്‍മാതാവും ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്ഥാപകനുമായ വിജയ് ബാബു പറഞ്ഞത്.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്
ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ഹോമിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.