മൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്ന സിനിമകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരു സിംഹത്തെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍. എസ്രക്ക് ശേഷം ജയ്.കെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്.
തിരുവനന്തപുരത്തെ മൃഗശാലയില്‍ കഴിയുന്ന ദര്‍ശന്‍ എന്ന സിംഹമാണ് ഇതിലെ നായകന്‍. റെജിമോന്‍ എന്ന യുവാവ് അയാളുടെ പ്രണയത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന തെറ്റിദ്ധാരണ കാരണം മദ്യപിച്ച ശേഷം ഈ സിംഹകൂട്ടിലേക്ക് എടുത്തു ചാടുകയാണ്. കുഞ്ചാക്കോ ബോബനാണ് റെജിമോന്‍ നാടാര്‍ എന്ന കഥാപാത്രമായി എത്തുന്നത്. കള്ളുകുടിച്ച ശേഷമുള്ള മാനറിസങ്ങളും മറ്റും അദ്ദേഹം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അതേ മൃഗശാലയില്‍ ജോലി ചെയ്യുന്ന ശിവദാസന്‍ റെജിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ആ സിംഹക്കൂട്ടില്‍ അകപ്പെടുന്നതോടെയാണ് സിനിമ കാണുന്ന പ്രേക്ഷകരില്‍ ആകാംഷ നിറയുന്നത്. ശിവദാസനായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഏറെ നാളിന് ശേഷം സുരാജ് ഒരു നര്‍മം നിറഞ്ഞ കഥാപാത്രമായി എത്തിയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിംഹക്കൂട്ടില്‍ അകപ്പെട്ട റെജിയും ശിവദാസനും എങ്ങനെയാണ് അവിടെ നിന്ന് പുറത്തു കടക്കുന്നതെന്നാണ് സിനിമ കാണിക്കുന്നത്. അവരെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും പൊലീസും നടത്തുന്ന ശ്രമവും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇടപ്പെടുന്നു എന്നതുമാണ് സിനിമ പറയുന്നത്. ഒപ്പം റെജിയുടെയും ഹരിദാസന്റെയും പ്രണയങ്ങളും ചിത്രത്തില്‍ പറയുന്നുണ്ട്.
ശ്രുതി രാമചന്ദ്രന്റെ വേറിട്ട കഥാപാത്രത്തെയും ഗ്ര്‍ര്‍റിലൂടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമായി അവതരിപ്പിക്കുന്ന മഞ്ജു പിള്ളയുടെ കഥാപാത്രവും ഏറെ ശ്രദ്ധനേടുന്നതായിരുന്നു.
ഒരു സാധാരണ ത്രില്ലര്‍ സര്‍വൈവല്‍ ചിത്രമല്ല ഗ്ര്‍ര്‍ര്‍. വേണമെങ്കില്‍ കോമഡി സര്‍വൈവലാണ് ചിത്രമാണെന്ന് പറയാം. തിയേറ്ററില്‍ കാണികളെ ചിലയിടങ്ങളില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. റെജിയെയും ശിവദാസനെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പലയിടങ്ങളിലും ആളുകളെ ചിരിപ്പിക്കാന്‍ സിനിമക്ക് സാധിച്ചു.
ഗ്ര്‍ര്‍റില്‍ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനും പുറമെ മുഴുനീള വേഷം ചെയ്തത് ദര്‍ശന്‍ എന്ന കഥാപാത്രമായി എത്തിയ സിംഹമാണ്. സിനിമയില്‍ കൂട്ടിലെ സിംഹത്തെ കാണിക്കുന്ന രംഗങ്ങള്‍ എടുത്തു പറയേണ്ടത് തന്നെയാണ്.
ആഫ്രിക്കയില്‍ വെച്ച് സിംഹത്തിന്റെ സീനുകള്‍ ചിത്രീകരിച്ച ശേഷം അതിനെ സിനിമയിലെ സീനില്‍ പുനരവതരിപ്പിക്കുകയായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും നായകന്മാരായ കുഞ്ചാക്കോയും സുരാജും വ്യക്തമാക്കിയിരുന്നു. ഹോളിവുഡിലും ബോളിവുഡിലുമടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹമാണ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രം. ആ സിംഹത്തെ മനോഹരമായി തന്നെ കൊണ്ടുവരാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
അനഘ, രാജേഷ് മാധവന്‍, ഷോബി തിലകന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍, രമേഷ് പിഷാരടി, പാര്‍വതി കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഒരോരുത്തരും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ഡോണ്‍ വിന്‍സന്റെ പശ്ചാത്തല സംഗീതം ഗ്ര്‍ര്‍റിന്റെ കഥാഗതിക്ക് ഏറെ യോജിച്ചതായിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. സിനിമയിലെ സിംഹക്കൂടും മറ്റും വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഛായാഗ്രാഹണം നിര്‍വഹിച്ച ജയേഷ് നായരെയും എടുത്തു പറയേണ്ടത് തന്നെയാണ്. ക്ലൈമാക്സിലെ കഥാഗതിയുടെ ചെറിയ വേഗത മാറ്റി നിര്‍ത്തിയാല്‍ കാണികളെ ചിരിപ്പിക്കാന്‍ സാധിച്ച മികച്ച സിനിമയാണ് ഗ്ര്‍ര്‍ര്‍.