| Tuesday, 7th January 2025, 12:22 pm

ഓസ്കറിലെ മികച്ച ചിത്രങ്ങളുടെ ഫൈനൽ റൗണ്ടിലേക്ക് മലയാളത്തിന്റെ 'ആടുജീവിതം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

97ാമത് ഓസ്‌കറിന്റെ ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മികച്ച സിനിമയുടെ ഗണത്തില്‍ ഇരുപത്തിമൂന്ന് സിനിമകളുടെ നോമിനേഷന്‍ പട്ടികയിലാണ് ആടുജീവിതം ഉള്‍പ്പെട്ടിരിക്കുന്നത്.

ഓസ്‌കര്‍  ഫൈനൽ നോമിനേഷന്‍ പട്ടിക തയ്യാറാക്കുന്നത് ഇതില്‍ നിന്നാണ്. അക്കാദമി അംഗങ്ങള്‍ വോട്ടിങ്ങിലൂടെയാണ് അന്തിമ ലിസ്റ്റ് തീരുമാനിക്കുന്നത്. ഇരുപത്തിമൂന്ന് ചിത്രങ്ങളില്‍ നിന്ന് പത്ത് ചിത്രങ്ങള്‍ മാത്രമായിരിക്കും ഫൈനല്‍ റൗണ്ട് നോമിനേഷനില്‍ ഇടം നേടുക.

മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു.

ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് (HMMA) എ.ആര്‍ റഹ്‌മാന് ലഭിച്ചിരുന്നു. എച്ച്.എം.എം.എ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ ആടുജീവിതം രണ്ട് നോമിനേഷനുകള്‍ സ്വന്തമാക്കിയിരുന്നു. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമായിട്ടായിരുന്നു ഈ രണ്ടു നാമനിര്‍ദേശങ്ങളും ആടുജീവിതം നേടിയത്.

Content Highlight: Malayalam Movie Goat Life/aadujeevitham nommineted for best motion picture category in Oscar

Latest Stories

We use cookies to give you the best possible experience. Learn more