| Saturday, 7th January 2023, 2:01 pm

നാട്ടുംപുറത്തെ നിഷ്‌കളങ്കതയും വിഡ്ഢിത്തങ്ങളും ഇനിയും ആഘോഷിക്കപ്പെടേണ്ടതുണ്ടോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാട്ടിന്‍പുറത്തെ സ്ത്രീകള്‍ ബുദ്ധിയില്ലാത്തവരും കൈനിറയെ മണ്ടത്തരവുമുള്ളവരാണോ. ഇത്തരം സ്റ്റീരിയോടൈപ്പിങ്ങിന്റെയൊക്കെ കാലം കഴിഞ്ഞില്ലെ. എവിടെ കഴിയാനാണ്, നമ്മൂടെ സിനിമകള്‍ ഇന്നും ഗ്രാമീണ സ്ത്രീകളെയും വിദ്യാഭ്യാസം കുറഞ്ഞുപോയവരെയൊക്കെയും പ്ലെയിസ് ചെയ്യുന്നത് ഇങ്ങനെ തന്നെയാണ്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ  ‘എന്നാലും ന്റ്റളിയാ’ എന്ന സിനിമ. സിനിമയില്‍ ലെന അവതരിപ്പിക്കുന്ന സുല്‍ഫി അഥവാ സുലു എന്ന കഥാപാത്രം കോഴിക്കോടിന്റെ നാട്ടുംപുറ പ്രദേശത്ത് നിന്നും ദുബായിലെത്തി കുടുംബവുമൊത്ത് താമസിക്കുന്ന സാധാരണ വീട്ടമ്മയാണ്.

എന്താണ് ഈ സാധാരണത്വം, അതേ സിനിമകളിലെ,  പ്രത്യേകിച്ച് മലയാളം സിനിമയിലെ നാട്ടുംപുറത്തെ സ്ത്രീകള്‍ക്ക് കല്‍പ്പിച്ച് നല്‍കിയിട്ടുള്ള വിവരക്കേട്, പൊട്ടത്തരം, എടുത്ത് ചാട്ടം, പൊതുവിടങ്ങളില്‍ പെരുമാറാന്‍ അറിയാതിരിക്കുക തുടങ്ങിയവയാണ് ഈ സാധാരണത്വം.

സിനിമയില്‍ ലെനയുടെ അഭിനയം മികച്ചതായിരുന്നു. എന്നാല്‍ കഥാപാത്ര നിര്‍മിതിയിലേക്ക് വരുമ്പോള്‍ നാട്ടുംപുറത്തെ സ്ത്രീകള്‍ ഇങ്ങനെയാണെന്ന പൊതുബോധം വീണ്ടും ഉൂട്ടിയുറപ്പിക്കുന്നതുപോലെ തോന്നും. സിനിമയില്‍ സിദ്ദീഖാണ് ലെനയുടെ പങ്കാളിയായ കരീം എന്ന കഥാപാത്രത്തിലെത്തുന്നത്. സിനിമ അതിന്റെ ഒരു പകുതി പിന്നിടുമ്പോള്‍ സിദ്ദീഖിന്റെ കഥാപാത്രം സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തോട് പറയുന്നുണ്ട്, അവള്‍ നാട്ടുംപുറത്ത്കാരിയാണ് അതിന്റെ വിവരമേയുള്ളു, ഇവിടെയൊക്ക വന്നിട്ട് അഞ്ചാറ് മാസം ആകുന്നതേയുള്ളു എന്ന്.

 ഗ്രാമീണ സ്ത്രീകള്‍ക്ക് വിവരമില്ലെന്നാണോ നിങ്ങള്‍ പറഞ്ഞുവെക്കുന്നത്. വിശ്വസ്‌നേഹത്തിന്റെ മഹത്തരമായ രാഷ്ട്രീയമൊക്കെ പറയുന്ന ഒരു സിനിമയിലാണ് ഇത്തരത്തില്‍  സ്ത്രീകളെ ഒന്നുമല്ലാതാക്കുന്ന രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വിരോധാഭാസം.

ആദ്യമായിട്ടല്ല ഇത്തരത്തില്‍ സ്ത്രീയുടെ നിഷ്‌കളങ്കത കലര്‍ന്ന മണ്ടത്തരത്തെ സിനിമയില്‍ ആഘോഷിക്കുന്നത്. ഏത് സിനിമയെടുത്ത് നോക്കിയാലും ഇതൊക്കെ നമുക്ക് കാണാം. നായികയെ ക്യൂട്ടാക്കാന്‍ കുറച്ച് മണ്ടത്തരം പറയിക്കുക എന്നത് സിനിമാറ്റിക് ബുദ്ധിയാണല്ലോ. മണ്ടത്തരം പറഞ്ഞില്ലെങ്കില്‍ ഉറപ്പായും കണ്ണീരെങ്കിലും വാര്‍ക്കണം. ഇതല്ലാത്ത നോര്‍മലായ സ്ത്രീകളെ ഇവര്‍ക്ക് പരിചയമില്ലാത്തതാണോ. അതോ ഇങ്ങനെയൊക്കെ മതിയെന്ന തോന്നലാണോ.

അടുത്തകാലം വരെ മലയാള സിനിമകളില്‍ മൊത്തത്തില്‍ നിറഞ്ഞിരുന്ന നില്‍ക്കുന്ന ഒരു പൊതുബോധമായിരുന്ന ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് വരുന്ന മനുഷ്യരെല്ലാം നിഷ്‌കളങ്കരാണെന്നും അവരൊക്കെ വേഗം പറ്റിക്കപ്പെടുമെന്നും, അവര്‍ക്കൊന്നും വലിയ ലോക വിവരമില്ലെന്നുമൊക്കെയാണ് . ഇത്തരം സ്റ്റീരിയോടൈപ്പിങ് അടുത്തിടെയിറങ്ങിയ ചില സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുമുണ്ട്.

അതുകൊണ്ട് തന്നെയാണല്ലോ ഭാര്യയെ റേപ്പ് ചെയ്ത സ്ലീവാച്ചന്‍ ഒറ്റയടിക്ക് പുണ്യാളനാവുന്നത്.  ഇത്തരം നിഷ്‌കളങ്കതയും പൊട്ടത്തരവും ഏറ്റവും കൂടുതല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത് സ്ത്രീകളുടെ പുറത്താണെന്നതാണ് .

മുസ്തഫ സംവിധാനം ചെയ്ത് അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു കപ്പേള.

ആ ചിത്രത്തിലും ഇത്തരത്തിലുള്ള  സ്റ്റീരീയോടൈപ്പിങ് കൃത്യമായി കാണാന്‍ കഴിയും. ഒരു ഫോണ്‍കോളില്‍ വിശ്വസിച്ച് ഇറങ്ങുന്ന പ്ലസ് ടുവൊക്കെ എട്ടുനിലയില്‍ പൊട്ടി നില്‍ക്കുന്ന നായികയേയും കൃത്യമായി പ്ലെയിസ് ചെയ്തിരിക്കുന്നത് എവിടെയാണെന്ന് നോക്കു. ഇത്തരം എല്ലാ സിനിമയിലും അവര്‍ പറയുന്ന കാര്യങ്ങളിലും ചെയ്യുന്ന അബദ്ധങ്ങളിലുമൊക്കെ കോമണ്‍ ഫാക്ടറായി വരുന്നത് ഗ്രാമത്തിന്റെ നിഷ്‌കളങ്കത, അറിവില്ലായ്മ എന്നിവയാണ്.

content highlight: malayalam movie comparison

We use cookies to give you the best possible experience. Learn more