| Tuesday, 8th February 2022, 1:50 pm

മുരുകന്‍ കാട്ടാക്കടയെ 'മുരുകന്‍ നായരാക്കി' മലയാളം മിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയെ മുരുകന്‍ നായരെന്ന് വിശേഷിപ്പിച്ച മലയാളം മിഷന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റെടുത്ത കവിക്ക് സ്വാഗതം അറിയിച്ച് കൊണ്ടുള്ള പോസ്റ്ററിലാണ് അദ്ദേഹത്തെ മുരുകന്‍ നായരെന്ന് വിശേഷിപ്പിച്ചത്. ‘മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം’ എന്നാണ് പോസ്റ്ററിലുള്ളത്. ബ്രാക്കറ്റില്‍ മുരുകന്‍ കാട്ടാക്കട എന്നും നല്‍കിയിട്ടുണ്ട്.

ജാതിപ്പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടാത്ത കവിയുടെ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തതിനെതിരെ വിവധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് വിവിധ അഭിമുഖങ്ങളില്‍ നേരത്തെ കവി വ്യക്തമാക്കിയിരുന്നു. മലയാളം മിഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയും വിഷയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതു സമൂഹത്തില്‍ മുരുകന്‍ കാട്ടാക്കട എന്ന പേരില്‍ അറിയപ്പെടുന്ന ആളിന് ജാതി വാല്‍ നല്‍കിയത് എന്തിനാണ് എന്നാണ് കമന്റുകളില്‍ ചോദിക്കുന്നത്. മുരുകന്‍ നായരെന്ന പേരില്‍ അദ്ദേഹത്തെ ആരും അറിയില്ലെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തക എം.സുല്‍ഫത്തും പരസ്യമായി പ്രതികരണം നടത്തിയിട്ടുണ്ട്. മുരുകന്‍ കാട്ടാക്കട എന്നറിയപ്പെട്ട ഒരാളെ നായരാക്കുന്നതിന്റെ പിന്നിലെ ചിന്ത എന്തായിരിക്കുമെന്നാണ് സുല്‍ഫത്ത് ചോദിക്കുന്നത്. ഫേസ്ബുക്കിലാണ് സുല്‍ഫത്ത് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്. ‘മുരുകന്‍ കാട്ടാക്കട എന്നറിയപ്പെട്ട ഒരാളെ നായരാക്കുന്നതിന്റെ പിന്നിലെ ചിന്ത എന്തായിരിക്കും. ഔദ്യോഗിക നാമം എന്ന് ന്യായീകരിക്കാന്‍ വരട്ടെ. മമ്മൂട്ടിക്കാണെങ്കില്‍ ദിലീപിനാണെങ്കില്‍ ….. അറിയപ്പെടുന്ന പേരല്ലേ പറയൂ. അതേ പറയേണ്ടൂ ജനത്തിന് അതേ അറിയേണ്ടൂ’ എന്നായിരുന്നു സുല്‍ഫത്തിന്റെ പ്രതികരണം.

ഈ തരത്തില്‍ മലയാളം മിഷന്റെ ജാതിവാല്‍ ചേര്‍ത്തുള്ള പോസ്റ്ററിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഡയറക്ടറായി കവി മുരുകന്‍ കാട്ടാക്കട ചുമതലയേറ്റത്.


CONTENT HIGHLIGHTS: Malayalam Mission turns Murugan Kattakada into Murugan Nair

We use cookies to give you the best possible experience. Learn more