| Thursday, 30th March 2017, 8:14 am

ഈ മോശം കാലത്തെയും മലയാള മാധ്യമലോകം അതിജീവിക്കും! എം. അബ്ദുള്‍റഷീദ് എഴുതുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒരര്‍ത്ഥത്തില്‍ നിരന്തരമായ തിരുത്തുകളാണ് മാധ്യമപ്രവര്‍ത്തനം. അതുകൊണ്ടാണ് പത്രം ഓഫിസിലും ചാനല്‍ ഓഫിസിലും എന്നും റിവ്യൂ മീറ്റിംഗ് കൂടുന്നത്. തെറ്റും തിരുത്തും അബദ്ധവും ഒക്കെ ഉണ്ടാവും. അത് ഈ ജോലിയുടെ സ്വഭാവമാണ്. ഈ ജോലി ചെയ്യുന്നവന് മാത്രം മനസ്സിലാകുന്ന ഒന്ന്.


“Journalism is an act of faith in the future.”

എന്ന് പറഞ്ഞത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ Ann Curry ആണ്. മൂന്നു പതിറ്റാണ്ടിലേറെ യുദ്ധഭൂമികളില്‍ നടന്ന്, മനുഷ്യന്റെ കണ്ണീരിനും ചോരയ്ക്കും നടുവില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവപരിചയമാണ് അവരെക്കൊണ്ട് അത് പറയിച്ചത്. ലോകത്തെവിടെയും മാധ്യമപ്രവര്‍ത്തകര്‍ എഴുതിയും പറഞ്ഞും ചെയ്യുന്നത് അതുതന്നെയാണ്, കൂടുതല്‍ നല്ല ഒരു നാളേയ്ക്കായുള്ള വിശ്വാസം സൃഷ്ടിക്കുക.
വമ്പിച്ച മൂലധനവും മാനവശേഷിയും വരുമാനവും ആവശ്യമുള്ള വ്യവസായം ആയിരിക്കെതന്നെ ഏതൊരു മാധ്യമവും, മറ്റൊരു വ്യവസായത്തിനുമില്ലാത്ത ഒരു സാമൂഹിക ദൗത്യം എറിയോ കുറഞ്ഞോ നിര്‍വഹിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ഓരോ ദിവസവും സംവദിക്കുന്നത് സമൂഹത്തോടാണ് എന്നതുകൊണ്ടുതന്നെ അവന്റെ/അവളുടെ ഒരു ചെവി എപ്പോഴും സമൂഹത്തിലേക്ക് തുറന്നിരിക്കണം. സ്വയം കറക്ട് ചെയ്യാനുള്ള ഉപകരണമായി വിമര്‍ശനങ്ങളെ കാണാനും ഗുണപരമായി സംവദിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം. മാധ്യമ നൈതികത സംബന്ധിച്ച ഏതൊരു ചര്‍ച്ചയില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഓടിയൊളിക്കേണ്ടതില്ല. മാത്രമല്ല, മാധ്യമസത്യസന്ധത വലിയൊരു മുദ്രാവാക്യമായി ഉയര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട തൊഴില്‍പരമായ ബാധ്യതകൂടി ഈ കാലത്തു മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.


Also Read: ‘ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല’; മംഗളം ചാനലില്‍ നിന്ന് രാജി വെച്ചതായി മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്


എന്നാല്‍ കേരളത്തിലെ ഫേസ്ബുക്ക് മാധ്യമ വിമര്‍ശനത്തിന്റെ ഒരു പൊതു സ്വഭാവം, മാധ്യമങ്ങളാല്‍ മുന്‍പ് എപ്പോഴോ മുറിവേറ്റ രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാക്കളുടെയോ അന്ധരായ അണികളാണ് ബഹുഭൂരിപക്ഷം മാധ്യമവിമര്‍ശകരും എന്നതാണ്.
സോളാര്‍ കേസ് മാധ്യമങ്ങള്‍ പിന്തുടര്‍ന്നത് കാരണം അധികാരം നഷ്ടമായ ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍, മാധ്യമങ്ങളുടെ മോഡി വിമര്‍ശനത്തില്‍ അസഹിഷ്ണുക്കളായ സംഘ്പരിവാര്‍ അണികള്‍, വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ മാധ്യമങ്ങള്‍ മാത്രം സൃഷ്ടിച്ചതാണെന്നു കരുതുന്ന പിണറായി ഭക്തര്‍ തുടങ്ങി ഇപ്പോള്‍ ജോസ് തെറ്റയില്‍ അനുയായികള്‍ വരെ മാധ്യമവിമര്‍ശനത്തില്‍ സജീവമാണ്. അടിസ്ഥാന മാധ്യമബോധം പോലുമില്ലാത്ത ഈ കക്ഷിരാഷ്ട്രീയ അടിമകള്‍ക്ക് മറുപടി പറയാന്‍ പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സമയം പാഴാക്കുന്നത് കണ്ട് അത്ഭുതം തോന്നുന്നു.

പ്രിയ മാധ്യമ സുഹൃത്തുക്കളെ, കമിഴ്ത്തി വെച്ച കുടത്തിന്മേല്‍ നിങ്ങള്‍ വെറുതെ വെള്ളം കോരുകയാണ്.  സോളാറും ശശീന്ദ്രനും രണ്ടാണെന്നു അറിഞ്ഞുകൊണ്ടുതന്നെ, അത് സമ്മതിക്കാതെ പൊട്ടന്‍ കളിക്കുന്നവരാണ് അവര്‍. അതൊരു രാഷ്ട്രീയാന്ധതയുടെ വിലാപമാണ്. അതിനെ വിട്ടേക്കൂ.
അത്തരക്കാരോട് ആകെ പറയാവുന്നത്, നാളെ ഉമ്മന്‍ചാണ്ടിയുടെ കേസില്‍ വീണ്ടും ഒരു ഉത്തരവ് ഉണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ പിന്തുടരും എന്നുതന്നെയാണ്. കോയമ്പത്തൂരില്‍ അല്ല കാശ്മീരില്‍ ആയാലും കാമറ പിന്നാലെ പോകും. മുഖ്യമന്ത്രിയുടെ ഓഫിസിനെ പിടിച്ചുകുലുക്കുന്ന ഒരു ലൈംഗിക അഴിമതി ആരോപണം ഉയര്‍ന്നാല്‍ കിട്ടാവുന്ന എല്ലാ സോഴ്‌സുകളില്‍നിന്നും അതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നാളെയും തേടുകതന്നെ ചെയ്യും എന്നാണ്. രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹമരണമടക്കം തേയ്ച്ചു മായിച്ചു കളയാന്‍ എല്ലാ ശ്രമവും നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ് ആര് മറന്നാലും മാധ്യമങ്ങള്‍ മറക്കില്ല.


Don”t Miss: ‘മുപ്പതു വര്‍ഷത്തിന്റെ മുഴുപ്പൊന്നും കയ്യിലില്ല, പക്ഷേ മുഴുപ്പങ്ങ് കയ്യില്‍ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട്’; ‘മംഗള’ത്തിന്റെ വാര്‍ത്ത ജനിച്ചത്എങ്ങനെയെന്ന് വിളിച്ച് പറഞ്ഞ് ഹര്‍ഷന്‍


ഒരു പരാതിയുള്ള, ക്രമക്കേടുള്ള ഏതൊരു സംഭവവും ഇനിയുമിനിയും മാധ്യമങ്ങള്‍ പിന്തുടരുകതന്നെ ചെയ്യും. കാരണം നല്ല മാധ്യമപ്രവര്‍ത്തകന്‍ മീഡിയ എത്തിക്‌സ് പഠിക്കുന്നത് ഫേസ്ബുക്ക് നോക്കിയല്ല, തൊഴില്‍ ചെയ്തും അറിഞ്ഞുമാണ്.
കേരളത്തിലെ വാര്‍ത്താമുറികളിലേക്ക് പെണ്‍കുട്ടികള്‍ നട്ടെല്ലോടെ കടന്നുവരാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. പെണ്‍കുട്ടികളെ ന്യുസ്‌റൂമില്‍ എത്തിയ്ക്കാന്‍ പല പത്രങ്ങള്‍ക്കും വര്‍ഷങ്ങള്‍ ആലോചിക്കേണ്ടി വന്നു. ഒടുവില്‍ വന്നിട്ടും അവര്‍ ഒരുപാട് കാലം ലോക്കല്‍ പേജിലും ഏഴാം പേജിലെ ചെറിയ ഏജന്‍സി വാര്‍ത്ത ട്രാന്‍സിലേറ്റ് ചെയ്യാനും മാത്രം നിയോഗിക്കപ്പെട്ടു.

പക്ഷെ ചാനലുകളുടെ വരവ് എല്ലാം മാറ്റി മറിച്ചു. മിടുമിടുക്കികളായ പെണ്‍കുട്ടികള്‍ ആര്‍ജവത്തോടെ ചോദ്യങ്ങള്‍ ചോദിച്ചു കളം സജീവമാക്കി. അനുപമയും ഷാനിയും ഷാഹിനയും വിധുവും വീണയുമൊക്കെ ഒരുപാട് പെണ്‍കുട്ടികള്‍ക്കു മാതൃകയായി. മൈക്കും പേനയും കയ്യിലെടുത്ത് കരളുറപ്പോടെ മിടുക്കികളുടെ വലിയൊരു സംഘം മാധ്യമ പ്രവര്‍ത്തനത്തിന് ഇറങ്ങി. ഇന്നിപ്പോള്‍ അച്ചടി മാധ്യമരംഗത്തും പെണ്ണിനോടുള്ള വിവേചനം ഒരുപാട് കുറഞ്ഞു. “കെട്ടിയോ മേറ്റെണിറ്റി ലീവ് എടുത്തോ പോയിക്കളയും എന്നതുകൊണ്ട് പെണ്‍കുട്ടിയെ ജോലിയ്ക്ക് എടുക്കണ്ട” എന്ന് ഇന്ന് ഒരു മാധ്യമസ്ഥാപനവും പറയുന്നില്ല.

മലയാള മാധ്യമരംഗത്തെ ഈ പെണ്‍മുന്നേറ്റത്തിനിടയില്‍ ഇപ്പോള്‍ മംഗളം അജിത്ത് ഉണ്ടാക്കിവെച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. “പെണ്ണിന് ഇന്റര്‍വ്യൂ തരില്ല ” എന്ന് ഹംസാക്ക പറഞ്ഞത് തുടക്കം മാത്രമാണ്. ഉത്തമ വിശ്വാസത്തോടെ മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ഇനി അറയ്ക്കും. തൊഴിലിന് ആവശ്യമായ വിവരങ്ങളുടെ ഒട്ടനവധി വാതിലുകള്‍ അടയുകയാണ്.
പെണ്ണ് ആണെന്നതുകൊണ്ട് മാത്രം ഇനിയൊരു അഭിമുഖം നിങ്ങള്‍ക്ക് കിട്ടാതെ പോയേക്കാം. മേലില്‍ ബുദ്ധിയുള്ള ഒരു നേതാവും ഫോണില്‍ നിങ്ങളോട് ഒന്നും പറയില്ല.


In Case You Missed: വാക്കിലുറച്ച് വിമാനക്കമ്പനികള്‍; രണ്ടു തവണ അപേക്ഷിച്ചിട്ടും ടിക്കറ്റ് നല്‍കിയില്ല; ജീവനക്കാരനെ തല്ലിയ എം.പി ദല്‍ഹിക്ക് പോയത് കാറില്‍


തീര്‍ന്നില്ല, ആണ്‍കോയ്മയുടെ കേരളം നോക്കിയിരിക്കുകയാണ്, സകല മാധ്യമ പ്രവര്‍ത്തക വനിതകളും തേന്‍ കെണിക്കാരാണ് എന്ന് ലേബല്‍ ചെയ്യാന്‍. അത്തരം പ്രചാരണങ്ങള്‍ എഡിറ്ററില്ലാത്ത സോഷ്യല്‍മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു.
പ്രതിസന്ധികളുടെ കാലമാണിത്.

പക്ഷെ, തീര്‍ച്ചയായും ഈ പ്രതിസന്ധിയെയും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അതിജീവിക്കും. സമയത്തോടുള്ള ഒടുങ്ങാത്ത ഡെഡ്‌ലൈന്‍ പോരാട്ടം, നിലപാടിനും സ്വാതന്ത്ര്യത്തിനുമായുള്ള ആന്തരിക പോരാട്ടങ്ങള്‍, സര്‍വ്വതും കച്ചവടമാകുന്ന ഒരു കാലത്ത് മനുഷ്യപക്ഷത്തു നില്‍ക്കാനുള്ള സമരം.
ഇതിനെല്ലാം പുറമെ ഒരു പോരാട്ടം കൂടി കേരളത്തിലെ യുവ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. കൂലിക്കാരിയായ ഒരു പാവം പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു അയച്ചു ഒരു മന്ത്രിയുമായി സ്വകാര്യ ലൈംഗിക സംഭാഷണം നടത്തി അത് വാര്‍ത്തയാക്കുന്ന ജീര്‍ണ്ണത മാധ്യമ പ്രവര്‍ത്തനമേയല്ല എന്ന് ഉറക്കെ പറയുന്ന സമരമാണ് അത്.

“അത് പറയാന്‍ നിങ്ങള്‍ക്കെന്തു ധാര്‍മികത” എന്നൊക്കെ ചോദിക്കുന്നവനോട് “നീയൊക്കെ പണി ചെയ്യുന്ന തൊഴില്‍ മേഖലകളുടെ ധാര്‍മിക സര്‍ട്ടിഫിക്കറ്റ് ആദ്യം കാണട്ടെ” എന്നെ പറയാനുള്ളൂ.
ഒരര്‍ത്ഥത്തില്‍ നിരന്തരമായ തിരുത്തുകളാണ് മാധ്യമപ്രവര്‍ത്തനം. അതുകൊണ്ടാണ് പത്രം ഓഫിസിലും ചാനല്‍ ഓഫിസിലും എന്നും റിവ്യൂ മീറ്റിംഗ് കൂടുന്നത്. തെറ്റും തിരുത്തും അബദ്ധവും ഒക്കെ ഉണ്ടാവും. അത് ഈ ജോലിയുടെ സ്വഭാവമാണ്. ഈ ജോലി ചെയ്യുന്നവന് മാത്രം മനസ്സിലാകുന്ന ഒന്ന്.


Also Read: വര്‍ക്കലയില്‍ നാലര വയസുകാരി ലൈംഗിക പീഡനത്തിനിരയായി; കേസെടുത്തെങ്കിലും കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാതെ പൊലീസ്


ഓരോ വീഴ്ചയും മാധ്യമ പ്രവര്‍ത്തകരെ, സ്ഥാപനങ്ങളെ കൂടുതല്‍ സൂക്ഷ്മതയുള്ളവര്‍ ആക്കും. ആ സ്വയം വിമര്‍ശനവും അതുവഴി ഉണ്ടാകുന്ന ജാഗ്രതയുമാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്റെ/മാധ്യമപ്രവര്‍ത്തകയുടെ കരുത്ത്. ഒന്നിനുവേണ്ടിയും ഈ തൊഴിലിനെ ദുരുപയോഗം ചെയ്യുന്നില്ല എന്ന മനഃസാക്ഷിയുടെ ഒരുറപ്പു മാത്രം മതി.

മറ്റൊന്നും, മാധ്യമ നിലപാടോ ധാര്‍മികതയോപോലും പലപ്പോഴും മാധ്യമപ്രവര്‍ത്തകന്റെ നിയന്ത്രണത്തില്‍ അല്ല എന്ന് ഈ പണി ചെയ്യുന്നവര്‍ക്ക് എങ്കിലുമറിയാം.
പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ കാര്യം മുതല്‍ റേഷന്‍ കാര്‍ഡ് കിട്ടാത്ത പരാതിയുമായി വരെ ബ്യുറോകളില്‍ എത്തുന്ന പാവങ്ങള്‍, ഓരോ ഓഫീസിലെയും മനസാക്ഷിക്ക് നിരക്കാത്ത അഴിമതികള്‍ വിളിച്ചു പറഞ്ഞുതരുന്ന താഴെ തട്ട് ജീവനക്കാര്‍, സര്‍വോപരി നല്ല മാധ്യമ സാക്ഷരതയുള്ള ഒരു വായനാ/പ്രേക്ഷക സമൂഹം… അത്തരക്കാരാണ് കേരളത്തിലെ വിപുലമായ മാധ്യമലോകത്തെ നിലനിര്‍ത്തുന്നത്.

പല നിലപാടുകളും നയങ്ങളുമുള്ള പ തിനഞ്ചോളം ചാനലുകളും അത്ര തന്നെ പത്രങ്ങളും നിലനില്‍ക്കുന്നത്, ഈ മാധ്യമ ബഹുസ്വരതയെ കാക്കുന്നത് പ്രതികരണ ശേഷിയുള്ള ഒരു സാക്ഷര സമൂഹമാണ്.
അവര്‍ മംഗളം അജിത്തിനെയൊക്കെ വൈകാതെ ചവിട്ടി പുറത്താക്കുക തന്നെ ചെയ്യും. ഓര്‍ക്കണം, ക്രൈമും കിന്നാരത്തുമ്പികളും മുത്തുചിപ്പിയും താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നു.
മലയാള മാധ്യമ ലോകവും മാധ്യമ പ്രവര്‍ത്തകരും സമൂഹവും മംഗളം അജിത്തിന്റെ ഹണിട്രാപ്പില്‍ വീഴില്ല. അഥവാ വീണാല്‍ പിന്നെ മാധ്യമങ്ങള്‍ ഇല്ല!

Latest Stories

We use cookies to give you the best possible experience. Learn more