| Thursday, 23rd May 2013, 7:33 pm

ഭാഷകളില്‍ ശ്രേഷ്ഠനായി ഇനി മലയാളവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യുദല്‍ഹി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചു.  മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാനുള്ള കേരളത്തിന്റെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.[]

നിലവില്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷ പദവിയുണ്ട്.  മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി നല്‍കണമെന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷസിമതി
നേരത്തെതന്നെ ശുപാര്‍ശ ചെയ്തിരുന്നതാണ്.

എന്നാല്‍ രണ്ടായിരം വര്‍ഷത്തെ പഴക്കമില്ലെന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നതിനുള്ള ശുപാര്‍ശ വിദഗ്ദ സമതി തള്ളുകയായിരുന്നു.

ദ്രാവിഡ ഭാഷാ പണ്ഡിതന്‍ വി.എച്ച്. കൃഷ്ണമൂര്‍ത്തിയുടെ എതിര്‍പ്പിനേത്തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യം വിദഗ്ദ സിമിതി അന്ന് തള്ളിയത്. എന്നാല്‍ മലയാള ഭാഷയുടെ പഴക്കത്തെയും, മലയാള ഭാഷ നല്‍കിയ സംഭാവനകളെ കുറിച്ചും കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇതിന് പുറമെ കേരളത്തിന് പറയാനുള്ളത്  കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ആരോപിച്ച്   കേരള സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ കണ്ടിരുന്നു.

കേരളം നിയോഗിച്ച സിമിതിയുടെ പഠന  റിപ്പോര്‍ട്ടും, രാഷ്ട്രീയ സമ്മര്‍ദ്ദവുമായപ്പോള്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു.

ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതോടെ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം എന്ന പേരില്‍ സംസ്ഥാനത്ത് പഠനകേന്ദ്രം തുടങ്ങാനാവും. കൂടാതെ മലയാളവുമായി ബന്ധപ്പെട്ട ഗവേഷണവും പഠനവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുള്ള പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യും. കാസര്‍ഗോഡ് സ്ഥാപിച്ചിരിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ മലയാളത്തിനായി പ്രത്യേക ചെയര്‍ രൂപീകരിക്കാന്‍ സാധിക്കും.

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു.

ഈ ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more