| Friday, 9th December 2022, 10:24 am

മലയാളം ഇന്‍ഡസ്ട്രി റിയലിസ്റ്റിക് സിനിമകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു, ഒരിടത്ത് തന്നെ നിന്നാല്‍ ഇന്‍ഡസ്ട്രി നിശ്ചലമാവും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വം പോലെയുള്ള സിനിമകളുടെ അഭാവം മലയാളം ഇന്‍ഡസ്ട്രിയിലുണ്ടായിരുന്നു എന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളം ഇന്‍ഡസ്ട്രി റിയലിസ്റ്റിക് സിനിമകള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന നിലയിലായെന്നും ഒരു ഴോണറില്‍ തന്നെ നിന്നാല്‍ ഇന്‍ഡസ്ട്രി തന്നെ നിശ്ചലമായി പോവുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗലാട്ട പ്ലസിന്റെ മെഗാ റൗണ്ട് ടേബിളിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

‘ഭീഷ്മ പര്‍വ്വം പോലെയുള്ള സിനിമകള്‍ പ്രേക്ഷകര്‍ മിസ് ചെയ്യുന്നുണ്ടായിരുന്നു. സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നമ്മള്‍ ഹീറോയാണെന്ന് തോന്നും. ഞാനാണ് മൈക്കിള്‍ എന്ന് എനിക്ക് തോന്നി. ഇത് ക്ലിക്കാവുമെന്ന് അമല്‍ നീരദിന് ഉറപ്പായിരുന്നു. ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ് ചെയ്യുകയായിരുന്നു.

വാപ്പച്ചി ആ കഥാപാത്രം പൂര്‍ണമായും അദ്ദേഹത്തിന്റേതാക്കി. ആ സ്വാഗ് കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. കുറെ നാളായി ഇത് മിസ്സിങ്ങായിരുന്നു. ഞങ്ങള്‍ റിയലിസ്റ്റിക്ക് സിനിമയിലേക്ക് തന്നെയായി പോയിരുന്നു. വാപ്പച്ചി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ മാസ് കഥാപാത്രങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ അദ്ദേഹത്തെ ആ പഴയ മാസ് ലുക്കില്‍ തന്നെ എത്തിക്കുമ്പോള്‍ വളരെ സന്തോഷം തോന്നി. ബോള്‍ട്ട് ക്യാമറ ഉപയോഗിച്ചുള്ള ഫൈറ്റ് കണ്ട് ഞാന്‍ ആവേശഭരിതനായി. എനിക്ക് കരയാനൊക്കെ തോന്നി. അമലിനെ കെട്ടിപ്പിടിക്കാന്‍ തോന്നി,’ ദുല്‍ഖര്‍ പറഞ്ഞു.

മറ്റ് ഇന്‍ഡസ്ട്രികള്‍ എപ്പോഴും മലയാളം സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക്കാണെന്ന് പറയുമ്പോള്‍ നിങ്ങള്‍ മാസ് സിനിമകള്‍ മിസ് ചെയ്തിരുന്നു എന്ന് പറയുന്നത് വളരെ കൗതുകകരമാണെന്നാണ് അവതാരകനായ ഭരദ്വാജ് രംഗന്‍ പറഞ്ഞത്.

ഒരു ഴോണറില്‍ തന്നെ നിന്നാല്‍ ആ ഇന്‍ഡസ്ട്രി നിശ്ചലമായി പോകുമെന്നാണ് ഇതിനോട് ദുല്‍ഖര്‍ പ്രതികരിച്ചത്. പതിവ് രീതികളെ ബ്രേക്ക് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്കും അതില്‍ പുതുമ തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറിന് പുറമേ സംവിധായകരായ കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ഹേമന്ത് റാവോ, നിപുണ്‍ ധര്‍മാധികാരി, അഭിനേതാക്കളായ പൂജ ഹെഗ്‌ഡേ, വരുണ്‍ ധവാന്‍, കാര്‍ത്തി, ശ്രീനിധി ഷെട്ടി എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ പല ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ റൗണ്ട് ടേബിളില്‍ പങ്കെടുത്തിരുന്നു.

Content Highlight: Malayalam industry is focused on realistic films, industry will stagnate if it stays at one place, says Dulquer Salmaan

We use cookies to give you the best possible experience. Learn more