| Sunday, 1st March 2020, 12:49 pm

'സമക്ഷത്തിങ്കലേക്ക്, ദയവുണ്ടായി, വിനീതമായി അപേക്ഷിക്കുന്നു'; രാജഭരണത്തെ ഓര്‍മ്മിപ്പിച്ച് സര്‍ക്കാര്‍ അപേക്ഷാ ഫോമുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ രേഖകളില്‍ ഉപയോഗിക്കുന്ന മലയാളം പുരാതന രാജഭരണകാലത്തിലേതാണെന്ന് വിമര്‍ശനം ഉയരുന്നു. ഭരണഭാഷ മലയാളമാക്കിയ ശേഷം സര്‍ക്കാര്‍ ഓഫീസുകളിലെ അപേക്ഷ ഫോമുകളടക്കം മലയാളത്തിലാക്കിയിരുന്നു. പക്ഷെ ഈ അപേക്ഷകളില്‍ ഉപയോഗിക്കുന്ന ഭാഷയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ദി ക്രിട്ടികിന്റെ എഡിറ്ററായ ഗോപിനാഥ് ഫേസ്ബുക്കില്‍ പങ്കുവെച്ച തണ്ടപേര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഫോമാണ് ഇപ്പോള്‍ ഭരണഭാഷയിലെ അധികാര സ്വഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്.

‘അവര്‍കളുടെ സമക്ഷത്തിങ്കലേക്ക്, മേലധികാരത്തിലെ ദയവുണ്ടായി, അനുവദിച്ച് തരാന്‍ വിനീതമായി അപേക്ഷിക്കുന്നു, ബോധിപ്പിക്കുന്ന അപേക്ഷ’ എന്നിങ്ങനെയുള്ള വാക്കുകളാണ് അപേക്ഷയിലുള്ളത്. ഇതെന്താ രാജഭാരണമാണോയെന്നും ഇങ്ങനെയാണോ ഭരണഭാഷ മലയാളമാക്കേണ്ടതെന്നുമുള്ള ചോദ്യമുന്നയിച്ചുകൊണ്ടാണ് അപേക്ഷയുടെ ചിത്രം പങ്കുവെച്ചത്.

മലയാളമായാലും ഇംഗ്ലിഷായാലും അധികാരികള്‍ ജനാധിപത്യത്തിന്റെ ഭാഷ പഠിക്കണമെന്ന് ചിലര്‍ ഇതിനോട് പ്രതികിരച്ചു. ഇത് ടൈപ്പ് ചെയ്തത് പഴയ പൊലീസുകാര്‍ വല്ലവരുമായിരിക്കുമെന്നും അവിടെ ലീവ് പേപ്പര്‍ മുതല്‍ സംബോധന വരെ ഈ ഭാഷയിലാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more