| Monday, 16th April 2012, 5:10 pm

സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷന് അനധികൃത ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍; ലൈക്ക്‌സിനും പോസ്റ്റിനും ഈടാക്കുന്നത് ലക്ഷങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫെയ്‌സ്ബുക്കില്‍ സിനിമയുമായി ബന്ധപ്പെട്ട് പോസ്റ്റ് ലൈക്ക് ചെയ്താല്‍ എത്ര രൂപ കിട്ടുമെന്ന് ഊഹിക്കാമോ, സംശയിക്കേണ്ട നിങ്ങളുടെ ചെറിയൊരു ക്ലിക്കിലൂടെ ചിലര്‍ നേടുന്നത് ലക്ഷങ്ങളാണ്. വിശ്വസിക്കാന്‍  ബുദ്ധിമുട്ടുണ്ടല്ലേ? മലയാള സിനിമകളുടെ ഓണ്‍ലൈന്‍ പ്രമോഷനായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് സിനിമാ രംഗത്തുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്.

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ പ്രയോജനമാണ് ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത്. ഒരു സിനിമയെ പ്രശംസിച്ചുകൊണ്ട് നൂറോളം റിവ്യൂകളും, അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഫെയ്‌സ്ബുക്കില്‍ 1500 ലധികം ലൈക്കും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇത്തരം ഗ്രൂപ്പുകള്‍ സിനിമാ നിര്‍മാതാക്കളെയും സംവിധായകരെയും സമീപിക്കുകയാണ് ചെയ്യുന്നത്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഇതിനായി അവര്‍ വാങ്ങുന്നത്.

ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയില്‍ ഇത്തരം ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ തന്നെ സമീപിച്ചിരുന്നതായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

” ഗ്രാന്റ്മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സമയത്ത് ഓണ്‍ലൈന്‍ പ്രമോഷന്‍ ഏറ്റെടുക്കാമെന്നുറപ്പ് നല്‍കി രണ്ട് ഗ്രൂപ്പുകള്‍ എന്നെ കാണാനെത്തി. 1000 ലൈക്കും, ആദ്യ നൂണ്‍ ഷോയ്ക്കുശേഷം ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലിടുകയും ചെയ്യാമെന്നാണ് ആദ്യ ഗ്രൂപ്പ് വാഗ്ദാനം നല്‍കിയത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പോസിറ്റീവ് റിവ്യൂകള്‍ പ്രസിദ്ധീകരിക്കാമെന്നും അവര്‍ എന്നോട് പറഞ്ഞു.” ഉണ്ണികൃഷ്ണന്‍ പറയുന്നു.

ആദ്യ ഷോയ്ക്ക് തന്നെ 50 യുവാക്കളെ തിയ്യേറ്ററില്‍ കയറ്റാമെന്നും അവരെക്കൊണ്ട് കയ്യടിപ്പിക്കുകയും തിയ്യേറ്ററില്‍ ആവേശമുണ്ടാക്കുകയും ചെയ്യാമെന്നുമായിരുന്നു രണ്ടാമത്തെ ഗ്രൂപ്പിന്റെ വാഗ്ദാനം. ആദ്യത്തെയാളുകള്‍ മൂന്നുലക്ഷവും രണ്ടാമത്തെ ഗ്രൂപ്പ് അഞ്ച് ലക്ഷവുമാണ് എന്നോട് ചോദിച്ചത്. ഞാന്‍ രണ്ടുപേരോടും നോ പറഞ്ഞു. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ പുറത്തിറങ്ങിയ രണ്ട് വലിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഈ ഓഫര്‍ സ്വീകരിച്ചാണ് വിജയം കൊയ്തതെന്നും അവര്‍ എന്നോട് പറഞ്ഞു. ” ഉണ്ണകൃഷ്ണന്‍ വ്യക്തമാക്കി.

കോക്ക്‌ടെയ്ല്‍, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍കുമാറും ഈ വെളിപ്പെടുത്തല്‍ ശരിവെച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ചില അനധികൃതക ഗ്രൂപ്പുകള്‍  ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറയുന്നു. ” ഈ ഗ്രൂപ്പുകളൊന്നും ഫെയ്ക്കല്ല. ഗൂഗിളുമായി ടൈ അപ്പുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് യൂണിറ്റുകളാണിവ. ഓണ്‍ലൈന്‍ പ്രമോഷന്‍ ഗ്രൂപ്പുകള്‍ യാഥാര്‍ത്ഥമാണെന്ന് സിനിമാ നിര്‍മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ” അരുണ്‍കുമാര്‍ പറയുന്നു.

” ഒരു സിനിമയ്ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ ലൈക്കിന് പണം അവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സ്വഭാവികമായും അവര്‍ക്ക് ഡിസ് ലൈക്ക് എന്ന ബട്ടന്‍ ഉണ്ടാക്കി ഒരു സിനിമയെ ഇകഴ്ത്താനും കഴിയും. നിര്‍മാതാവിനെ ഇന്റര്‍നെറ്റിനെക്കുറിച്ച് നന്നായി അറിയില്ലെങ്കില്‍ അവര്‍ക്ക് പ്രമോഷനായി ഫെയ്ക്ക് സൈറ്റുകള്‍ ഉണ്ടാക്കി സര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷനിലൂടെ അവരുടെ റിവ്യൂവിനെ ടോപ്പിലേക്ക് കൊണ്ടുവരാനാവും. ” സംവിധായകന്‍ ആഷിക് അബു പറയുന്നു.

We use cookies to give you the best possible experience. Learn more