തട്ടത്തിൻ മറയത്തിലെ വിനോദ് പറയുന്ന ‘ വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം പാതിരാക്കാറ്റുണ്ട് ‘ എന്ന ഡയലോഗ് വളരെ ആഴത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ കയറിയത്. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ പയ്യന്നൂർ, തലശ്ശേരി, ബ്രണ്ണൻ കോളേജ് തുടങ്ങിയ സ്ഥലങ്ങളെ പ്രേക്ഷകർക്ക് വളരെ റിലേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്.
ഇത്തരത്തിൽ വടക്കൻ കേരളത്തെ കൂടുതലായി കാണിക്കുന്ന സിനിമകൾ ഈയിടെയായി മലയാളത്തിൽ ഒരുപാട് ഇറങ്ങുന്നുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും പുതിയ എൻട്രിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന പേരിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രം കാസർകോടിലെ ചീമേനി എന്ന സ്ഥലത്തെയായിരുന്നു പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തത്. ചിത്രം വലിയ രീതിയിൽ തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടു. സുരേശന്റെയും സുമലതയുടെയും കഥയിലേക്ക് വരുമ്പോൾ ഇവിടെ മൂന്ന് കാലത്തെ കഥകൾക്കൊപ്പം പയ്യന്നൂരിനെയാണ് സംവിധായകൻ കാണിക്കുന്നത്.
രതീഷ് ബാലകൃഷ്ണന്റെ ആദ്യ ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പനും വടക്കൻ മലബാറിനെയായിരുന്നു കഥക്കായി തെരഞ്ഞെടുത്തത്.
മലയാളത്തിൽ മുമ്പും വടക്കൻ കേരളത്തിന്റെ കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും ഭാഷയിലും അവതരണത്തിലുമെല്ലാം പക്ക തലശ്ശേരി, കണ്ണൂർ ടച്ച് കൊണ്ടുവരുന്നത് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത് എന്നിവയാണ് എന്ന് പറയേണ്ടി വരും. വിനീതിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഒരു വടക്കൻ സെൽഫിയും തലശ്ശേരിയിലെ ഉമേശിന്റെ കഥയാണ് പറഞ്ഞത്.
തുടർന്നിങ്ങോട്ട് മലയാള സിനിമ കണ്ടത് തുടർച്ചയായി വടക്കൻ ടച്ചുള്ള സിനിമകൾ ആയിരുന്നു. ഇവയിൽ പലതും മലയാളത്തിലെ മികച്ച സിനിമകൾ ആയിരുന്നു. മേഡ് ഇൻ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങി നിരവധി അവാർഡുകൾ വാരി കൂട്ടിയ ചിത്രമായിരുന്നു തിങ്കളാഴ്ച്ച നിശ്ചയം. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസകൾ നേടിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രവും കാഞ്ഞങ്ങാടിന്റെ കഥയാണ് പറഞ്ഞത്.
സിബി മലയിലിന്റെ സംവിധാനത്തിൽ ഇറങ്ങിയ കൊത്ത്, ആസിഫ് അലിയുടെ തന്നെ മറ്റൊരു ചിത്രമായ കക്ഷി അമ്മിണിപിള്ള, പ്രണയ വിലാസം തുടങ്ങി ഇനിയും നീളുന്നുണ്ട് ഈ ലിസ്റ്റ്.
മദനോത്സവം, ഈട, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങി നിരവധി മികച്ച ചിത്രങ്ങളാണ് വടക്കൻ മലബാറിനെ ലൊക്കേഷനാക്കി സിനിമകൾ ഒരുക്കിയിട്ടുള്ളത്. കാസർഗോൾഡ്, വീണ്ടും കണ്ണൂർ എന്നിങ്ങനെ സ്ഥലപേരുകളുമായി ചേർന്ന് നിൽക്കുന്ന പേരിലും സിനിമകൾ ഇറങ്ങിയിട്ടുണ്ട് എന്നതാണ് രസമുള്ള കാര്യം.
കുറച്ച് കൂടെ ഇപ്പുറത്തേക്ക് വന്നാൽ കോഴിക്കോട്, മലപ്പുറം എന്നീ സ്ഥലങ്ങളെയും ചുറ്റിപറ്റി നിരവധി സിനിമൾ ഇറങ്ങുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ, തല്ലുമാല, കെ. എൽ. 10 പത്ത്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്.
മലയാള സിനിമ ഒരു സമയത്ത് വടക്കൻ കേരളത്തെ തീർത്തും അവഗണിച്ചിരുന്നുവോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. ഡയലോഗുകളിൽ പോലും വടക്കൻ കേരളത്തിന്റെ രീതികൾ വരാൻ തുടങ്ങിയത് ഈയിടെയാണ്.
കോഴിക്കോടിലെയോ കണ്ണൂരിലെയോ കഥ പറയുന്ന ചിത്രങ്ങളിലും തെക്കൻ ഭാഷ സംസാരിക്കുന്ന പ്രധാന താരങ്ങളെ മാത്രം കണ്ടിരുന്നിടത്തു നിന്ന് മലയാള സിനിമ ഇന്ന് ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിട്ടുണ്ട്. അതു തന്നെയാണ് ഈ സിനിമകൾക്കെല്ലാം കേരളമൊട്ടാകെ കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്.
Content Highlight: Malayalam Films Based On North Kerala