വർഷങ്ങൾക്ക് ശേഷം, നടികർ.. സിനിമക്കുള്ളിലെ സിനിമ പിടിത്തം വീണ്ടും ആവർത്തിക്കുമ്പോൾ
Entertainment
വർഷങ്ങൾക്ക് ശേഷം, നടികർ.. സിനിമക്കുള്ളിലെ സിനിമ പിടിത്തം വീണ്ടും ആവർത്തിക്കുമ്പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 5:47 pm

സിനിമയ്ക്കുള്ളിൽ സിനിമ പിടിക്കുന്ന കഥകളുമായി മലയാള ചിത്രങ്ങൾ മുമ്പ് ഒരുപാട് വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും ലേറ്റസ്റ്റ് എൻട്രിയാണ് നടികർ. ഡേവിഡ് പടിക്കൽ എന്ന സൂപ്പർസ്റ്റാറിന്റെ കഥ പറയുന്ന ചിത്രമാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് ഡേവിഡ് പടിക്കലായി എത്തുന്നത്.

സിനിമക്കുള്ളിലെ സിനിമ എന്ന് പറയുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്നത് സിനിമ സംവിധാനം ചെയ്യാൻ മോഹിക്കുന്ന ഉദയഭാനുവിനെയും സരോജ് കുമാറിനെയും ആയിരിക്കും. ഉദയനാണ് താരമായിരുന്നു അത്തരത്തിൽ വലിയ രീതിയിൽ സിനിമയുടെ പിന്നണി കാഴ്ച്ചകൾ തുറന്ന് കാട്ടിയ സിനിമ.

രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയും ഈ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ്. പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ, സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു തിരക്കഥ.

ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം അല്ലെങ്കിലും സരോജ് കുമാർ എന്ന കഥാപാത്രം വീണ്ടും വന്ന സിനിമയായിരുന്നു പത്മശ്രീ ഡോ. ഭരത് ലെഫ്റ്റനെന്റ് കേണൽ സരോജ് കുമാർ. ചിത്രത്തിലും സിനിമയ്ക്കുള്ളിൽ സിനിമ പിടുത്തം ആയിരുന്നു കാണിച്ചിരുന്നത്.

മമ്മൂട്ടിയെ നായകനാക്കി മാർട്ടിൻ പ്രകാട്ട് ആദ്യമായി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടർ എന്ന ചിത്രവും ഇത്തരത്തിൽ ഇറങ്ങി വലിയ വിജയമായ സിനിമയായിരുന്നു. ഒരു നടനാവാൻ ആഗ്രഹിക്കുന്ന മോഹൻ എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

ജെ.സി. ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കിയ പൃഥ്വിരാജ് ചിത്രം സെല്ലുലോയ്ഡും ഈ കൂട്ടത്തിൽ എടുത്ത് പറയേണ്ടതാണ്. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം മികച്ച ഒരു ബയോപിക്ക് കൂടെയായിരുന്നു.

ഫഹദ് ഫാസിൽ നായകനായി എത്തിയ മൺസൂൺ മാംഗോസ് എന്ന ചിത്രം വ്യത്യസ്തമായ ഒരു പരീക്ഷണം ആയിരുന്നു. എന്നാൽ ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു.

ടൊവിനോ തോമസ് ചിത്രം ആൻഡ്‌ ദി ഓസ്കർ ഗോസ്ടൂ, വിനീത് ശ്രീനിവാസൻ ചിത്രം ഒരു സിനിമാക്കാരൻ, ലാലിന്റെ സീൻ ഒന്ന് നമ്മുടെ വീട് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിനിമ അണിയറകളിലെ കഥകൾ പറഞ്ഞ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

ഇപ്പോൾ തിയേറ്ററിൽ എത്തിയിരിക്കുന്ന ടൊവിനോ ചിത്രം നടികറും അത്തരത്തിൽ കഥ പറയുന്ന സിനിമയാണ്. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ കഥ പറയുന്ന സിനിമ ഒരു സിനിമ നിർമിക്കുന്ന നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോവുന്നുണ്ട്. ലാൽ ജൂനിയറിന്റെ തന്നെ മുമ്പത്തെ ചിത്രമായ ഡ്രൈവിങ് ലൈസൻസും ഒരു സൂപ്പർ സ്റ്റാറിന്റെ കഥ പറഞ്ഞു കയ്യടി നേടിയിരുന്നു.

ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കുശേഷമാണ് മറ്റൊരു വലിയ ഉദാഹരണം. മലയാള സിനിമ ഉള്ളിടത്തോളം കാലം ഈ പ്ലോട്ടിൽ സിനിമകൾ ഇറങ്ങുമെന്ന് ഉറപ്പാണ്.

Content Analysis: Malayalam Films Based On Film Productions