| Tuesday, 10th October 2023, 5:04 pm

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി 'തടവ്': മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’. മത്സര വിഭാഗത്തില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

സൗത്ത് ഏഷ്യയില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തില്‍ അധികം എന്‍ട്രികളില്‍ നിന്ന് പതിനാല് ചിത്രങ്ങള്‍ മാത്രമാണ് മത്സര വിഭാഗത്തില്‍ ഇടം പിടിച്ചത്.

കഴിഞ്ഞ വര്‍ഷം ടോവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’യായിരുന്നു ഫെസ്റ്റിവല്‍ ഓപ്പണ്‍ ചിത്രം.

എഫ്.ആര്‍. പ്രൊഡക്ഷന്‍സിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്‌സിന്റെയും ബാനറില്‍ ഫാസില്‍ റസാഖ്, പ്രമോദ് ദേവ് എന്നിവര്‍ നിര്‍മിച്ച് ഫാസില്‍ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്'(The Sentence).

ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ മുംബൈയില്‍ വെച്ച് നടക്കുന്ന മേളയില്‍ 70 ഭാഷകളില്‍ നിന്നായി 250ല്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

പുതുമുഖങ്ങളായ ബീന ആര്‍. ചന്ദ്രന്‍, സുബ്രഹ്‌മണ്യന്‍, അനിത എം.എന്‍, വാപ്പു, ഇസ്ഹാക്ക് മുസാഫിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. നാല്‍പ്പതിലധികം പുതുമുഖങ്ങള്‍ അഭിനയിച്ച ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്.

ഛായാഗ്രഹണം മൃദുല്‍ എസ്., എഡിറ്റിങ് വിനായക് സുതന്‍, ഓഡിയോഗ്രഫി ഹരികുമാര്‍ മാധവന്‍ നായര്‍, സംഗീതം വൈശാഖ് സോമനാഥ്, ഫൈനല്‍ മിക്‌സ് റോബിന്‍ കുഞ്ഞിക്കുട്ടി എം.പി.എസ്.ഇ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോയാണ് ഫെസ്റ്റിവലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. നിത അംബാനി ഫെസ്റ്റിവല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ സഹ അധ്യക്ഷയാണ്. മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര, പി.വി.ആര്‍. സിനിമാസ് ചെയര്‍പേഴ്സണ്‍ അജയ് ബിജിലി, സോയ അക്തര്‍, വിക്രമാദിത്യ മോത്വാനെ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, ഇഷ അംബാനി തുടങ്ങിയവര്‍ ട്രസ്റ്റിയില്‍ ഉള്‍പ്പെടുന്നു.

Content Highlight: Malayalam film ‘Tadav’ has made it to Jio Mami Mumbai Film Festival

We use cookies to give you the best possible experience. Learn more