| Sunday, 31st July 2022, 7:17 pm

മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒഫീഷ്യല്‍ സെലക്ഷന്‍; വേള്‍ഡ് പ്രീമിയറിന് ഒരുങ്ങി പുല്ല്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

44-ാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒഫീഷ്യല്‍ സെലക്ഷന്‍ നേടി മലയാള ചലച്ചിത്രം പുല്ല് – റൈസിങ്. റിലീജിയസ് പൊളിറ്റിക്‌സ് സംസാരിക്കുന്ന സിനിമ ഇതിനോടകം തന്നെ പതിനൊന്നോളം ചലച്ചിത്രമേളകളില്‍ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നവാഗതനായ അമല്‍ നൗഷാദാണ് ചിത്രത്തിന്റെ സംവിധാനം.

ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ റഷ്യയിലെ മോസ്‌കോവില്‍ വെച്ച് നടക്കുന്ന മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ ചലച്ചിത്രമേളകളില്‍ ഒന്നാണ്. അതിനാല്‍ തന്നെ സിനിമയും സിനിമ സംസാരിക്കുന്ന വിഷയവും ലോകസിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ചുരുളി, ബിരിയാണി എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുര്‍ജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് വേണുഗോപാല്‍, ക്രിസ്റ്റിന ഷാജി, വൈശാഖ് രവി, ഹരിപ്രസാദ്, കുമാര്‍ സേതു തുടങ്ങിയവര്‍ മറ്റു സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

സിനായി പിക്ചര്‍സിന്റെ ബാനറില്‍ തോമസ് അജയ് എബ്രഹാം, നിഖില്‍ സേവ്യര്‍, ദീപിക തയാല്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചായഗ്രഹണം നിസ്മല്‍ നൗഷാദ്, പശ്ചാത്തലസംഗീതം സഞ്ജയ് പ്രസന്നന്‍ തുടങ്ങിയവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Malayalam film Pullu – Rising has won the official selection for the Moscow International Film Festival

We use cookies to give you the best possible experience. Learn more