| Saturday, 10th March 2012, 5:09 pm

വിവാദപ്രമേയവുമായി ശരത്തിന്റെ പറുദീസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍. ശരത് അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം ഗൗരവമുള്ളതായിരുന്നു. ഇപ്പോഴിതാ വിവാദമാകുന്ന ഒരു ചിത്രവുമായിട്ടാണ് ശരത് കടന്നുവരുന്നത്. പറുദീസയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തന്റെ ആദ്യത്തെ ജനകീയ ചിത്രം എന്നാണ് ശരത് പറുദീസയെ വിശേഷിപ്പിച്ചിരിക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വദിക്കുന്നവിധത്തിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനായ ഒരു ക്രൈസ്തവ പുരോഹിതന്റെ സംഘര്‍ഷഭരിതമായ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പുല്ലാനിമല എന്ന മലയോരഗ്രാമത്തിലാണ് ഫാദര്‍ മണ്ണാറന്‍ എത്തുന്നത്. യാഥാസ്ഥിതിക ചിന്തകരായ സഭാവിശ്വാസികളും നാട്ടുകാരും സഭാനേതൃത്വവും അലിഖിതമായ നിയമങ്ങളിലൂടെ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നിടത്തേക്കാണ് വിപ്ലവചിന്താഗതികളുള്ള ഈ വൈദികന്‍ എത്തുന്നത്. സഭാചടങ്ങുകളില്‍ അടിയുറച്ച് വിശ്വസിക്കുന്ന വിശ്വാസികള്‍ക്കിടയില്‍ ഈ വൈദികന്‍ കരടാവുന്നു. അവരുടെ കാഴ്ചപ്പാടില്‍ കമ്മ്യൂണിസ്റ്റുകാരനായി മാറി. അതോടെ പല കുറ്റങ്ങളും ഈ വൈദികനില്‍ ചുമത്തപ്പെട്ടു. അതില്‍ പലതും സഭയുടെ വിശ്വാസങ്ങളില്‍ നിലനില്‍ക്കുന്നവ അല്ലാത്തതിനാല്‍ ഈ വൈദികന്‍ സത്യങ്ങളുടെ ക്രൂശില്‍ തറക്കപ്പെടുകയായിരുന്നു.

ഏവരും പിതാവെന്ന്് അഭിസംബോധനചെയ്യുന്ന ബിഷപ്പും ഈ വൈദികനും തമ്മിലുള്ള സംഘര്‍ഷം ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. ക്രിസ്തുവിനെ ശരിയായ രീതിയില്‍ പിന്തുടരുന്ന ഒരു വൈദികനെന്ന നിലയില്‍ അദ്ദേഹത്തിന് തന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാന്‍ കഴിയുന്നില്ല. അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഏറെ വലുതാണ്. കാലിക പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിന്റേത്.

തമ്പി ആന്റണിയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ ഫാദര്‍ മാത്യു മണ്ണാറനെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രങ്ങളിലൂടെ തമ്പനി ആന്റണി ഏറെ ശ്രദ്ധേയനാകുന്നു. മെയിന്‍സ്ട്രീം സിനിമയിലെ ഒന്നാംനരിക്കാരനാകുന്നു തമ്പി ആന്റണി. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ബിഷപ്പ് ചിന്തയും ചിരിയും പകരുന്ന കഥാപാത്രമാണ്. ശ്വേതാമേനോനാണ് നായിക. ജഗതിയുടെ കൈക്കാരന്‍ ഔതപ്പച്ചന്‍ മറ്റൊരു സുപ്രധാന കഥാപാത്രമാണ്. ജയകൃഷ്ണന്‍, ഇന്ദ്രന്‍സ്, കൃഷ്ണപ്രസാദ്, സിബി ഡേവിഡ്, നന്ദു, അംബികാ മോഹന്‍, വിഷ്ണുപ്രിയ എന്നിവരുടെ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷവും രചിച്ചിരിക്കുന്നത് വിനു എബ്രഹാമാണ്. ഒ.എന്‍.വി തമ്പി ആന്റണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഒസേപ്പച്ചന്‍ ഈണം പകരുന്നു. സാജന്‍ കളത്തിലാണ് ഛായാഗ്രഹണം.

കല്‍ക്കട്ടാ ന്യൂസിനുശേഷം കായല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തീക്കോയി, തലനാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more