|

അതെ, വെറും ഓര്‍ഡിനറി സിനിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമ: ഓര്‍ഡിനറി
കഥ: സുഗീത്
തിരക്കഥ: നിഷാദ് കെ. കോയ- മനുപ്രസാദ്
ഛായാഗ്രഹണം: ഫൈസല്‍ അലി
നിര്‍മ്മാണം: രാജീവ് നായര്‍
സംവിധാനം: സുഗീത്

ഫസ്റ്റ്‌ഷോ/ ജിന്‍സി ബാലകൃഷ്ണന്‍

ചില സിനിമകളുണ്ടാവാം. പേരൊക്കെ ഗംഭീരമാകും. എന്നാല്‍ സിനിമ കണ്ട പ്രേക്ഷകന്റെ മനസില്‍ ഒരു ചോദ്യമുണ്ടാവാം. എന്തുകൊണ്ട് ഈ സിനിമയ്ക്ക് ഈ പേരിട്ടുവെന്ന്. പക്ഷെ ഓര്‍ഡിനറി കണ്ടിറങ്ങിയവര്‍ ഒന്നടങ്കം പറയും സിനിമയ്ക്ക് അനുയോജ്യമായ പേര്. അതെ ഒരു ഓര്‍ഡിനറി സിനിമ.

യുവതാരങ്ങളെ അണിനിരത്തി അടുത്തിടെ ഇറങ്ങി വിജയം കണ്ട സിനിമകളുടെ പിന്നാലെ വന്ന ഒന്നെന്നനിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമ കാണാന്‍ പോയത്. എന്നാല്‍ സിനിമയുടെ പേര് സത്യസന്ധമാണ് എന്ന് പൂര്‍ണമായി വിശ്വസിച്ച് പോകുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നി. പിന്നെ സമയം പോക്കാനാണെങ്കില്‍ ഒന്നും ആലോചിക്കാതെ പോകാം.

ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ജിഷ്ണു, ബാബുരാജ്, ആന്‍ അഗസ്റ്റിന്‍, ലാലു അലക്‌സ് എന്നിങ്ങനെ വന്‍താരനിരതന്നെയുണ്ട് ചിത്രത്തില്‍. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഗവിയാണ് ലൊക്കേഷന്‍.

സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഇരവിക്കുട്ടന്‍പിള്ള (ചാക്കോച്ചന്‍) യ്ക്ക് കെ.എസ്.ആര്‍.ടിയില്‍ കണ്ടക്ടറായി ജോലി ലഭിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ഈ നവാഗത കണ്ടക്ടര്‍ എന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പക്ഷെ എന്തിനാണ് ഇരവിയെ രാഷ്ട്രീയക്കാരനായി അവതരിപ്പിച്ചതെന്ന് തിരക്കഥാകൃത്തിന് മാത്രമേ അറിയൂ. കഥയില്‍ പിന്നീട് ഒരിക്കല്‍പോലും ഇരവിയിലെ രാഷ്ട്രീയക്കാരന്‍ വരുന്നില്ല. ഇരവിക്ക് പോസ്റ്റിംഗ് കിട്ടുന്നത് പത്തനംതിട്ട- ഗവി റൂട്ടിലേക്ക് പോകുന്ന ബസിലാണ്. ആ ബസിന്റെ ഡ്രൈവറാണ് സുകു (ബിജുമേനോന്‍). ബസില്‍ സ്ഥിരം പോകുന്ന ചില യാത്രക്കാരാണ് വക്കച്ചന്‍ (ബാബുരാജ്), കല്ല്യാണി (ശ്രിത ശിവദാസ് ), ലത (വൈഗ) എന്നിവര്‍..

സുകുവിനൊപ്പം ഇരവിയും ഗവിക്കാരുടെ ഇഷ്ടം എളുപ്പം പിടിച്ചുപറ്റുന്നു. ഗവിയിലെ വേണുമാഷിന്റെ (ലാലു അലക്‌സ്) വളര്‍ത്തുമകളാണ് അന്ന. മാഷിന്റെ സുഹൃത്തിന്റെ മകളായ അന്നയും മാഷിന്റെ മകന്‍ ദേവനും പ്രണയത്തിലാണ്. സൂറത്തിലുള്ള ദേവനെ കാത്തിരിക്കുകയാണ് അന്ന. വേണുമാഷിന്റെ സഹായിയും  ദാസന്റെ സുഹൃത്തുമാണ് ഭദ്രന്‍ ( ആസിഫ് അലി). മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ബിജുമേനോന്റെ കഥപാത്രത്തിനോട് ഭദ്രന് എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം.

ബസ് യാത്രയും സ്ഥിരം ബസ് കഥയില്‍ കാണാറുള്ള കണ്ടക്ടര്‍ യാത്രക്കാരി പ്രണയവുമൊക്കെ നിറഞ്ഞ ആദ്യപകുതി കാണുമ്പോള്‍ തോന്നും ഈ തോണി എങ്ങോട്ടാണ് പോകുന്നതെന്ന്. ആവശ്യത്തിലധികം വലിച്ചുനീട്ടിയും, ആവശ്യമില്ലാത്ത കുറേയേറെ സാധനങ്ങള്‍ കുത്തിക്കയറ്റിയും നന്നായി ബോറടിപ്പിക്കുന്നുണ്ട്. ഒടുക്കം എന്താ ഇടവേളയാവാത്തത് എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. ബസ് വഴിയില്‍വച്ച് കേടായി. മെക്കാനിക്കുകളൊക്കെ എത്തി വണ്ടി ശരിയാക്കിയെടുക്കുമ്പോഴേക്കും രാത്രിയാവുന്നു. അതിനിടെ മെക്കാനിക്കും വണ്ടിയുടെ ഡ്രൈവറും രണ്ട് മൂന്ന് കുപ്പികാലിയാക്കുകയും ചെയ്തു. നന്നായി മദ്യപിച്ച സുകുവിനെ വണ്ടി ഓടിക്കാന്‍ അനുവദിക്കാതെ ഡ്രൈവര്‍ റോള്‍ ഇരവി ഏറ്റെടുക്കുന്നു. ഇടയ്ക്കുവച്ച് വണ്ടി ഒരാളെ ഇടിക്കുന്നു. പരുക്കേറ്റയാളെ അതുവഴി പോയ ഒരു ജീപ്പില്‍ കയറ്റിവിട്ട് ഇരുവരും വീട്ടിലേക്ക് പോകുന്നു.

ഇതിനിടയില്‍ അപകടത്തില്‍പ്പെട്ടയാളുടെ ബേഗ് ഇവരുടെ കയ്യിലെത്തുന്നു. അതില്‍ നിന്നും വേണുമാഷിന്റെ മകനാണ് അപകടം പറ്റിയതെന്ന് ഇവര്‍ മനസിലാക്കുന്നു. ആശുപത്രിയിലേക്കയച്ച ദേവന്റെ മൃതദേഹം പിറ്റേദിവസം കൊക്കയില്‍ നിന്നും ലഭിക്കുന്നു. ഇനിയുണ്ടാവുന്ന കാര്യങ്ങളൊക്കെ മലയാള സിനിമ  പതിവായി കാണുന്നവര്‍ക്ക് ഊഹിച്ച് പൂരിപ്പിക്കാം. വേണമെങ്കില്‍ ഒരു ചെറിയ ക്ലൂ തരാം. ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളുടേതുമായി സാമ്യമുണ്ട്.

പലസിനിമകളിലും ഉപയോഗിച്ച് പഴകി ദ്രവിച്ച പ്രമേയം. അതിന് ആവശ്യത്തിലധികം വലിച്ചുനീട്ടി ബോറാക്കുക കൂടി ചെയ്തിരിക്കുന്നു. ഏല്‍പ്പിച്ച വേഷം കുഞ്ചാക്കോ ഭംഗിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ദീലീപ് ശൈലി അനുകരിച്ചോ എന്ന് തോന്നും. സുകു ബിജുമേനോന്റെ കയ്യില്‍ ഭദ്രമാണ്.

ഇവരുടെ പ്രകടനത്തെ കവച്ചുവയ്ക്കുന്നതായിരുന്നു ആസിഫ് അലിയുടെ ഭദ്രന്‍. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിച്ച ബാബരാജിനെ ഇവിടെയും കാണാം. എന്നാല്‍ ചിത്രത്തില്‍ ആദ്യപകുതിക്കുശേഷം അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ല.

നായികമാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. മലയാള സിനിമയില്‍ സ്ഥിരം കണ്ട നായികാവേഷങ്ങള്‍. മറ്റ് ചെറിയ ചെറിയ താരങ്ങളുടെ കാര്യവും അതുതന്നെ.

ചില തമാശകള്‍ പ്രേക്ഷകന്‍ കയ്യടിയോടെ സ്വീകരിച്ചെങ്കിലും ചിലത് മുമ്പ് പലചിത്രങ്ങളിലും കണ്ട് മടുത്തതാണ്. ബീവറേജ് ഈസ് മൈ കണ്‍ട്രി, ഓള്‍ കുടിയന്‍മാര്‍സ് ആര്‍ മൈ ബ്രദേഴ്‌സ് എന്ന ബാബുരാജിന്റെ ഡയലോഗ് തിയ്യേറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തി. അതിനിടെ, “സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഏക കണ്ടക്ടര്‍ ഞാനാണ്” എന്ന ഇരവിയുടെ ഡയലോഗ് ആര്‍ക്കെങ്കിലും ഇട്ട് വെച്ചതാണോയെന്ന് സംശയിക്കാം. ആ സമയത്ത് പൃഥ്വിരാജ് എന്ന പേര്‌ തിയ്യേറ്ററില്‍ നിന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഗാനങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നു. ഗവിയുടെ മനോഹാരിത ഒട്ടുംചോരാതെ പകര്‍ത്താന്‍ ഛായാഗ്രാഹകന്‍ ഫൈസല്‍ അലിക്ക് കഴിഞ്ഞിട്ടുണ്ട്.

ചുരുക്കി പറഞ്ഞാല്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയ്യേറ്ററില്‍ പോയാല്‍ ഒരു ഓര്‍ഡിനറി ചിത്രം കണ്ടതായി തോന്നും.

Malayalam News
Kerala News in English

Video Stories