| Sunday, 21st May 2023, 12:49 pm

സഞ്ജു മാമന് വണക്കവും കണിമംഗലം കോവിലകത്തെ ഗബ്ബര്‍ തമ്പുരാനും; ചിരിയുണര്‍ത്തി ഐ.പി.എല്‍ ടീമുകളുടെ മലയാളം സിനിമാ പേരുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 അതിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഫൈനല്‍ അടക്കം ആറ് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ ഇനി ബാക്കിയുള്ളത്. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ കിങ്‌സും പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കുള്ളതാണെന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമാകും.

ഐ.പി.എല്ലിന്റെ വരവോടെ സോഷ്യല്‍ മീഡിയയിലൊന്നാകെ ചര്‍ച്ചകള്‍ ക്രിക്കറ്റിന് വഴിമാറിയിരുന്നു. ട്രോള്‍ ഗ്രൂപ്പുകളിലും സിനിമാ ഗ്രൂപ്പുകളില്‍ പോലും ഐ.പി.എല്‍ ചെറിയ തോതിലെങ്കിലും ചര്‍ച്ചയായി മാറിയിരുന്നു. ഐ.പി.എല്ലിനെയും സിനിമകളെയും ബന്ധപ്പെടുത്തി ട്രോളുകളും ഉയര്‍ന്നിരുന്നു.

ഇതില്‍ ഐ.പി.എല്‍ ടീമുകളെയും മലയാളത്തിലെ ചിത്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള ട്രോളുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഐ.പി.എല്‍ ടീമുകളുടെ മലയാളം സിനിമാ പേരുകള്‍ എന്ന ടൈറ്റിലിലാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

തലയണമന്ത്രം എന്ന ശ്രീനിവാസന്‍ – ജയറാം ചിത്രത്തിന്റെ പേരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് നല്‍കിയിരിക്കുന്നത്. തല ധോണിയുടെ തന്ത്രങ്ങള്‍ മന്ത്രം പോലെ കൊണ്ടുനടക്കുന്ന ടീമിന് ഇതിലും നല്ല പേര് ഇല്ലെന്നാണ് കമന്റുകള്‍ ഉയരുന്നത്.

ഐ.പി.എല്‍ കിരീടം നേടുന്നതിനേക്കാളും പ്ലേ ഓഫിന് ഇടം നേടുന്നതിനേക്കാളും പ്രാധാന്യം പഞ്ചാബ് നല്‍കുന്നത് പോയിന്റ് ടേബിളിലെ ആറാം സ്ഥാനം നേടാന്‍ വേണ്ടിയാണ് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. പല സീസണുകളിലും ആറാം സ്ഥാനം വിട്ട് ഒരു കളിയുമില്ലാത്ത പഞ്ചാബിനെ ആറാം തമ്പുരാന്‍ എന്നാണ് ട്രോളന്‍മാര്‍ വിളിക്കുന്നത്.

15 സീസണ്‍ കളിച്ചിട്ടും കിരീടം നേടാത്ത ആര്‍.സി.ബിയാണ് കിരീടമില്ലാത്ത രാജാക്കന്‍മാര്‍ എന്നാണ് ട്രോളന്‍മാരുടെ കളിയാക്കല്‍.

ഇതിനൊപ്പം രാജസ്ഥാന്‍ റോയല്‍സിനെ മലയാളി മാമന് വണക്കവും മുംബൈ ഇന്ത്യന്‍സിനെ മെമ്മറീസുമായെല്ലാം ട്രോളന്‍മാര്‍ ചേര്‍ത്തുകെട്ടുന്നുണ്ട്.

അതേസമയം, ഒന്നാം ക്വാളിഫയറിലെ ടീമുകളുടെ കാര്യത്തില്‍ ഇതിനോടകം തീരുമാനമായിട്ടുണ്ട്. മെയ് 23ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. വിജയികള്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറില്‍ മറ്റൊരു അവസരവും ലഭിക്കും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരും എലിമിനേറ്ററില്‍ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമിനോടൊപ്പം രണ്ടാം ക്വാളിഫയര്‍ കളിക്കും. ഇതിലെ വിജയികള്‍ ആദ്യ ക്വാളിഫയറിലെ വിജയികളുമായി ഫൈനലില്‍ കൊമ്പുകോര്‍ക്കും.

മെയ് 28നാണ് ഫൈനല്‍ മത്സരം.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി.

Content highlight: Malayalam Film names of IPL teams

We use cookies to give you the best possible experience. Learn more