| Thursday, 12th July 2012, 1:39 pm

യേശു മോളിവുഡിലേക്ക്: 'മുപ്പത് വെള്ളിക്കാശ്' ഇസ്രായേലില്‍ ചിത്രീകരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തില്‍ ബൈബിളിനെ ആസ്പദമാക്കി ഒരു ബിഗ് പ്രൊജക്ട് ഒരുങ്ങുന്നു. നിര്‍മാതാവ് ജോണി സാഗരികയാണ് ഈ ഉദ്യമത്തിന് പിന്നില്‍. 35 കോടി ബജറ്റിലൊരുക്കുന്ന ഈ ത്രിഡി ചിത്രത്തിന് ” മുപ്പത് വെള്ളിക്കാശ്”  എന്ന് പേരിട്ടു.

യു.എ.ഇയില്‍ ജനിച്ചുവളര്‍ന്ന മലയാളി ബന്ധങ്ങളുള്ള ജറമി ജയ്‌റസ് എന്ന 23 കാരനാണ് യേശുക്രിസ്തുവായി അഭിനയിക്കുന്നത്. നടന്‍ രാഘവനും ലാലു അലക്‌സും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ഹേറോദേസ് അന്തിറ്റാസായാണ് ലാലു അലക്‌സ് അഭിനയിക്കുന്നത്.

കുരിശന്‍ വര്‍ണശാലയാണ് തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത്. ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന വിശ്വവിഖ്യാതമായ പെയിന്റിങ് അതേ രൂപത്തില്‍ ചിത്രത്തില്‍ പുനസൃഷ്ടിക്കും.

ഇസ്രായേലിലാണ് “മുപ്പത് വെള്ളിക്കാശ്”  ചിത്രീകരിക്കുന്നത്. ജറുസലേം, ബത്‌ലഹേം, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ട ചിത്രീകരണം. ഇത് 30 ദിവസം നീണ്ടുനില്‍ക്കും. ഇതിനായി ജൂലൈ 15ന് 40 അംഗ സംഘം ഇസ്രായേലിലേക്ക് തിരിക്കും.

കേരളത്തിലെ കത്തോലിക്കാസഭയുടെ സഹകരണംകൊണ്ട് മാത്രമാണ് ഇത്തരമൊരു പ്രോജക്ട് സാധ്യമായതെന്ന് നിര്‍മാതാവ് ജോണി സാഗരിക പറഞ്ഞു.  കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യം ചിത്രത്തിന്റെ ശക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിക്‌സ് സ്റ്റുഡിയോസ് ആണ് മുപ്പത് വെള്ളിക്കാശിന്റെ ത്രീഡി വിഭാഗം കൈകാര്യം ചെയ്യുന്നത്. എക്‌സല്‍ പ്രണ്ട്‌ലൈന്‍ ഗ്ലോബല്‍ ഐ.ടി. സര്‍വീസസ് ആണ് സിനിമയുടെ ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിനാവശ്യമായ വേഷവിധാനങ്ങള്‍ ഒരുക്കുന്നത് പട്ടണം റഷീദാണ്. വസ്ത്രാലങ്കാരം പളനി.

We use cookies to give you the best possible experience. Learn more