| Tuesday, 29th November 2022, 11:52 pm

2022ല്‍ തെലുങ്ക്, കന്നഡ, തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും 400 കോടി ക്ലബ്ബിലെത്തിയത് അഞ്ച് സിനിമകള്‍; മലയാളം ചിത്രത്തിലേയില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സൗത്ത് ഇന്ത്യന്‍ സിനിമ സമഗ്രാധിപത്യം സ്ഥാപിച്ച വര്‍ഷമാണ് 2022. വര്‍ഷങ്ങളായുള്ള ബോളിവുഡിന്റെ അപ്രമാദിത്യം തകര്‍ന്നടിയുന്നതിനും സൗത്ത് ഇന്ത്യന്‍ സിനിമകള്‍ രാജ്യാതിര്‍ത്തി കടന്നു പോകുന്നതിനുമാണ് കൊവിഡിന് ശേഷം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. സൗത്ത് ഇന്ത്യയില്‍ നിന്നും 2022ല്‍ അഞ്ച് സിനിമകളാണ് 400 കോടി ക്ലബ്ബില്‍ ഇടം നേടിയത്.

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിലെത്തിയ ആര്‍.ആര്‍.ആറാണ് 2022ലെ സൗത്ത് ഇന്ത്യന്‍ പടയോട്ടത്തിന് തുടക്കമിട്ടത്. ലോകമെമ്പാടുനിന്നും 1000 കോടിയിലധികമാണ് ചിത്രം വാരിക്കൂട്ടിയത്. അല്ലൂരി സീതാരാമരാജ, കൊമരം ഭീം എന്നീ ചരിത്രപുരുഷന്മാരെ ഭാവനാത്മകമായി ഒന്നിപ്പിച്ച ചിത്രത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രശാന്ത് നീലിന്റെ കെ.ജി.എഫ് ചാപ്ടര്‍ 2 ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയത്. സൈലന്റായി വന്ന് മൗത്ത് പബ്ലിസിറ്റി കൊണ്ട് ഹിറ്റടിച്ച ഒന്നാം ഭാഗം തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ഉയര്‍ത്തിയത്. യഷ് നായകനായ ചിത്രം 1000 കോടിക്ക് മുകളിലാണ് നേടിയത്.

ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രം വലിയ തരംഗം തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ചത്. കമല്‍ ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 400 കോടിക്ക് മുകളിലാണ്.

തമിഴില്‍ നിന്ന് തന്നെ ഈ വര്‍ഷം പുറത്തിറങ്ങിയ മണി രത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനും 400 കോടി ക്ലബിലുണ്ട്. വിക്രം, ഐശ്വര്യ റായി, ജയം രവി, തൃഷ, കാര്‍ത്തി എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ചിത്രം 500 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു.

സൗത്ത് ഇന്ത്യയില്‍ നിന്നുമെത്തി രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട അവസാന ചിത്രം കാന്താരയാണ്. റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായ കാന്താര മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് രാജ്യമാകമാനം ശ്രദ്ധിക്കപ്പെട്ടത്. സെപ്തംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 400 കോടി ക്ലബില്‍ ഇടംപിടിച്ചു.

ചിത്രത്തിലെങ്ങുമില്ലാത്തത് മലയാളം സിനിമയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. തമിഴിന്റെയും തെലുങ്കിന്റെയുമത്ര ബജറ്റ് മലയാളം സിനിമക്കില്ല എന്ന കാരണമാണ് ഇത്രയും നാള്‍ പറഞ്ഞതെങ്കിലും താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായിരുന്ന കന്നഡയും വലിയ ചിത്രങ്ങള്‍ നിര്‍മിച്ച് വന്‍വിജയം കൊയ്യാന്‍ തുടങ്ങിയതോടെ ഈ വാദവും നിലനില്‍ക്കാതായി. രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം കന്നഡയില്‍ നിന്നും 400 കോടി ക്ലബില്‍ ഇടംനേടിയത്. കാന്താരയാവട്ടെ വളരെ ചെറിയ ബജറ്റില്‍ നിര്‍മിച്ച ചിത്രവുമാണ്.

ബിഗ് ബജറ്റ് സിനമകളോ വന്‍വിജയങ്ങളോ ഇല്ലെന്ന പരാതികള്‍ക്കിയിലും ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത, മോഹന്‍ലാലിന്റെ എമ്പുരാന്‍, മമ്മൂട്ടിയുടെ ബിലാല്‍ എന്നിവ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

Content Highlight: malayalam film industry doesn’t have any 400 crore movie

We use cookies to give you the best possible experience. Learn more