| Sunday, 13th February 2022, 5:21 pm

'ഡ്രൈവിംഗ് ലൈസന്‍സി'ന് പിന്നാലെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും' ഹിന്ദിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ ഇപ്പോള്‍ റീമേക്കുകളുടെ കാലമാണ്. മറ്റ് ഭാഷകളിലെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യയിലെ സൂപ്പര്‍ഹിറ്റ് സിനിമകളെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സാ’ണ് അവസാനം ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച മലയാള ചലച്ചിത്രം. ആ നിരയിലേക്ക് ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും’ എത്തിയിരിക്കുകയാണ്.

ചിത്രം റീമേക്ക് ചെയ്യാനുള്ള റൈറ്റ്‌സ് ഹര്‍മാന്‍ ബാജ്‌വ സ്വന്തമാക്കിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഹര്‍മന്‍ ബജ്‌വയും വിക്കി ബാഹ്‌രിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2022 ന്റെ പകുതിയോടെ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്.

നേരത്തെ നിരവധി നിര്‍മാതാക്കള്‍ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. ചിത്രത്തെ ഇനി നോര്‍ത്ത് ഇന്ത്യന്‍ സ്വഭാവത്തിലേക്ക് മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്,’ സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കാനായി രണ്ട് പ്രമുഖ നായികമാരെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി റീമേക്കിന്റെ പേരും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന് തന്നെയാണ്. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ കാര്‍ഗോയിലൂടെ ഫീച്ചര്‍ ഫിലിം ഡയറക്ടറായി അരങ്ങേറ്റം കുറിച്ച ആരതി കടവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം തമിഴിലേത്തും റീമേക്ക് ചെയ്യുന്നുണ്ട്. ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുര്‍ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ്.

ബി.ബി.സിയും വോഗുമടക്കമുള്ള അന്തരാഷ്ട്ര മാധ്യമങ്ങള്‍ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പ്രകീര്‍ത്തിച്ചിരുന്നു. ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും അതോടൊപ്പം അതിന്റെ അവതരണ ശൈലിയുമായിരുന്നു സിനിമയ്ക്ക് വളരെ അധികം പ്രേക്ഷക പ്രശംസ നേടി എടുക്കാന്‍ സാധിച്ചത്.

സിനിമക്ക് മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ജിയോ ബേബി മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ടോണി ബാബു് മികച്ച സൗണ്ട് ഡിസൈനര്‍ അവാര്‍ഡും നേടി.


Content Highlight: malayalam-film-great-indian-kitchen-set-hindi-remake-harman-baweja-bags-rights

We use cookies to give you the best possible experience. Learn more