മനുഷ്യക്കച്ചവടത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തി രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന ” എന്റെ” പ്രദര്‍ശനത്തിന് തയ്യാറായി. ആന്ധ്രപ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് “എന്റെ” പറയുന്നത്. ഒരേ സമയം തെലുങ്കിലും മലയാളത്തിലും ചിത്രീകരിച്ച “എന്റെ”യിലെ സംഭവങ്ങളെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് സംവിധായകന്‍ രാജേഷ് പറയുന്നു.
ദുര്‍ഗ എന്ന പെണ്‍കുട്ടിയാണ് “എന്റെ”യിലെ കേന്ദ്രകഥാപാത്രം. ദുര്‍ഗയിലൂടെ ജീവിതത്തിന്റെ കറുത്ത അധ്യായങ്ങള്‍ തുറന്നുകാട്ടുകയാണ് രാജേഷ്. ലൈംഗിക ചൂഷണത്തിലേക്ക് നയിക്കപ്പെടുന്ന മനുഷ്യരെയും ഇരകളുടെ ജീവിത ദുര്യോഗവും “എന്റേ”യിലൂടെ അനാവരണം ചെയ്യാന്‍ രാജേഷ് ശ്രമിച്ചിട്ടുണ്ട്.
ചിത്രം തെലുങ്കില്‍ “പ്രത്യയ” എന്ന പേരിലാണ് എത്തുന്നത്. പുതുമുഖം അഞ്ജലി പാട്ടീലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലക്ഷ്മി മേനോന്‍, നീനാകുറുപ്പ്, അനൂപ് അരവിന്ദ്, സുനില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയുമൊരുക്കിയിരിക്കുന്നത്.
രാജേഷിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുനിത കൃഷ്ണന്റെ പൂര്‍ണ പിന്തുണ സിനിമയ്ക്ക് കരുത്തു നല്‍കിയിട്ടുണ്ട്. നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് അഭയമൊരുക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് സുനിത.
സാമൂഹികക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കിന്‍ഫ്ര പാര്‍ക്കില്‍ കഴിഞ്ഞ ദിവസം സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടന്നു. മന്ത്രി എം.കെ. മുനീര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തമാസത്തോടെ സിനിമ തിയേറ്ററുകളിലെത്തും.