| Tuesday, 3rd September 2019, 12:44 pm

മുണ്ടുടുത്ത്, കൈ രണ്ടും ഉയര്‍ത്തി വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ റെഡ്കാര്‍പ്പറ്റില്‍ ജോജു ജോര്‍ജ്; ചോല പ്രദര്‍ശിപ്പിച്ചു, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, അഖില്‍ വിശ്വനാഥ് എന്നിവരാണ് റെഡ് കാര്‍പ്പറ്റിലെത്തിയത്. മുണ്ടുടുത്ത് നാടന്‍ ലുക്കിലായിരുന്നു ജോജു എത്തിയത്. നിറഞ്ഞ കയ്യടികളേടെയാണ് സദസ്സ് ഇവരെ സ്വാഗതം ചെയ്തത്. സിനിമയുടെ ആദ്യ ഷോയാണ് വെനീസില്‍ നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വെനീസ് മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള ചിത്രങ്ങള്‍.

ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോന്റി മത്സര വിഭാഗത്തിലാണ് ചോല തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളായി തിരശീലയിലെത്തുന്നത്.

കെ.വി മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ചോല. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നിമിഷ സജയനു നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ചോല’. അജിത് ആചാര്യ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബേസില്‍ ജോസഫ്, കുട്ടി രേവതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ ജോസഫ് ആണ്.

ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലച്ചിത്രമേള. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.

ALSO WATCH

We use cookies to give you the best possible experience. Learn more