| Tuesday, 8th August 2023, 10:26 pm

ചിരിയുടെ ഗോഡ്ഫാദര്‍; സിദ്ദിഖിന് അന്ത്യാഞ്ജലികളുമായി സാംസ്‌കാരിക- സിനിമാ ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാള സാംസ്‌കാരിക- സിനിമാ ലോകം. സിദ്ദിഖ് തന്റെ കുടുംബത്തിന് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറയാന്‍ വാക്കുകളില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിദ്ദിഖിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നായിരുന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചത്. പിതാവ് അബിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഏറ്റവും പ്രിയപ്പെട്ട സിദ്ദിക്ക് ഇക്കക്ക് ആദരാഞ്ജലികളെന്ന് നടന്‍ ഷൈന്‍ നിഗവും ഫേസ്ബുക്കില്‍ എഴുതി.

കാലം എത്ര കഴിഞ്ഞാലും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങള്‍ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലുമുണ്ടെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരനാണ് സിദ്ദിഖെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഫഹദ് ഫാസില്‍

പ്രിയ സിദ്ദിക്ക നിങ്ങളെ എന്നെന്നേക്കുമായി മിസ് ചെയ്യും. നിങ്ങള്‍ എന്റെ കുടുംബത്തിന് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല. മനോഹരമായ ഓര്‍മ്മകള്‍ക്ക് നന്ദി. നിങ്ങള്‍ നിങ്ങളായിരിക്കുന്നതില്‍ നന്ദിയുണ്ട്. നിങ്ങളുടെ പുഞ്ചിരി എന്നും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും.

ദുല്‍ഖര്‍ സല്‍മാന്‍

ഏറ്റവും സൗമ്യമായ വ്യക്തി. പ്രതിഭാധനനായ ഒരു എഴുത്തുകാരന്‍/സംവിധായകന്‍. ഏറ്റവും മികച്ച ചില സിനിമകള്‍ അദ്ദേഹം നമുക്ക് നല്‍കി. നമുക്കിത് നികത്താനാവാത്ത നഷ്ടമാണ്. സിദ്ദിഖ് സാറിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥന.

എ.എന്‍. ഷംസീര്‍

സംവിധായകന്‍ സിദ്ദീഖിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പച്ചയായ ജീവിതങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് സിനിമാസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം എന്നും മികച്ചു നിന്നിരുന്നു. കാലം എത്ര കഴിഞ്ഞാലും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങള്‍ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലുമുണ്ട്.
ലാല്‍ എന്ന സംവിധായകനോടൊപ്പം ചേര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍, ഏറെശ്രദ്ധേയമായിരുന്നു.
അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്.
ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദീഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിദ്ദിഖിന്റെതായ ചിത്രങ്ങള്‍ ചലചിത്ര മേഖലക്ക് സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

രമേശ് ചെന്നിത്തല

മലയാള ചലച്ചിത്ര രംഗത്തെ അതുല്യനായ കലാകാരനും സംവിധായകനുമായ സിദ്ദിഖിനു പ്രണാമം. ഹാസ്യാനുകരണ കലയിലുടെ രംഗപ്രവേശം നടത്തി ഒരു മുഴുനീള ഹാസ്യ ചിത്രങ്ങള്‍ക്ക് അകമ്പടി ക്കാരനായി നിന്ന സിദ്ദിഖ് തന്റേതായ ശൈലിയിലൂടെ വ്യത്യസ്ത ഭാവങ്ങളില്‍ ചലച്ചിത്ര ലോകത്ത് കളം നിറഞ്ഞാടുകയായിരുന്നു. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരന്റെ, സംവിധാന മികവിലും ആസ്വാദകരെ പിടിച്ചു നിര്‍ത്താനുള്ള കഴിവിന്റെമുന്‍പിലും ഒരു നിമിഷംആരും നമിച്ചുപോകും
സദ്ദിഖിന്റെ വിടവാങ്ങലോടെ മലയാള ചലച്ചിത്ര ലോകത്തിനുണ്ടാകുന്ന നഷ്ടം ചെറുതായിരിക്കില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ സങ്കടപ്പെടുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു, പ്രണാമം.

ഗിന്നസ് പക്രു

എന്ത് എഴുതണം എന്നറിയില്ല.. ഒരുപാടു കലാകാരന്മാര്‍ക്ക് വഴികാട്ടി ആയിരുന്നു അദ്ദേഹം.. തികച്ചും ഒരു മനുഷ്യസ്‌നേഹി..
ഒരു ആത്മബന്ധം പെട്ടെന്ന് നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടാകുന്ന വല്ലാത്തൊരു ശൂന്യത.
ഒപ്പമുണ്ടായിരുന്ന നാളുകളില്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കണ്ടറിയാന്‍ സാധിച്ചു.. സ്‌നേഹ പൂര്‍ണമായ ആ വിളിയും ചിരിയും ഇനിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍…
വേദനയോടെ വിട.. ചിരിയുടെ ഗോഡ്ഫാദര്‍ന് ആദരാജ്ഞലികള്‍


Content Highlight: Malayalam Culture – Cinema World pays tribute to the death of director Siddique

We use cookies to give you the best possible experience. Learn more