റിപ്പോർട്ട് സ്വാഗതാർഹം, ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരല്ല: സിദ്ദിഖ്
Kerala News
റിപ്പോർട്ട് സ്വാഗതാർഹം, ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരല്ല: സിദ്ദിഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 3:38 pm

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും അമ്മ എന്ന സംഘടനാക്കെതിരെയുള്ള റിപ്പോർട്ട് അല്ലെന്നും റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതായും താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് അമ്മയെ അല്ലെന്നും സിനിമ മേഖലയിലെ സ്ത്രീകളിൽ ഭൂരിഭാഗവും അമ്മയിൽ ഉൾപ്പെടുന്നവരാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയായിരുന്നു സംഘടന.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. ഞങ്ങൾ വായിച്ച് ഞങ്ങളുടെ ഒരു അറിവ് വെച്ച് മനസിലാക്കിയിടത്തോളം അമ്മയ്‌ക്ക് ഈ റിപ്പോർട്ട് വളരെ സ്വാഗതർഹമാണ്. ആ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളും സർക്കാരിനെ അറിയിച്ച നിർദേശങ്ങളും നടത്തണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം എന്നുള്ള ഒരു ആവശ്യം വരുകയും അതിനായി വിവരവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തപ്പോൾ അതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. അതിനെയും ഞങ്ങൾ എതിർത്തിട്ടില്ല. അതിതിരെ ഹരജിയും പോയിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും അമ്മയ്‌ക്കെതിരെയുള്ള റിപ്പോർട്ടല്ല. അതിൽ അമ്മ എന്ന പേര് ചിലയിടത്ത് പറയുന്നു എന്നല്ലാതെ, അത് അമ്മയ്ക്ക് എതിരായിട്ടുള്ള റിപ്പോർട്ട് ഒന്നുമല്ല. ഹേമ കമ്മിറ്റി പ്രതി സ്ഥാനത്ത് നിർത്തിയിരിക്കുന്നത് അമ്മയെന്ന സംഘടനയെ അല്ല.

സിനിമ മേഖലയിലുള്ള വനിതകൾ എന്ന് പറഞ്ഞാൽ ഭൂരിഭാഗവും ഞങ്ങളുടെ അംഗങ്ങളാണ്. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ നിശ്ചയിച്ച കമ്മിറ്റിയാണത്. അവർ കണ്ടെത്തിയ കാര്യങ്ങൾ ഞങ്ങളുടെ അംഗങ്ങൾക്ക് ഗുണകരമായ കാര്യങ്ങളാണ്. ആ തൊഴിലിടത്ത് അവർ സുരക്ഷിതരായി വർക്ക്‌ ചെയ്യണമെന്നത് മറ്റാരേക്കാളും ഞങ്ങളുടെ ആവശ്യമാണ്,’ സിദ്ദിഖ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത് എന്നാൽ റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ പഠിച്ചിട്ട് സംസാരിക്കാം എന്നായിരുന്നു സംഘടന അന്ന് പറഞ്ഞത്. എന്നാൽ റിപ്പോർട്ട് വന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും വിഷയത്തെ കുറിച്ച് പ്രതികരിക്കാത്ത അമ്മയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

 

Content Highlight: Malayalam Cinema Star Organization AMMA About Hema Committee Report