അഭിമുഖം: എം.എന്‍ കാരശ്ശേരി / ഷഫീഖ് താമരശ്ശേരി
ഈയിടെ പുറത്തിറങ്ങിയ ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രം മുസ്‌ലിം ജീവിതം, ഇസ്ലാമിക രാഷ്ട്രീയം, സിനിമയോടുള്ള മുസ്‌ലിങ്ങളുടെ സമീപനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. മുസ്‌ലിം സമുദായത്തില്‍ സിനിമയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന, ഏറെ പുരോഗമനപരമായ ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിയെ സിനിമയില്‍ പരോക്ഷമായി അവതരിപ്പിച്ചത് അനുകൂലവും പ്രതികൂലവുമായ നിരവധി വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇത്തരം സംവാദങ്ങളെ താങ്കള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രം ഞാന്‍ കണ്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില ചര്‍ച്ചകള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ട് തന്നെ ആ ചര്‍ച്ചകളിലുള്ള പ്രതികരണമറിയിക്കാനേ എനിക്ക് സാധിക്കൂ.
മുസ്‌ലിം സമുദായത്തില്‍ സിനിമയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന തരത്തില്‍ എവിടെയെങ്കിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമാണ്. കാരണം മുസ്ലിങ്ങള്‍ക്കിടയില്‍ സിനിമയോടോ പുതിയ ജീവിതത്തോടോ കലാവിഷ്‌കാരങ്ങളോടോ ആഭിമുഖ്യം വളര്‍ത്തുന്നതില്‍ ജമാഅത്തെ ഇസ്ലാമി യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന് മാത്രമല്ല അടിസ്ഥാനപരമായി അവര്‍ കലാവിരുദ്ധരുമായിരുന്നു.
എം.എന്‍ കാരശ്ശേരി
ഇസ്ലാമിക കലാരൂപങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ക്ക് പോലും അവര്‍ എതിരായിരുന്നു. രണ്ടായിരത്തിന് ശേഷമാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ കലാപ്രവര്‍ത്തകര്‍ സിനിമയെടുക്കാനായി രംഗത്ത് വന്നത്. അതും ഇസ്ലാമിക പശ്ചാത്തലത്തില്‍ നിന്നുള്ള, അവരുടെ സന്ദേശം പറയുന്ന സിനിമകള്‍ മാത്രം.
എന്നാല്‍ അതിന്റെയൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്നുള്ള അനേകം പേര്‍ സിനിമയിലും നാടകങ്ങളിലുമെല്ലാം വളരെ സജീവമായുണ്ടായിരുന്നു. മലയാള സിനിമയുടെ ആദ്യകാലം മുതല്‍ പ്രമുഖരായ നിരവധി മുസ്‌ലിങ്ങള്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
ആദ്യകാല സിനിമാ നിര്‍മാതാക്കളില്‍ ഒരാളായ ടി.കെ പരീക്കുട്ടി മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് ചന്ദ്രധാര എന്നായിരുന്നു. ടി.കെ പരീക്കുട്ടിയുടെ നിര്‍മ്മാണത്തില്‍ വന്ന സിനിമയാണ് പി. ഭാസ്‌കരനും, രാമു കാര്യാട്ടും കൂടി സംവിധാനം ചെയ്ത നീലക്കുയില്‍.
ടി.കെ പരീക്കുട്ടി
എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആ സിനിമയിലാണ് ആദ്യമായി ഒരു മുസ്‌ലിം വേഷമുള്ള സ്ത്രീ കഥാപാത്രം മലയാള സിനിമയില്‍ വരുന്നത്. ‘കുടവുമായ് പുഴക്കടവില്‍ വന്നെന്നെ തടവിലാക്കിയ പൈങ്കിളി…ഒടുവിലീയെന്നെ സങ്കടപ്പുഴ നടുവിലാക്കരുതിക്കളീ…’ എന്ന് പാടുമ്പോള്‍ ഒരു മാപ്പിളപ്പെണ്ണ് ഒരു കുടവുമായി കടവിലേക്ക് പോകുന്ന ഒരു ദൃശ്യം ആ പാട്ടിലുണ്ട്. ഞാന്‍ പറഞ്ഞുവരുന്നത് മലയാള സിനിമയിലെ മുസ്‌ലിം പ്രാതിനിധ്യത്തിന് അത്ര പഴക്കമുണ്ട് എന്നാണ്.
മലയാളത്തിലെ എക്കാലത്തെയും ഏറെ പ്രധാനപ്പെട്ട ഒരു സിനിമയാണ് 1965ല്‍ വന്ന ചെമ്മീന്‍. അതിന്റെ നിര്‍മാതാവ് ബാബു ഇസ്മായില്‍ സേഠ് എന്ന ഒരു മുസ്‌ലിമായിരുന്നു. ചെമ്മീന്‍ ബാബു എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എഴുപതുകളിലും എണ്‍പതുകളിലും നിരവധി ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും വാങ്ങിയ സംവിധായകന്‍ പി.എ ബക്കറും മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആളായിരുന്നു.
ബാബു ഇസ്മായില്‍ സേഠ്
പി.എ ബക്കര്‍
അഭിനയരംഗത്തും അങ്ങനെ തന്നെയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ 700 ഓളം സിനിമകളില്‍ അഭിനയിച്ച പ്രേം നസീറിന്റെ യഥാര്‍ത്ഥ പേര് അബ്ദുള്‍ ഖാദര്‍ എന്നാണ്. അദ്ദേഹത്തിന്റെ അനുജന്‍ അബ്ദുള്‍ വഹാബ് എന്ന പ്രേം നവാസും സിനിമാതാരമായിരുന്നു. അവരുടെ പിതാവ് തിരുവനന്തപുരം ചിറയന്‍കീഴില്‍ അറിയപ്പെടുന്ന ഒരു നാടക കമ്പനി നടത്തിയിരുന്നയാളാണ്.
പ്രേം നസീര്‍
കെ.പി ഉമ്മര്‍, കുഞ്ഞാവ, ബഹദൂര്‍ എന്നിവരില്‍ തുടങ്ങി മാമുക്കോയയും മമ്മൂട്ടിയുമെല്ലാമടങ്ങിയ എത്രയെത്ര പേര്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നും അഭിനയരംഗത്ത് തിളങ്ങി നിന്നു. നാടകരംഗത്തും, സിനിമാരംഗത്തും സജീവമായിരുന്ന നിരവധി മുസ്‌ലിം സ്ത്രീകളുമുണ്ടായിരുന്നു. റംല ബീഗം, ആയിഷ ബീഗം, ഖദീജ തുടങ്ങിയ എത്രയോ നടിമാര്‍ അന്ന് മലയാള സിനിമയിലുണ്ടായിരുന്നു.
കെ.പി ഉമ്മര്‍
നാടകങ്ങളിലും അക്കാലത്ത് മുസ്‌ലിങ്ങള്‍ സജീവമായി ഉണ്ടായിരുന്നു. മലയാള നാടക ചരിത്രത്തില്‍ ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കാത്ത ഒരു പേരാണ് കെ.ടി മുഹമ്മദ്. മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രമായ ‘കണ്ടം ബെച്ച കോട്ട്’ എന്ന സിനിമയുടെ രചയിതാവും അദ്ദേഹം തന്നെയാണ്.
കെ.ടി മുഹമ്മദ്
1951-52 കാലത്ത് കോഴിക്കോട്ടെ മദ്രസത്തുല്‍ മുഹമ്മദീയ എന്ന പഴയ ഹൈസ്‌കൂളിന്റെ വാര്‍ഷികത്തിന് ‘എളാമ്മ’ എന്ന നാടകം അവതരിപ്പിച്ചത്
പി.പി ഉമ്മര്‍ കോയയായിരുന്നു. ഒന്നാം കേരള നിയമസഭയിലെ ഉപപ്രതിപക്ഷ നേതാവും പിന്നീട് വിദ്യാഭ്യാസ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമെല്ലാമായിരുന്ന, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െയും മൊയ്തു മൗലവിയുടെയും ശിഷ്യനായ സാക്ഷാല്‍ പി.പി ഉമ്മര്‍കോയ.
പി.പി ഉമ്മര്‍കോയ
മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള എഴുത്തുകാരും അന്ന് സിനിമയുടെ ഭാഗമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിലാണ് 1964ല്‍ ഭാര്‍ഗവി നിലയം എന്ന ചിത്രം വരുന്നത്. 1967ല്‍ റിലീസ് ചെയ്ത ബാല്യകാലസഖിയും ബഷീറിന്റെ തിരക്കഥയിലായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രത്തില്‍ ബഷീര്‍ അഭിനയിച്ചിട്ടുമുണ്ട്. എന്‍.പി മുഹമ്മദിന്റെ തിരക്കഥയിലും രണ്ടോ മൂന്നോ സിനിമ വന്നിട്ടുണ്ട്. യു.എ ഖാദറിന്റെ തിരക്കഥയിലാണ് അന്യരുടെ ഭൂമി എന്ന സിനിമയിറങ്ങിയത്.
വൈക്കം മുഹമ്മദ് ബഷീര്‍
1964ല്‍ മൂടുപടം എന്ന ചിത്രത്തിലെ മൈലാഞ്ചി തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി എന്നുള്ള പാട്ടെഴുതിയാണ് യൂസഫലി കേച്ചേരി ഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് വന്ന പൂവച്ചല്‍ ഖാദര്‍, വി.ടി അബ്ദുറഹിമാന്‍ തുടങ്ങി എത്രയോ പാട്ടുകാര്‍ മുസ്‌ലിം സമുദായത്തില്‍ ജനിച്ച് വളര്‍ന്നവരുണ്ടായിരുന്നു. ഞാന്‍ പറഞ്ഞുവരുന്നത് സിനിമയും നാടകവും സംഗീതവുമൊന്നും ഇവിടുത്തെ പരമ്പരാഗത മുസ്‌ലിങ്ങള്‍ ആ അര്‍ത്ഥത്തില്‍ ഹറാമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്നില്ല എന്നാണ്.
കൊടിയത്തൂരിലെയോ ചേന്ദമംഗലൂരിലെയോ ഒരാള്‍ ഹോം സിനിമയുണ്ടാക്കുമ്പോഴാണ് മുസ്‌ലിങ്ങള്‍ സിനിമയിലേക്ക് വരുന്നത് എന്ന തരത്തില്‍ ചരിത്രം നിര്‍മ്മിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വന്‍ അബദ്ധമായിരിക്കും.
സിനിമാ നിരൂപണത്തിലും മുസ്‌ലിങ്ങള്‍ ഭാഗമായിരുന്നു. വളരെ ശ്രദ്ധേയനായ സിനിമാ നിരൂപകനായിരുന്നു ഒരു കാലത്ത് സലാം കാരശ്ശേരി. അദ്ദേഹം എന്റെ പിതൃസഹോദരന്റെ മകനായിരുന്നു. എന്റെ നാട്ടുകാരനായ ബി.പി മൊയ്തീനും സിനിമാ രംഗത്തുണ്ടായിരുന്നു.
സലാം കാരശ്ശേരി
ബി.പി മൊയ്തീനാണ് ആദ്യമായി എന്നെക്കൊണ്ട് തിരക്കഥയെഴുതിപ്പിച്ചത്. പക്ഷേ, ആ സിനിമ പുറത്തുവന്നില്ല. നിഴലേ നീ സാക്ഷി എന്ന ആ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സീമ എന്ന ഒരു നടി തന്നെ ഉണ്ടായത്. പിന്നീട് മൊയ്തീന്‍ മറ്റ് രണ്ട് സിനിമകളെടുക്കുകയും അവ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അക്കാലത്ത് ഒരുപാട് തിയ്യേറ്ററുകളും മുസ്‌ലിങ്ങള്‍ക്ക് ഉണ്ടായിരുന്നു. പാലക്കാട്ടെ അന്നത്തെ ബല്‍ക്കീസ് തിയ്യേറ്റര്‍ ഒക്കെ അതിന്റെ ഉദാഹരമായിരുന്നു.
ബി.പി മൊയ്തീന്‍
സിനിമാ നിര്‍മ്മാണം, സംവിധാനം, അഭിനയം, ഗാനാലാപനം, ഗാനരചന, എഡിറ്റിങ്, തിയേറ്റര്‍ നടത്തിപ്പ്, വിതരണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്രമേഖലയിലും മുസ്‌ലിങ്ങള്‍ കാര്യമായി തന്നെ ഉണ്ടായിരുന്നു.
കലാരംഗത്തേക്കുള്ള മുസ്ലിങ്ങളുടെ കടന്നുവരവിനെ ജമാഅത്തെ ഇസ്ലാമി തടഞ്ഞുനിര്‍ത്തിയിരുന്നോ?
ജമാഅത്തെ ഇസ്ലാമിക്കാര്‍ അടിസ്ഥാനപരമായി കലയ്ക്ക് എതിരായ കൂട്ടരാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ അവര്‍ ഒപ്പനയും കോല്‍ക്കളിയുമടക്കമുള്ള മുസ്ലിം കലാരൂപങ്ങള്‍ക്കെല്ലാം എതിരായിരുന്നു. മീഡിയവണ്‍ ചാനല്‍ തുടങ്ങിയപ്പോഴാണ് മാപ്പിളപ്പാട്ട് എന്നൊരു കലാരൂപമുണ്ടെന്ന് തന്നെ അവര്‍ അറിഞ്ഞതായി ഭാവിച്ചത്.
മുന്‍ കാലങ്ങളില്‍ ഫോട്ടോ പോലും ഹറാമായിട്ടായിരുന്നു ജമാഅത്തെ ഇസ്ലാമിയും കരുതിയിരുന്നത്. ഞാന്‍ എന്റെ ഒരു അനുഭവം പറയാം. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണശാലയാണെന്ന് അവര്‍ തന്നെ അംഗീകരിക്കുന്ന ഒരു സ്ഥാപനമാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്. അവര്‍ക്ക് വേണ്ടി ഞാന്‍ മുഹമ്മദ് അസദിന്റെ ‘ദ റോഡ് ടു മെക്ക’ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.
ആ പുസ്തകം അച്ചടിക്കുമ്പോള്‍ അന്നത്തെ പ്രസിദ്ധീകരണത്തിന്റെ ചുമതലയുള്ള ഷേഖ് മുഹമ്മദ് കാരക്കുന്നിനോട് ഞാന്‍ പറഞ്ഞു. എഴുത്തുകാരന്റെ ഫോട്ടോ ഫ്രണ്ട് കവറിലോ ബാക്ക് കവറിലോ കൊടുത്താല്‍ നന്നാകുമെന്ന്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഫോട്ടോ കൊടുക്കാന്‍ നമുക്ക് സാധിക്കില്ല എന്നാണ്. ‘മെക്കയിലേക്കുള്ള പാത’ എന്ന പുസ്തകത്തിന്റെ നാലോ അഞ്ചോ എഡിഷന്‍ കഴിഞ്ഞിട്ടാണ് അവര്‍ കവറില്‍ മുഹമ്മദ് അസദിന്റെ പടം കൊടുക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പടം കൊടുത്തുവരുന്നുണ്ട്. ഫോട്ടോയുടെ കാര്യത്തില്‍ ഹറാം ഹലാല്‍ ആവുകയായിരുന്നു പിന്നീട്.
ഷേഖ് മുഹമ്മദ് കാരക്കുന്ന്
കേരളത്തില്‍ സര്‍ക്കുലേഷനില്‍ മൂന്നാം സ്ഥാനത്തുള്ള, വിവിധ രാജ്യങ്ങളില്‍ എഡിഷനുകളുള്ള ജമാഅത്തെ ഇസ്ലാമിയുടെ ‘മാധ്യമം’ പത്രത്തില്‍ ഇപ്പോഴും സിനിമയുടെ പരസ്യം കൊടുക്കാറില്ല. തിയ്യേറ്റര്‍ സിനിമകളുടെ വിവരങ്ങളും ഉണ്ടാകാറില്ല. ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുള്ളവര്‍ അവര്‍ക്ക് യോജിച്ച സിനിമകളെടുത്താലും അവരുടെ പത്രത്തില്‍ പരസ്യം വരില്ല എന്നതാണ് സത്യം. 1989ല്‍ പ്രവര്‍ത്തനം ആരംഭിച്ച, മുപ്പത് വര്‍ഷം പഴക്കമുള്ള ഒരു പത്രത്തില്‍ ഇപ്പോഴും സിനിമയുടെ പരസ്യമില്ല എന്നതില്‍ നിന്ന് സിനിമയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വ്യക്തമല്ലേ.
സംഘടന ആ രീതിയിലാണെങ്കിലും അതിനകത്തുള്ളവര്‍ കലയോടും സിനിമയോടും താത്പര്യം കാണിക്കുന്നത് മാറ്റത്തിന്റെ സൂചനയല്ലേ?
ഇവിടെ നാം പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുസിനിമകളുടെയും കലാപ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാനാണോ അവര്‍ ശ്രമിക്കുന്നത്, അതോ അവര്‍ക്കനുകൂലമായ സിനിമയുണ്ടാക്കാനാണോ എന്നത്. അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമ ചിത്രീകരിച്ച് ഹലാല്‍ എന്ന് അവതരിപ്പിക്കുകയല്ലേ അവര്‍ ചെയ്യുന്നത്. ‘ഉണ്ണിയാര്‍ച്ച’ സിനിമ എടുക്കാന്‍ അവര്‍ സമ്മതിക്കുമോ. ഇസ്ലാമിക മതമൗലികവാദത്തിന്റെ ആശയങ്ങളോട് ചേര്‍ന്നുപോകുന്ന സിനിമകള്‍ മാത്രമേ അവര്‍ക്ക് സ്വീകാര്യമാവുകയുള്ളൂ.
‘ചെമ്മീന്‍’ സിനിമ അവര്‍ക്ക് സ്വീകാര്യമാവുമോ? ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ ഒരു അരയത്തിപ്പെണ്ണിനെ സ്‌നേഹിക്കുകയും കല്യാണം കഴിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഒന്നിച്ചു മരിക്കുകയും ചെയ്യുന്നു. തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ സിനിമയാകുന്നതിനോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ താത്പര്യം എന്തായിരിക്കും.
സമൂഹത്തിനകത്ത് സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ജമാഅത്തെ ഇസ്ലാമിയിലും സംഭവിക്കുന്നുണ്ട്. നേരത്തെ അവര്‍ ആധുനിക മതേതര വിദ്യാഭ്യാസത്തിന് എതിരായിരുന്നു. കലാലയങ്ങളല്ല കൊലാലയങ്ങളാണെന്നാണവര്‍ അന്ന് പറഞ്ഞത്. അവര്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതിന് എതിരായിരുന്നു. കോടതിയില്‍ പോകുന്നതിന് എതിരായിരുന്നു.
1941 മുതല്‍ 1977 വരെ അവര്‍ പറഞ്ഞിരുന്നത് വോട്ട് ചെയ്യാന്‍ പാടില്ല എന്നായിരുന്നു. കാരണം ഇവിടുത്തെ സര്‍ക്കാര്‍ ഇസ്ലാമിനെതിരാണെന്നായിരുന്നു അവരുടെ വിശ്വാസം. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോഴാണ് ഇന്ദിരാ ഗാന്ധിയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്നറിയിച്ച് അവര്‍ രംഗത്തുവരുന്നത്. അപ്പോഴാണവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതുവരെ അവര്‍ മതരാഷ്ട്രത്തിന്റെ ഭാഗമായിരുന്നു.
നേരത്തെ അവര്‍ പത്താംതരം പാസായ വിദ്യാര്‍ത്ഥികളെ പ്രീ ഡിഗ്രിയില്‍ ചേര്‍ക്കാറുണ്ടായിരുന്നില്ല. പകരം ചേന്ദമംഗലൂരിലെയും ശാന്തപുരത്തെയും കുറ്റ്യാടിയിലെയുമെല്ലാം മതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ക്കാറായിരുന്നു പതിവ്. അത്തരം വിശ്വാസരീതികളില്‍ നിന്ന് അവരിപ്പോഴാണ് ഉണര്‍ന്നത്. അവരുണര്‍ന്നപ്പോഴാണ് നേരം വെളുത്തതെന്നാണ് ജമാഅത്തെ ഇസ്ലാമി കരുതുന്നത്. സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ. അവര്‍ സിനിമയിലേക്ക് വന്നപ്പോള്‍ മുസ്ലിങ്ങളെ അവര്‍ സിനിമയിലേക്ക് കൊണ്ടുവന്നു എന്ന് സ്ഥാപിക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Malayalam Cinema and Muslims – Mn Karassery