2019 ല്‍ കൈയ്യടി നേടിയ 10 പുതുമുഖ സംവിധായകര്‍ ഇവരാണ്
Malayalam Cinema
2019 ല്‍ കൈയ്യടി നേടിയ 10 പുതുമുഖ സംവിധായകര്‍ ഇവരാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st December 2019, 7:09 pm

2019 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള വര്‍ഷമായിരുന്നു. വാണിജ്യ പരമായും കലാപരമായും ഏറെ കുതിച്ച സിനിമ രംഗത്ത് നിരവധി പുതുമുഖ സംവിധയകരും എത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച സിനിമകളില്‍ പലതും പുതുമുഖ സംവിധായകരുടെ കൈയ്യൊപ്പ് പതിഞ്ഞതായിരുന്നു. 2019 ല്‍ കൈയ്യടി നേടിയ പത്ത് പുതുമുഖ സംവിധായകരെ പരിചയപ്പെടുത്തുകയാണിവിടെ.

മധു സി നാരായണന്‍ – കുമ്പളങ്ങി നൈറ്റ്‌സ് (2019 ഫെബ്രുവരി 7 )

2019 തിന്റെ തുടക്കത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ സംവിധായകനാണ് മധു സി നാരായണന്‍. സഹ സംവിധായകനായി സിനിമയില്‍ എത്തിയ മധു സി നാരായണന്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആഷിക് അബു ചിത്രം റാണി പത്മിനി, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.

ഷൈന്‍ നിഗം, ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ പ്രധാന താരങ്ങള്‍.

അഹമ്മദ് കബീര്‍ – ജൂണ്‍ ( 2019 ഫെബ്രുവരി 15 )

രജീഷ വിജയന്‍ പ്രധാന കഥാപാത്രമായി എത്തിയ ജൂണ്‍ സംവിധാനം ചെയ്തത് അഹമ്മദ് കബീര്‍ ആയിരുന്നു. രജീഷ വിജയന്‍, ജോജു ജോര്‍ജ്ജ്, സര്‍ജനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

17ഓളം പുതുമുഖങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

മനു അശോകന്‍ – ഉയരെ (ഏപ്രില്‍ 26 )

സംവിധായകന്‍ രാജേഷ് പിള്ളയുടെ കീഴില്‍ സഹസംവിധായകനായിരുന്ന മനു അശോകന്‍ പാര്‍വതിയെ നായികയാക്കി ഒരുക്കിയ ചിത്രമായിരുന്നു ഉയരെ.

പല്ലവി എന്ന കഥാപാത്രമായി പാര്‍വതി നിറഞ്ഞാടിയ ചിത്രത്തിന് ബോക്‌സോഫിസിലും മികച്ച കളക്ഷന്‍ സ്വന്തമാക്കാനായി. ആസിഡ് ആക്രമണത്തെ അതിജീവിച്ച പൈലറ്റ് ആയ പല്ലവിയുടെ കഥപറഞ്ഞ ചിത്രത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദീഖ്, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരായിരുന്നു പ്രധാന റോളുകളില്‍ എത്തിയത്.

ബോബി, സഞ്ജയ് എന്നിവരുടെ രചനയില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നീ സഹോദരിമാര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

അനുരാജ് മനോഹര്‍ – ഇഷ്‌ക് (മെയ് 17)

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം ഇഷ്‌ക് സംവിധാനം ചെയ്തത് പുതുമുഖ സംവിധായകനായ അനുരാജ് ആയിരുന്നു.

പുള്ളിക്കാരന്‍ സ്റ്റാറാ,ആകാശവാണി,മണി രത്നം,ദി ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനും ബോണ്‍സായ്,കുട്ടനാടന്‍ മാര്‍പ്പാപ്പ,പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു അനുരാജ്.

ഷെയിന്‍ നിഗം,ആന്‍ ശീതള്‍,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഏ.വി.എ പ്രൊഡക്ഷന്‍സിന് വേണ്ടി മുകേഷ് ആന്‍.മേത്ത,ഏ.വി അനൂപ്,ഇ.വി സാരഥി എന്നിവരാണ് നിര്‍മ്മിച്ചത്.

അഷറഫ് ഹംസ – തമാശ (ജൂണ്‍ – 5)

വിനയ് ഫോര്‍ട്ടിനെ നായകനാക്കി എത്തിയ തമാശ സംവിധാനം ചെയ്ത അഷറഫ് ഹംസയും നവാഗത സംവിധായകനായിരുന്നു. ചിന്നു ചാന്ദ്‌നിയായിരുന്നു ചിത്രത്തില്‍ നായികയായത്. ശ്രീനിവാസന്‍ എന്ന മലയാളം അധ്യാപകനായിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്. കന്നഡ സിനിമയായ ഒരു മൊട്ടൈ കഥയ് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്ക് ആയിരുന്നു തമാശ.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷം ഹാപ്പി ഹവേര്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു തമാശ.

ഗിരീഷ് എ.ഡി – തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ (ജൂലായ്- 26)

2019 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. വിശുദ ആംബ്രോസെ, മൂക്കുത്തി എന്നിങ്ങനെ നിരവധി ഹ്രസ്വ ചലച്ചിത്രങ്ങള്‍ ചെയ്ത ഗിരീഷ് എ.ഡിയുടെ ആദ്യ സിനിമയായിരുന്നു ഇത്.

വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവര്‍ക്ക് പുറമേ നിരവധി പുതുമുഖ താരങ്ങളും അഭിനയിച്ച ചിത്രം നിര്‍മ്മിച്ചത് പ്ലാന്‍ ജെ സ്റ്റുഡിയോവും, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

പി.ആര്‍ അരുണ്‍ – ഫൈനല്‍സ് (സെപ്തംബര്‍- 6)

ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥ പറഞ്ഞ ഫൈനല്‍സ് ഒരുക്കികൊണ്ടാണ് പി.ആര്‍ അരുണ്‍ സംവിധായകനായത്. രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് മണിയന്‍ പിള്ള രാജുവായിരുന്നു.

ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

എം.സി ജോസഫ് – വികൃതി (ഒക്ടോബര്‍- 4)

കൊച്ചി മെട്രോയില്‍ കിടന്ന് ഉറങ്ങിയ ഏല്‍ദോ എന്ന വ്യക്തിയെ മദ്യപിച്ച് ബോധരഹിതനായി കിടക്കുകയാണെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ കളിയാക്കിയിരുന്നു. ഈ യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി.

പത്ത് വര്‍ഷത്തോളം നീണ്ട പരസ്യ ചിത്ര സംവിധാനത്തില്‍ നിന്നുമാണ് എംസി ജോസഫ് സിനിമയിലെത്തുന്നത്. സുരഭി, നായിക നായകന്‍ ഫെയിം വിന്‍സി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മാത്തുകുട്ടി സേവ്യര്‍ – ഹെലന്‍ (നവംബര്‍- 15)

ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഹെലന്‍ സംവിധാനം ചെയ്ത മാത്തുകുട്ടി സേവ്യറും നവാഗത സംവിധായകരില്‍ കൈയ്യടി നേടിയിരുന്നു.

നിരവധി പരീക്ഷണ ഹ്രസ്വ ചിത്രങ്ങള്‍ ഇതിന് മുമ്പ് മാത്തുകുട്ടി സംവിധാനം ചെയ്തിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ വെള്ളിത്തിരയില്‍ എത്തിയ അന്ന ബെന്‍ ആണ് ഹെലന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്.

നോബിള്‍ മാത്യു നായകനായ ചിത്രത്തില്‍ അജു വര്‍ഗീസിന്റെ പൊലീസ് കഥാപാത്രവും ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.

കെട്ടിയോളാണ് എന്റെ മാലാഖ (നവംബര്‍- 22)

ആസിഫ് അലിയുടെ ഈ വര്‍ഷത്തെ അവസാന ചിത്രമായ കെട്ടിയോളാണ് എന്റെ മാലാഖ സംവിധാനം ചെയതത് നിസാം ബഷീര്‍ ആയിരുന്നു. പറവ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ലിസ്റ്റന്‍ സ്റ്റീഫന്‍ ആയിരുന്നു.

പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക, ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, രവീന്ദ്രന്‍, മാലാ പാര്‍വതി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

DoolNews Video