2019 മമ്മൂട്ടിയുടെയും കൂടി വര്‍ഷമായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കൈയ്യടി നേടാന്‍ താരത്തിനായി. മലയാളത്തിലും ഇതരഭാഷകളിലുമായി ഏഴു ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്.
ഇതില്‍ മലയാളത്തില്‍ നിന്ന് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, തമിഴില്‍ റാം സംവിധാനം ചെയത പേരന്‍പ്, തെലുങ്കില്‍ മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര എന്നീ സിനിമകള്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നേടിയെടുത്തത്.
2019 ആദ്യം പുറത്തു വന്ന തമിഴ് ചിത്രമായ പേരന്‍പില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമായിരുന്നു പ്രമേയം. അമുദന്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
സാധനയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി പ്രത്യക്ഷപ്പെടുന്നത്. പി.എല്‍ തേനപ്പന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സമുദ്രക്കനി അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നടന്ന വേള്‍ഡ് പ്രീമിയറിലും ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്ന അന്തരിച്ച വൈ എസ് ആര്‍ ആയിട്ടായിരുന്നു തെലുങ്കില്‍ മമ്മൂട്ടിയെത്തിയത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറഞ്ഞത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്.
മലയാളത്തില്‍ സാമ്പത്തികമായും കലാപരമായും മികച്ചു നിന്ന ചിത്രമായിരുന്നു ഉണ്ട. എസ് ഐ മണികണ്ഠന്‍ എന്ന പോലീസ് ഓഫീസറായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ട നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ലുക്മാനുല്‍ ലുക്കു, എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രങ്ങള്‍ക്ക് പുറമെ രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍, വൈശാഖ് സംവിധാനം ചെയ്ത മധുരരാജ, പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം, ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാം പടി എന്നിവയായിരുന്നു തിയേറ്ററില്‍ എത്തിയത്.