| Sunday, 20th November 2022, 10:46 pm

മലയാളികള്‍ക്ക് ഖത്തറിന്റെ അംഗീകാരം; 'നന്ദി', ലോകകപ്പ് വേദിയില്‍ മലയാളവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തര്‍ ലോകകപ്പ് വേദിയില്‍ മലയാളവും. അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിലാണ് ‘നന്ദി’ എന്ന വാക്ക് എഴുതിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

‘നമുക്ക് അഭിമാനിക്കാന്‍ മറ്റെന്ത് വേണം..
നോക്കുക- അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ
കവാടത്തിലെ ആ രണ്ടക്ഷരം-നന്ദി..
ലോകത്തെ അസംഖ്യം

ഭാഷകളിലെ ‘thansk(- Urban Dictionary)’ എന്ന പദത്തിനൊപ്പമാണ്
നമ്മുടെ നന്ദി..
തൊട്ടരികില്‍ ബ്രസീലുകാരുടെ
നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..
ഒരു ലോകകപ്പ് വേദിയില്‍
നമ്മുടെ മലയാളം.
നമ്മുടെ നന്ദി, ഷെയ്ക്ക് തമീം.
മലയാള നാടിന് വേണ്ടി
ഒരായിരം നന്ദി,’ എന്നാണ് കമാല്‍ വരദൂര്‍ എഴുതിയത്.

അതേസമയം, ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിയോടെ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായി. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് പരിപാടികള്‍ നടന്നത്.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറും ഏറ്റുമുട്ടുകയാണ്.

മുന്‍ ലോകകപ്പുകളുടെ ചിഹ്നങ്ങളുടെ ഓര്‍മ പുതുക്കലും ലഈബെന്ന ഖത്തര്‍ ലോകകപ്പ് ഭാഗ്യ ചിഹ്നത്തിന്റെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

ഖത്തറിന്റെ സാംസ്‌കാരിക മൂല്യങ്ങളും പേരും പെരുമയും വ്യക്തമാക്കിയ ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു. ‘ദി കോളിങ്’ എന്ന ഓപ്പണിങ് സിറമണിയില്‍ ലോകകപ്പിനെത്തിയ എല്ലാവര്‍ക്കും മുമ്പില്‍ ഫ്രീമാന്‍ സംസാരിച്ചു. മോര്‍ഗന്‍ ഫ്രീമാനൊപ്പം ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.

പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബി.ടി.എസിലെ അംഗമായ ജംഗ് കുക്കിന്റെ സാന്നിധ്യവും ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി.

ജംഗ് കുക്കിന്റെ ഡ്രീമേഴ്സ് എന്ന് പേരിട്ട മ്യൂസിക് വിഡിയോ ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നു.

കനേഡിയന്‍ ഗായിക നോറ ഫത്തേ, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്കു മുന്നില്‍ സംഗീത വിസ്മയം തീര്‍ത്തു.

CONTENT HIGHLIGHT: Malayalam at Qatar World Cup venue. The word ‘Thank you’ is written on the entrance of Al Bait Stadium

We use cookies to give you the best possible experience. Learn more