ഹൈപ് & ടൈഡ് / ബാബുഭരദ്വാജ്
ലണ്ടനിലെ ബിഷപ്‌സ് ഗേറ്റില്‍ ലിവര്‍പൂള്‍ തെരുവിലെ നാല്‍പ്പത്തിയാറാം നമ്പര്‍ കെട്ടിടത്തില്‍ ഒരു ചെറിയ അച്ചുകൂടത്തിലാണ് 1848 ല്‍ “”മാനിഫെസ്റ്റ് ഡെര്‍ കൊമ്മ്യൂണിസ്‌റ്റേഷന്‍ പാര്‍ട്ടി “എന്ന (MANIFEST DER KOMMUNISTICHEN PARTEI) എന്ന ഇരുപത്തിമൂന്ന് പേജുള്ള ആര്‍ഭാടമോ അലങ്കാരമോ ഇല്ലാത്ത ലഘുലേഖ അച്ചടിച്ചത്. ശീതകാലം വിടവാങ്ങിക്കൊണ്ടിരുന്ന ഫെബ്രുവരി മാസത്തിലെ അവസാന നാളുകളിലായിരുന്നു ആ സംഭവം.
നടപ്പാതകളിലെ പൈന്‍ മരങ്ങങ്ങള്‍ പുകമഞ്ഞ് ശ്വസിച്ചുകൊണ്ടിരുന്നു. അവസാനത്തെ പേജിന്റെ പ്രൂഫും വായിച്ച് കാള്‍ ഷേപ്പര്‍ തന്റെ നിറം മങ്ങിയ കോട്ടിന്റെ കീറക്കീശയുടെ ചൂടില്‍ വിറങ്ങലിച്ച കൈപ്പത്തികള്‍ താഴ്ത്തി നടപ്പാതയിലൂടെ പുതിയ ലോകത്തിന്റെ വെളിച്ചം കാത്തിരിക്കുന്നവനെപ്പോലെ എങ്ങോട്ടെന്നില്ലാതെ നടന്നു. അയാളുടെ ആഹ്ലാദത്തിനതിരില്ലായിരുന്നു. ലോകത്തെ മാറ്റിമറിക്കാനുള്ള പണിയായുധം അച്ചടിശാലയില്‍ രൂപംകൊള്ളുകയാണെന്ന ഊറ്റം അയാളുടെ സിരകളെ ചൂടുപിടിപ്പിച്ചു.
ഇന്നേയ്ക്ക് നൂറ്റി അറുപത്തിമൂന്ന് കൊല്ലം മുമ്പത്തെ ഒരു ശീതകാലമായിരുന്നു അത്. മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നെഴുതിയ “കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ”യുടെ ജനന നാള്‍.
വാള്‍സ്ട്രീറ്റില്‍ നിന്നാരംഭിച്ച് ആയിരമായിരം നഗരങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന പ്രക്ഷോഭം അവരെ നടുക്കുന്നുവെന്ന് മാത്രം പറയാം
1847 ഡിസംബര്‍ മാസത്തിലാണ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാമത്തെ കോണ്‍ഗ്രസ്സ് ലണ്ടനില്‍ ചേര്‍ന്നത്. ഇന്നത്തെപ്പോലെ മുഴുദിനസമ്മേളനമായിരുന്നില്ല അത്. പങ്കെടുക്കുന്നവരെല്ലാം തൊഴിലാളികള്‍ ആയതിനാല്‍ ജോലിസമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലായിരുന്നു കോണ്‍ഗ്രസ്സ്. ആ സമ്മേളനമാണ് മാര്‍ക്‌സിനേയും ഏംഗല്‍സിനേയും കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എഴുതാന്‍ ചുമതലപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
കൃതിയുടെ ആമുഖം ആരംഭിക്കുന്നതിങ്ങനെ “ഒരു ദുര്‍ഭൂതം യൂറോപ്പിനെ ആവേശിച്ചിരിക്കുന്നു. കമ്മ്യൂണിസം എന്ന ദുര്‍ഭൂതം.. പഴയ യൂറോപ്പിലെ എല്ലാ ശക്തികളും ഈ ദുര്‍ഭൂതത്തിനെതിരെ ദിവ്യമായ കുരിശ് യുദ്ധത്തിനായി ഒന്നുചേര്‍ന്നിരിക്കുന്നു. പോപ്പും സാറും മെറ്റര്‍നിച്ചും ഗിസോട്ടും , ഫ്രെഞ്ച് റാഡിക്കലുകള്‍, ജര്‍മ്മന്‍ പോലീസ്……..”.
തങ്ങള്‍ പ്രചരിപ്പിക്കുന്ന തത്വശാസ്ത്രത്തെ ദുര്‍ഭൂതമെന്ന് വിശേഷിപ്പിക്കാനും അതിനെതിരെ ഒന്നിക്കുന്ന അധികാരശക്തികള്‍ നടത്തുന്നത് വിശുദ്ധമായ കുരിശുയുദ്ധമാണെന്ന് പറയാനും മാര്‍ക്‌സും ഏംഗല്‍സും കാണിച്ച നര്‍മ്മം നിറഞ്ഞ സരസഭാവം അതുല്യമാണ്. കമ്മ്യൂണസത്തിനെതിരെ ശത്രുക്കള്‍ ചൊരിഞ്ഞേക്കാവുന്ന വെറുപ്പും വിദ്വേഷവും പൂണ്ട നിന്ദാവചനങ്ങള്‍ മുന്‍കൂട്ടി അറിയുന്നതുപോലെയായിരുന്നു ആ എഴുത്ത്…ആമുഖത്തില്‍ തന്നെ ഒരു പ്രകോപനം.
അതുകഴിഞ്ഞുള്ള ആദ്യവചനം മനുഷ്യവംശ ചരിത്രത്തെ ഒരൊറ്റ വചനത്തിലൊതുക്കിയ കയ്യടക്കം. “ഇതുവരെയുള്ള മനുഷ്യവംശ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്”. 163 വര്‍ഷത്തിനുശേഷം ആ വചനം മനുഷ്യകുലം ആവര്‍ത്തിച്ചോര്‍ക്കുന്നത് അമേരിക്കന്‍ യൂറോപ്യന്‍ നഗരങ്ങളില്‍ തെരുവുകളിലും പാര്‍ക്കുകളിലും തമ്പടിച്ച മനുഷ്യക്കൂട്ടായ്മകള്‍ ഞങ്ങള്‍ 99% പേര്‍ സമ്പത്ത് കയ്യടക്കിയ ഒരുശതമാനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിനിറങ്ങുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴാണ്.
ഇന്ന് എന്നത്തേക്കാളും കൂടുതല്‍ മാര്‍ക്‌സും ഏംഗല്‍സും പ്രസക്തമാവുന്നത്. ലോകം കണ്ട എക്കാലത്തെയും ഏറ്റവും വലിയ ദാര്‍ശനികരായി അവര്‍ ഉയര്‍ന്നു നില്‍ക്കുന്നു. ലിവര്‍പൂള്‍ തെരുവിലെ ആ ചെറിയ അച്ചുകൂടത്തില്‍ അന്ന് ഏതാനും നൂറുകോപ്പികള്‍ മാത്രമാണ് അച്ചടിച്ചത്. കൈകളില്‍ നിന്ന് കൈകളിലേക്ക് കൈമാറിയാണ് അത് വായിച്ചത്. ഓരോ പ്രതിയും ഒരുപാട് കൈകളിലെ വിയര്‍പ്പണിഞ്ഞിരുന്നു. “അക്ഷരാര്‍ത്ഥത്തില്‍ മാര്‍ക്‌സും ഏംഗല്‍സും ചരിത്രം രചിക്കുന്ന ഒരു കൃത്യമാണ് നിര്‍വഹിച്ചത്. മറ്റൊരുകൃതിയും ഇതുപോലെ വീര്യം നിറഞ്ഞതായി പിറന്നിട്ടില്ല. അത് ഇന്നും അതേവീര്യം പ്രസരിപ്പിച്ചിരിക്കുന്നു”.
കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്ന് പറഞ്ഞുനടക്കുന്ന വായാടികള്‍ കേരളത്തിലും ഉണ്ടായിരുന്നു. അവരിപ്പോള്‍ എവിടെപ്പോയി ഒളിച്ചെന്നറിയില്ല. വാള്‍സ്ട്രീറ്റില്‍ നിന്നാരംഭിച്ച് ആയിരമായിരം നഗരങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന പ്രക്ഷോഭം അവരെ നടുക്കുന്നുവെന്ന് മാത്രം പറയാം. അത് കമ്യൂണിസമല്ലെന്നും കമ്മ്യൂണിസ്റ്റുകാരല്ലെന്നും അവര്‍ പാടി നടന്നേക്കാം..അരാജകവാദികളെന്നും അരാഷ്ട്രീയക്കാരെന്നും അവരെ മുദ്രകുത്തിയേക്കാം.
രണ്ട്
ഞാനിവിടെ പരാമര്‍ശിക്കുന്നത് ബര്‍ലിനിലും പാരീസിലും ലണ്ടനിലും അങ്ങിനെ യൂറോപ്പിന്റെ മഹാനഗരങ്ങളിലൊന്നാകെ 1840 കളില്‍ തെരുവില്‍ തൊഴിലാളികള്‍ ബാരിക്കേഡുയര്‍ത്തി നടത്തിയ പോരാട്ടങ്ങളല്ല. ചിക്കാഗോ തെരുവുകളെ ചുവപ്പിച്ച ചോരച്ചാലുകളല്ല. നൂറ്റന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ട് ഫാക്ടറി തൊഴിലാളികളല്ല, മാവോസേതുങ്ങ് പറഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കങ്ങളെയല്ല 2011 സെപ്റ്റംബര്‍ 17ാംതിയ്യതി അവിചാരിതമായി വാള്‍സ്ട്രീറ്റില്‍ രൂപംകൊള്ളുകയും ദിവസങ്ങള്‍ക്കകം യൂറോപ്പിലാകമാനം കത്തിപ്പടരുകയും ചെയ്ത “തെരുവുകള്‍ പിടിച്ചടക്കുക ” എന്ന പേരില്‍ അറിയപ്പെടുന്ന രക്തരഹിത കലാപത്തെക്കുറിച്ചാണ്.
അമേരിക്കയിലെ നൂറ് നഗരങ്ങളിലും ലോകമാകമാനമുളള 1500 നഗരങ്ങളിലും ഈ പ്രസ്ഥാനം ഇതിനകം കത്തിപ്പടര്‍ന്നു കഴിഞ്ഞു. ഒരുപക്ഷേ ഇത്ര വേഗത്തില്‍ ആളിപ്പടര്‍ന്ന ഒരു പ്രസ്ഥാനം ചരിത്രത്തില്‍ അപൂര്‍വമായിരിക്കണം. ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഗ്രൂപ്പുകളോ നേതൃത്വം കൊടുക്കാത്ത ഈ പ്രസ്ഥാനം ഒരു പൊതുവികാരത്തിന്റെ സ്‌ഫോടനമാണ്. 2011 സെപ്റ്റംബര്‍ 17 ന് മാന്‍ഹട്ടനിലെ ധനകാര്യജില്ലയിലെ ലിബര്‍ട്ടി സ്‌ക്വയറില്‍ ( സ്വാതന്ത്ര്യ ചത്വരത്തില്‍ ) ആരംഭിച്ച ചെറുത്തുനില്‍പ്പ് മുതലാളിത്തലോകത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ചോദ്യംചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇച്ഛാശക്തിയില്‍ സ്വയം രൂപംകൊണ്ട ഈ തെരുവ് കയ്യടക്കല്‍ സമരം മുതലാളിത്തത്തിനെതിരായ യുദ്ധപ്രഖ്യാപനം തന്നെയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനെതിരെ ബാങ്കുകളും ബഹുരാഷ്ട്ര കുത്തകകളും ജനാധിപത്യ രീതികള്‍ക്കെതിരെ ഗൂഡാലോചന നടത്തി മുതലാളിത്ത സര്‍ക്കാരുകളുടെ പിന്തുണയോടെ ലോകത്തിന്റെ സാമ്പത്തിക സ്ഥിരതയെ തകിടം മറിച്ചതിനെതിരെ ജനങ്ങള്‍ക്കുണ്ടായ ക്ഷോഭമാണ് മുതലാളിത്ത ആകാശത്തിന്‍മേല്‍ കാര്‍മേഘ പടലങ്ങളായി ഉരുണ്ടുകൂടി മുതലാളിത്ത ലോകത്തില്‍ പേമാരിയായി പെയ്തുകൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ 99% . ഞങ്ങള്‍ വീടുകളില്‍ നിന്ന് ചവിട്ടി പുറത്താക്കപ്പെടുന്നു. നിത്യോപയോഗ സാധനങ്ങള്‍ വാടക കൊടുക്കാനോ കഴിയാതെ ഞങ്ങള്‍ വലയുന്നു
ഒരു മഴയ്ക്കും കൊടുംങ്കാറ്റിനും ശേഷം ഇതടങ്ങുമെന്ന് കരുതാനും പറ്റില്ല. കാരണം മര്‍മ്മ പ്രധാനമായ അടിസ്ഥാന പ്രശ്‌നത്തിലാണ് ഈ സമരം ഊന്നുന്നത്. എങ്ങിനെയാണ് ലോകത്തിലെ ഒരു ശതമാനം പണക്കാര്‍ ലോകത്തിന്റെ അനീതി നിറഞ്ഞ നിയമങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നതെന്നും എങ്ങിനെയാണ് ബാക്കി 99 ശതമാനം ജനങ്ങളുടെ അവകാശങ്ങള്‍ 1 ശതമാനം പേര്‍ തട്ടിപ്പറിക്കുന്നതെന്നും ബോധ്യമായ സാധാരണക്കാരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ലോകത്തിന്റെ ഭാവിയെത്തന്നെ നിര്‍ണ്ണയിക്കുന്ന സമരമാണിത്.
എല്ലാ ഇളകിമറിയലുകള്‍ക്കും ഒരു നിമിത്തമുണ്ടായിരിക്കും. പെട്ടന്ന് ജനങ്ങളെ ക്ഷോഭിപ്പിക്കുന്ന ഒന്ന്. ഈജ്പ്തിലും തുണീഷ്യയിലും ജനങ്ങള്‍ ഇളകിമറിഞ്ഞ് തെരുവിലിറങ്ങിയതും അവിടുത്തെ ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞതുമാണ് വാള്‍സ്ട്രീറ്റിലെ പ്രക്ഷോഭത്തിന് പ്രചോദനമായത്. തുണീഷ്യയിലും ഈജിപ്തിലും നിന്ന് ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിന്റെ ദക്ഷിണകോണിലും പരന്ന് കിടക്കുന്ന അറബ് ലോകത്തിലാകെ അത് അറബ് വസന്തമായി ആഴ്ചയ്ക്കകം പടര്‍ന്നുകയറി. ഒരുപാട് രത്‌നസിംഹാസനങ്ങള്‍ ഇളകിത്തെറിച്ചു.
യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ പടര്‍ന്നുകയറുന്ന മുതലാളിത്തത്തിനെതിരെയുള്ള പ്രസ്ഥാനക്കാര്‍ ഈ പ്രഭവകേന്ദ്രത്തെ അംഗീകരിക്കുന്നുമുണ്ട്. അറബ് വസന്തം ഒരു തെരുവ് കച്ചവടക്കാരനെ ഒരു പോലീസ് ഓഫീസര്‍ മുഖത്തടിച്ചതില്‍ നിന്നുള്ള രോഷത്തില്‍ നിന്നാണ് ആരംഭിച്ചതെന്നോര്‍ക്കണം. ഒരു തീപ്പൊരി വീണാല്‍ ആളിക്കത്തുന്ന മനസ്സാണ് പൊതുസമൂഹത്തിന്റേത്.
“”ജനങ്ങളുടെ അസംബ്ലി ” എന്ന് വളരെ സരളവും നിയമബന്ധിതമല്ലാത്തതുമായ ഒരു സംഘടനാ സംവിധാനമാണ് ഈ കലാപം നിയന്ത്രിക്കുന്നത്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പൊതുവികാരമായി മാറുകയെന്നതാണ് ഈ ജനക്കൂട്ട മനശാസ്ത്രത്തിന്റെ പ്രയോഗമണ്ഡലം. ലോക്പാല്‍ ബില്ലിനായി ഹസാരെ നടത്തിയ പ്രക്ഷോഭത്തിന്റെ ജനപിന്തുണയും ഈ രൂപത്തിലാണുണ്ടാവുന്നത്. ഒരാള്‍ എല്ലാം ചേര്‍ന്ന ഈ ലോകത്തിന്റെ ഭാഗമാവുക, ഒരാള്‍ മറ്റെല്ലാവരുമായി ഇഴുകിച്ചേരുക എല്ലാവരുടെയും വ്യക്തിതാത്പര്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒന്നാവുക എന്നതാണിതിനടിസ്ഥാനം.
“ഞങ്ങള്‍ 99% . ഞങ്ങള്‍ വീടുകളില്‍ നിന്ന് ചവിട്ടി പുറത്താക്കപ്പെടുന്നു. നിത്യോപയോഗ സാധനങ്ങള്‍ വാടക കൊടുക്കാനോ കഴിയാതെ ഞങ്ങള്‍ വലയുന്നു. ഞങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം ലഭിക്കുന്നില്ല. പരിസ്ഥിതിയുടെ മലിനീകരണത്തില്‍ ഞങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു. കുറഞ്ഞ വേതനത്തിന് ഒരു അവകാശങ്ങളുമില്ലാതെ നീണ്ടമണിക്കൂറുകള്‍ ഞങ്ങള്‍ക്ക് ജോലിചെയ്യേണ്ടി വരുന്നു. ഞങ്ങള്‍ക്കൊന്നും കിട്ടുന്നില്ല, എന്നാല്‍ മറ്റുള്ള ഒരു ശതമാനത്തിന് എല്ലാം കിട്ടുന്നു. ഞങ്ങള്‍ 99 ശതമാനക്കാര്‍ ആയുധമില്ലാത്ത ഈ സാധാരണക്കാരുടെ കൂട്ടം മുതലാളിത്ത സ്വര്‍ഗത്തിന്റെ മതിലുകളിലാണ് വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്”.
ഏതാണ്ട് 2011 ന്റെ ആരംഭം മുതലേ അമേരിക്കയിലെ പൊതുജന വികാരം ഒരു കലാപാന്തരീക്ഷത്തിനായി തപിക്കുകയായിരുന്നു. 2011 ജൂണ്‍മാസത്തിലൂടെ അത് മൂര്‍ത്തമാവാന്‍ തുടങ്ങി. അമേരിക്ക കുറച്ചേറെക്കാലമായി പറഞ്ഞുപരത്തിയിരിക്കുന്ന “”ഇസ്ലാമോഫോമിയ”” യ്‌ക്കെതിരെയാണ് ഇത് രൂപംകൊണ്ടത്. ഇസ്ലാം ഭീകരവാദികള്‍ വരുന്നുവെന്ന് പറഞ്ഞാണ് അമേരിക്ക ജനങ്ങളെ ഒതുക്കിയിരുന്നത്. വ്യാപാരഗോപുരങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷം അത് വ്യാപകമായി. മുസ്ലീം പേരുള്ള എല്ലാവരെയും അമേരിക്കന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും പേടിയായി. നമ്മുടെ മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിനെയടക്കം തുണിയഴിച്ചുപരിശോധിക്കുന്ന ഇടം വരെ അതെത്തി.ഈ ഇസ്ലാമോഫോമിയയ്‌ക്കെതിരെയുള്ള വര്‍ക്ക്‌ഷോപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടന്നു.
മുതലാളിത്ത ലോകത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഭീകരവാദത്തിനെതിരെ മുതലാളിത്വ ലോകം നടത്തികൊണ്ടിരിക്കുന്ന തീവ്രമായ പോരാട്ടമാണെന്നും അതിന്ന് കാരണം ഇസ്ലാം ലോകമാണെന്നും പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു മുതലാളിത്തലോകം. ഭക്ഷ്യസാധനങ്ങള്‍ക്ക് വില കൂടുന്നതും ജീവിതം ദുസ്സഹമാകുന്നതും അത് കൊണ്ടാണെന്ന് അവര്‍ പാടിക്കൊണ്ടിരുന്നു. സമാധാനവും ക്ഷേമവും നിറഞ ഒരു ലോകമുണ്ടാകണമെങ്കില്‍ ഇവരൊയൊക്കെ തുരത്തി ലോകത്തെ വെടുപ്പാക്കണമെന്നും അതുവരെ ജനങ്ങള്‍ സഹിക്കണമെന്നുമാണ് ഭരണാധികാരികള്‍ പറഞ്ഞ്‌കൊണ്ടിരുന്നത്.
ഓരോ മുതലാളിത്തലോകത്തിലേയും ഭരണാധികാരികള്‍ അവര്‍ക്ക് ബോധിക്കുന്ന വിധത്തില്‍ ഇതിന് അനുബന്ധ മുദ്രവാക്യങ്ങള്‍ ഉണ്ടാക്കി. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്കെതിരെ, കറുത്തവര്‍ക്കെതിരെ, ദരിദ്രര്‍ക്കെതിരെ, ജനതയെ വഴിതിരിച്ച വിടാനും അത് വഴി താല്കാലിക രക്ഷ നേടാനുമാണ് ഭരണാധികാരികള്‍ ശ്രമിച്ചത്. ഈ കുത്‌സിത ശ്രമത്തിനെതിരെയാണ് തെരുവ് കയ്യടക്കുന്നവര്‍ രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയിലേത് അഹമ്മദ് ഹുസൈര്‍ എന്ന ബംഗ്ലദേശി ടാക്‌സിഡ്രൈവറെ നാടുകടത്തുന്നതിനെതിരെയുളള പ്രക്ഷോഭമായി “ഞങ്ങള്‍ കുടിയേറ്റക്കാരാണ് ഞങ്ങള്‍ 99% എന്ന മുദ്രവാക്യമാണ് പ്രക്ഷോഭകാര്‍ ഉയര്‍ത്തിയത്. യൂറോപ്പിലത് ഞങ്ങള്‍ കറുത്തവരാണ് ഞങ്ങള്‍ 99% എന്ന മുദ്രവാക്യമായി മാറുന്നത് ചുരുക്കത്തില്‍ ലോകത്തിലെ മുഴുവന്‍ മര്‍ദിത ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ മതവും ഒരൊറ്റ നിറവും ഒരൊറ്റ വര്‍ഗവുമാണെന്ന മാര്‍ക്‌സിയന്‍ വര്‍ഗവീക്ഷണമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത് . സമ്പത്തുല്പാദിക്കുന്ന 99% ജനങ്ങളുടെ സാര്‍വലൗകിക വീക്ഷണമാണത് .
ലോകത്തിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളല്ല ഈ പ്രസ്ഥാനത്തിന്റെ സ്രഷ്ടാക്കള്‍. അതൊരു ദൗര്‍ബല്യമായി തുടക്കത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ പ്രസ്ഥാനത്തെ ആദ്യഘട്ടത്തില്‍ കണ്ടില്ലെന്ന് നടിക്കാനും ശ്രമിച്ചിരുന്നു. ഇത് ചെറിയ തിരയിളക്കമാണെന്നും എല്ലാം പെട്ടെന്നവസാനിക്കുമെന്നും അവര്‍ കരുതി. ആത്മനിഷ്ട സാഹചര്യങ്ങളെ വസ്തുനിഷ്ഠമാക്കാനും വളര്‍ത്തി സംഘടിതമാക്കാനും അവര്‍ തുനിഞ്ഞില്ല, പകരം നിരുത്തരവാദപരമായ നിഷ്‌ക്രിയ നിലപാടില്‍ അവര്‍ വിവഹരിച്ചു.
പിന്നീടാണ് ഈ രാഷ്ട്രീയ സാഹചര്യങ്ങളുടെ സാധ്യതകള്‍ അവര്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയത് വ്യവസ്ഥകളോടുളള അവരുടെ ദീര്‍ഘകാലത്തെ ബാന്ധവും സഹവര്‍ത്തിത്വ വുമായിരിക്കാം ഇതിന്ന് കാരണം. മാത്രമല്ല കാലകാലങ്ങളിലായി താല്കാലിക ലാഭങ്ങളായ ക്ഷേമത്തില്‍ ഊന്നിനില്ക്കുന്ന പരിപാടികളിലാണ് അവര്‍ വ്യാപച്ചിരുന്നത്. എറിഞ്ഞ് കിട്ടുന്ന റൊട്ടികഷണത്തില്‍ എത്രത്തോളം വെണ്ണയുണ്ടെന്ന് നോക്കി നൊട്ടിനുണയുന്ന സോഷ്യല്‍ഡെമോക്രാറ്റുകളും പരിഷ്‌കരണവാദികളുമായി മാറിയിരുന്നു അവര്‍. ഭരണകൂടത്തെ തകിടമറിച്ച് പുതിയൊരു വ്യവസ്ഥ സ്രഷ്ടിക്കണമെന്ന ആശയം അവരുടെ പകല്‍കിനാവില്‍ പോലും സ്ഥാനം പിടിച്ചിരുന്നില്ല.
വായു പോലെ, ജലം പോലെ , ആരോഗ്യസുരക്ഷപോലെ, വിദ്യാഭ്യാസം പോലെ, സുരക്ഷ പോലെ നമ്മള്‍ ആശ്രയിക്കുന്നതെല്ലാം നമ്മുടേതാവണം
ഭരണകൂടത്തിന്റെ നിലപാട് ഏതാണ്ടിങ്ങനെതന്നെയായിരുന്നു. ഒരു വെറും പ്രതിഷേധമായി അവരിതിനെ കണ്ടു. തെരുവിലിറങ്ങിയവര്‍ ആവേശം തണുത്താല്‍ തിരിച്ച്കയറുമെന്നവര്‍ കരുതി. മാധ്യമങ്ങള്‍ ഇതിനെ ആദ്യം കണ്ടില്ലെന്ന് നടിച്ചു. മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ പ്രക്ഷോഭങ്ങള്‍ നില്‍കുമെന്നവര്‍ കരുതി.മാധ്യമങ്ങളില്‍ കയറിപറ്റല്‍ ഒരു വലിയഭാഗം ജനങ്ങളുടെ പ്രധാനവികാരമായി മാറികൊണ്ടിരിക്കുന്നന കാലത്ത് ഇങ്ങനെയല്ലേ കരുതാന്‍ ന്യായമുളളൂ.
എന്നാല്‍ മാധ്യമങ്ങളുടെ തലോടല്‍ കിട്ടാഞ്ഞിട്ടും പ്രതിഷേധം നിലച്ചില്ല. നിലവിലുളള ഭരണകൂടത്തിന്റെ മര്‍ദന വിഭാഗമായ പോലീസ് ചിലഘട്ടങ്ങളില്‍ അമിതാവേശം കാണിച്ചു. സമാധാനപരമായ പ്രക്ഷോഭത്തെ ലാത്തിവീശി തടുക്കാന്‍ ശ്രമിച്ചു. ആ വീശല്‍ തീ ആളികത്താനെ ഉതകിയുളളൂ .അതോടെ അമേരിക്കയില്‍ ബോസ്റ്റണ്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങി.
റിച്ചാര്‍ഡ് വോള്‍ഫ് ജനക്കൂട്ടത്തോട് പറഞ്ഞകാര്യം പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ” ആഴത്തില്‍ വേരുകളുളള അമേരിക്കയിലെ ഇടതുപക്ഷ സാമൂഹിക പ്രസ്ഥാനങ്ങള്‍ വീണ്ടും സജീവമാക്കാനും ഐക്യ അമേരിക്കന്‍ സ്‌റ്റേറ്റുകളെ പരിവര്‍ത്തനം ചെയ്യാനും എല്ലാ വ്യത്യസ്ഥ വിചാരഗതികളേയും ആഗ്രഹങ്ങളേയും ലക്ഷ്യങ്ങളേയും ഊര്‍ജഗതികളേയും സാമൂഹിക പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവയുടെ എല്ലാതരം ആവേശങ്ങളോയും ഒരുമിപ്പിക്കണം. അവയുടെ എല്ലാതരം അഹന്തകളോടും സംശയങ്ങളോടും അന്തം വിടലുകളോടും കൂടിതന്നെ”.
പരിപാടികള്‍ക്ക് വേണ്ടി മാത്രമുളള പരിപാടികളും, സംഘടനകളും നമുക്കാവിശ്യമില്ലെന്ന് വോള്‍ഫ് പറയുന്നു. “അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ ചരിത്രം അത്തരം പരിപാടികളും സംഘടനകളും നിറഞതാണ്. അവര്‍ക്ക് പിന്നിലായോ ഉളളിന്റെയുളളിലോ ബഹുജന മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല” അത് കൊണ്ട് “അസമത്വവും അനീതിയും പുനരുല്‍പാദിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സംവിധാനത്തെയാണ് നമുക്ക് മാറ്റി മറിക്കാനുളളത്.ന്യൂനപക്ഷത്തിന്ന് മാത്രം ലാഭം ഉണ്ടാക്കികൊടുക്കുന്നതും നമ്മള്‍ക്കെല്ലാവര്‍ക്കും ആലംബമായിരിക്കുന്ന പരിസ്ഥിതിയെ തകര്‍ക്കുന്നതും രാഷ്ട്രീയസംവിധാനത്തെ അഴിമതിനിറക്കുന്നതുമായ ജീര്‍ണിച്ച നമ്മുടെ കോര്‍പറേറ്റ് സംഘാടനകളെ മാറ്റി പ്രതിഷ്ഠിക്കണം”.
“നമുക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റുകളും അതിന്റെ ഡയറക്ടര്‍ ബോര്‍ഡുകളും അവസാനിപ്പിക്കണം. ഉല്‍്പന്നങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വായു പോലെ, ജലം പോലെ , ആരോഗ്യസുരക്ഷപോലെ, വിദ്യാഭ്യാസം പോലെ, സുരക്ഷ പോലെ നമ്മള്‍ ആശ്രയിക്കുന്നതെല്ലാം നമ്മുടേതാവണം”.
ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ പരികല്പനങ്ങള്‍ തന്നെയാണ് പുതിയ ആഗോളക്രമത്തില്‍ പുതുക്കിപണിയുന്നത്. പുതിയ അടവുകളും തന്ത്രങ്ങളും തന്നെയാണ് പുതിയ കാലഘട്ടം പ്രയോഗിക്കാനൊരുമ്പെടുത്തത്. അതില്‍ വെറും കാഴ്ചക്കാരായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്ന് നില്കാനാവില്ല. കാരണം മാര്‍ക്‌സ് തന്നെയാണ് കുരിശാരോഹണത്തിന്ന് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
തൊഴിലാളിവര്‍ഗം എന്ന പരികല്‍പനക്ക് തന്നെ പുതിയ അര്‍ഥവും തലവും ഭൂമികയും ഉണ്ടായി വരുന്നു. സംഘടിതരും അസംഘടിതരുമായ എല്ലാ അവാന്തരവിഭാഗങ്ങളും വിശാലമായ അതിന്റെ ചക്രവാളത്തില്‍ ലയിച്ചു ചേരുകയാണ്. തൊണ്ണിറ്റിയൊമ്പത് ശതമാനത്തിലേക്ക് പണിയെടുക്കുന്ന എല്ലാവരും ഒന്നിക്കുകയാണ്.
ആഗോളവല്‍്ക്കരണമെന്ന മുതലാളിത്തവല്‍ക്കരണത്തിന്ന് ജനങ്ങളെ സന്നദ്ധമാക്കാന്‍ പാര്‍ടി പരിപാടി പുതുക്കുന്നവര്‍ അറിയേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനവും ഇത് തന്നെയാണ്. കലാപത്തിന്റെ ഈ പുതുവസാധ്യതകളിലേക്കാണവര്‍ പാര്‍ടിയേയും പരിപാടിയേയും പുതുക്കേണ്ടത് . അണ്ണാ ഹസാരെക്കും സംഘത്തിന്നും ഇല്ലാതെ പോയ വര്‍ഗവീക്ഷണമാണ് വോള്‍സ്ട്രീറ്റ് കലാപകാരികള്‍ക്കുളളത് എന്ന് കൂടി ഓര്‍ക്കണം .
അമേരിക്കയിലെ കൊല്ലന്‍മാര്‍ ഉണര്‍ന്ന് കഴിഞ്ഞു. ഉറങ്ങുന്ന മറ്റ് കൊല്ലന്‍മാരും ഉണര്‍ന്നെണീക്കണം
ശതാബ്ദങ്ങളായി മുതലാളിത്ത സംവിധാനത്തെ ബഹുഭൂരിപക്ഷ ആള്‍ക്കാര്‍ സംരക്ഷിച്ച് പോന്നത് സോഷ്യലിസം എന്ന ഉമ്മാക്കി കാട്ടി ഭരണവര്‍ഗം അവരെ ഭയപ്പെടുത്തി കൊണ്ടാണെന്നും ആ ഭയം ഇന്നില്ലാതിരിക്കുന്നുവെന്നും കലാപകാരികള്‍ പറയുന്നു. “മനുഷ്യവംശത്തിന്ന് ചക്രവര്‍ത്തിമാരേയും രാജാക്കന്‍മാരേയും അടിമ ഉടമകളേയും ഇല്ലാതാക്കാന്‍ കഴിഞ്ഞു. എത്രത്തോളം പക്ഷപാതപരവും അപൂര്‍വമാണെങ്കിലും ഒരു ജനാധിപത്യക്രമം സൃഷ്ടിക്കാനായി. നമുക്കതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. യഥാര്‍ത്ഥ ജനാധിപത്യമാക്കാന്‍”. അത് കൊണ്ട് തന്നെ കോര്‍പറേറ്റ് മുതലാളിത്തം ഇല്ലാതാക്കാനുളള സമരമാണിത്.
റിച്ചാര്‍ഡ് വോള്‍ഫ് വാള്‍സ്റ്റ്രീറ്റിലെ സുക്കോട്ടി പാര്‍ക്കില്‍ ഒക്ടോബര്‍ നാലാം തിയ്യതി വൈകുന്നേരം ആറുമണിക്ക് നടത്തിയ പ്രഭാഷണത്തിലാണ് ഇതൊക്കെയുളളത്. ഈ മാസം പോലീസ് പ്രതിഷേധക്കാരെ ഈ സുക്കോട്ടില്‍ പാര്‍ക്കില്‍ നിന്ന് തുരത്തിയെങ്കിലും പിറ്റേന്ന് തന്നെ കലാപകാരികള്‍ സുക്കോട്ടിപാര്‍ക്കില്‍ വീണ്ടും കടന്ന് കയറി.
ദല്‍ഹിയിലെ പോലീസിലനെപ്പോലെ തന്നെയാണ് ന്യൂയോര്‍ക്കിലെ പോലീസും. നാലാം തീയ്യതി ചൊവ്വാഴ്ച നേരം പുലരുന്നതിന്ന് മുന്‍പാണ് പോലീസ് പാര്‍ക്കില്‍ അതിക്രമം കാട്ടിയത്. മാധ്യമങ്ങള്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയാന്‍ ന്യൂയോര്‍ക്കിന്റെ അവകാശം അവര്‍ അടച്ച്പൂട്ടി.
പാര്‍ക്കിലേക്ക് പത്രപ്രവര്‍ത്തകരുടെ പ്രവേശനം തടഞ്ഞു. പാര്‍ക്കിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു, മര്‍ദിച്ചു, മുളക് വെള്ളം ഒഴിച്ചു. പോലീസ് ഉറക്കമൊഴിയുന്നത് നീതി നടപ്പിക്കാനല്ല നിയമം കാറ്റില്‍ പറത്താനും ജനങ്ങളെ മര്‍ദിക്കാനുമാണെന്നും ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് താനിതൊക്കെ ചെയ്തതെന്നാണ് മേയര്‍ ബ്ലൂംബെര്‍ഗ് അവകാശപ്പെടുന്നത്. കലാപകാരികള്‍ അതിനെങ്ങിനെയാണ് കളിയാക്കിയിരിക്കുന്നത്. “മേയര്‍ ബ്ലൂംബെര്‍ഗ് സിറിയന്‍ ടി.വിയായരിക്കണം കണ്ട് കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ജനാധിപത്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്രത്തെകുറിച്ചുമുളള വാചകമടികള്‍ എത്രത്തോളം കള്ളമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
ജനങ്ങളെ സമരസന്നദ്ധരാക്കുക എന്ന വിപ്ലവകരമായ കടമ്പ ഇടതുപക്ഷപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉപേക്ഷിച്ച ഈ ലോകത്ത് ജനങ്ങള്‍ സ്വന്തം നിലയില്‍ ഒത്തുചേരുകയും അനീതിയ്ക്കും അടിമത്തതിനുമെതിരെ സംഘടിക്കുകയും സമരം ചെയ്യാന്‍ ഒരുമ്പിട്ടറങ്ങുകയും ചെയ്യുന്ന ഈ അവസ്ഥ എങ്ങിനെയുണ്ടായി?. ആരും ബോധവല്‍കരണത്തിനിറങ്ങാത്ത കാലത്ത് ഈ ബോധം എങ്ങിനെയുണ്ടായി?.
“ജര്‍മന്‍ ഐഡിയോളജി”യില്‍ മാര്‍ക്‌സും ഏംഗല്‍സും അതെഴുതിവെച്ചിട്ടുണ്ട്. “ബോധമല്ല ജീവിതത്തെ നിര്‍ണയിക്കുന്നത് ജീവിതമാണ് ബോധത്തെ രൂപപ്പെടുത്തുന്നത്”. എല്ലാ മാറ്റത്തിന്റെയും പ്രേരകശക്തി സമൂഹത്തിന്റെ നിലവിലുളള അവസ്ഥകളാണെന്നും ഭൗതികശക്തികളുടെ ഗതിവേഗം നിര്‍ണയിക്കുന്നത് ഉല്പാദനബന്ധങ്ങളെന്നും തുടര്‍ന്ന് പറയുന്നു. മാത്രമല്ല ” ഒരു സമൂഹ്യവ്യവസ്ഥ അതിന് സാധ്യമായ എല്ലാ ഉല്പാദന സംവിധാനങ്ങളും വികസിക്കുന്നത് വരെ അപ്രത്യക്ഷമാകില്ലെന്നും പഴയവ്യവസ്ഥയുടെ ഗര്‍ഭപാത്രത്തില്‍ പുതിയ ഉല്പാദനബന്ധങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വിരിഞ്ഞ് വരുന്നത് വരെ പുതിയ ഉലാപാദനബന്ധങ്ങള്‍ ഉണ്ടാവില്ലെന്നും മാര്‍ക്‌സും ഏംഗല്‍സും ആവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് മനുഷ്യകുലം എപ്പോഴും അതിന്ന് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ മാത്രം തിരഞെടുക്കുന്നതെന്നും ഈ ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനത്തിന്ന് വേണ്ടിയുളള കലാപത്തിന്റെ ഈ നാളുകളില്‍ നമ്മള്‍ വിശകലനം വിശകലനം ചെയ്യേണ്ട സൈദ്ധാന്തിക പാഠങ്ങള്‍ ഇതായിരിക്കും, ഇതായിരിക്കണം. അതിനായി ചില സൈദ്ധാന്തിക ശാഠ്യങ്ങളും, ജാഡകളും നമ്മള്‍ ഉപേക്ഷിക്കേണ്ടിവരും . മാര്‍ക്‌സ് പറഞ്ഞത്‌പോലെ. “സോഷ്യലിസം സ്വപ്‌നജീവികള്‍ കണ്ടുപിടിച്ചതല്ല. ആധുനികസമൂഹത്തില്‍ ഉലാപാദകശക്തികളുടെ വികാസത്തിന്റെ അവസാന ലക്ഷ്യവും ഫലവുമാണ്”.
1848 ലെ ഫെബ്രുവരി മാസത്തതിലെ തണുത്തരാത്രിയില്‍ ഒരു കല്ലച്ച് ഉറങ്ങികിടന്നിരുന്ന ലോകത്തോട് മന്ത്രിച്ചതും ഇത് തന്നെയായിരിക്കണം.
അത്‌കൊണ്ട് മാര്‍ക്‌സ് വിഭാവനം ചെയ്ത ലോകവിപ്ലവം ഇതാ പടിവാതില്‍ക്കല്‍ എത്തിയെന്ന് കരുതി ആരും വ്യാമോഹത്തിനടിമപ്പെടരുത്. മനുഷ്യവംശം ഒരടികൂടി മുന്നോട്ട് പോയി എന്ന് കരുതിയാല്‍ മതി. അമേരിക്കയിലെ കൊല്ലന്‍മാര്‍ ഉണര്‍ന്ന് കഴിഞ്ഞു. ഉറങ്ങുന്ന മറ്റ് കൊല്ലന്‍മാരും ഉണര്‍ന്നെണീക്കണം.