| Wednesday, 28th August 2024, 5:15 pm

മലയാള സിനിമ മാത്രമല്ല, മലയാളി നടിമാരും തമിഴില്‍ തകര്‍ത്ത 2024

അമര്‍നാഥ് എം.

2024ന്റെ തുടക്കത്തില്‍ മലയാളസിനിമകള്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. പ്രേമലു ആന്ധ്രക്ക് പുറമെ തമിഴ്‌നാട്ടിലുള്ളവരും ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നാലെ വന്ന മഞ്ഞുമ്മല്‍ ബോയ്‌സ് എല്ലാവരെയും അമ്പരപ്പിച്ച് തമിഴ്‌നാട്ടില്‍ നിന്ന് റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കി ഇന്‍ഡസ്ട്രിയെ അമ്പരപ്പിച്ചു. 60 കോടിയാണ് മഞ്ഞുമ്മലിലെ പിള്ളേര്‍ തമിഴ്‌നാട്ടില്‍ നിന്ന് ലൂസടിച്ച് നേടിയത്. ഒരു മലയാളസിനിമ തമിഴ്‌നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണ്.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മലയാളസിനിമകള്‍ തമിഴില്‍ അധികം ചലനമുണ്ടാക്കിയില്ല. എന്നാല്‍ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ചില നടിമാര്‍ പെര്‍ഫോമന്‍സ് കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുന്നത് കാണാന്‍ സാധിച്ചു. അപര്‍ണ ബാലമുരളി, പാര്‍വതി തിരുവോത്ത്, മാളവിക മോഹന്‍, അന്ന ബെന്‍ എന്നിവരാണ് തമിഴില്‍ പോയി ഞെട്ടിച്ച നടിമാര്‍.

ധനുഷ് സംവിധാനം ചെയ്ത രായനില്‍ മേഖലൈ എന്ന കഥാപാത്രമായാണ് അപര്‍ണ വേഷമിട്ടത്. സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും തന്റെ പെര്‍ഫോമന്‍സ് വെച്ച് അപര്‍ണ ശ്രദ്ധ നേടി. എ.ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ സന്തോഷ് നാരായണന്‍ പാടിയ ‘വാട്ടര്‍ പാക്കറ്റ്’ എന്ന പാട്ടിലെ അപര്‍ണയുടെ സീനുകളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭരിക്കുന്നത്. അപര്‍ണയുടെ നാലാമത്തെ തമിഴ് സിനിമയാണ് രായന്‍. നേരത്തെ സൂര്യ നായകനായ സൂരറൈ പോട്രിലെ അഭിനയത്തിന് കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് അപര്‍ണയെ തേടിയെത്തിയിരുന്നു.

പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനില്‍ രണ്ട് മലയാളികളുടെ സാന്നിധ്യമായിരുന്നു  ഉണ്ടായിരുന്നത്. പാര്‍വതി തിരുവോത്തും മാളവിക മോഹനും. ഗംഗമ്മ എന്ന കഥാപാത്രമായി മികച്ച പെര്‍ഫോമന്‍സാണ് പാര്‍വതി തങ്കലാനില്‍ കാഴ്ചവെച്ചത്. പ്രാചീന തമിഴ് സിങ്ക് സൗണ്ടില്‍ പറയുക എന്ന വലിയ ടാസ്‌ക് പാര്‍വതി വളരെ മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട്. പാര്‍വതിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഗംഗമ്മയെ കണക്കാക്കാം.

എന്നാല്‍ തങ്കലാനില്‍ ഞെട്ടിച്ചത് മാളവിക മോഹനായിരുന്നു. ആരതി എന്ന ഗ്രാമദേവതയായി കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് മാളവിക കാഴ്ചവെച്ചത്. അധികം ഡയലോഗുകളുമൊന്നുമില്ലാത്ത കഥാപാത്രത്തെ ഗംഭീരമായി മാളവിക പകര്‍ന്നാടി. വിക്രമിനോടൊപ്പമുള്ള സീനില്‍ വിക്രമിനെക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ് മാളവികക്കായിരുന്നു.

കൂഴങ്കലിന് ശേഷം പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത കോട്ടുക്കാലിയിലൂടെ അന്നാ ബെന്നും തമിഴ് സിനിമയെ ഞെട്ടിച്ചു. അധികം സംസാരിക്കാത്ത മീന എന്ന കഥാപാത്രത്തെ അന്ന മികച്ചതാക്കി എന്നാണ് പലരും അഭിപ്രായപ്പെട്ടത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച അംഗീകാരങ്ങള്‍ നേടിയ കോട്ടുക്കാലി അന്ന ബെന്നിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സായാണ് പലരും കണക്കാക്കുന്നത്.

മാമന്നന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയും മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നിഖില വിമല്‍ അവതരിപ്പിച്ച പൂങ്കൊടി എന്ന സ്‌കൂള്‍ ടീച്ചറുടെ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില് വൈറലാണ്. ഒരിടവേളക്ക് ശേഷം നിഖില തമിഴില്‍ ചെയ്ത കഥാപാത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

മാസ് സിനിമകള്‍ കാരണം പ്രശസ്തമായ കോളിവുഡ് പോലൊരു ഇന്‍ഡസ്ട്രിയില്‍ റിയലിസ്റ്റിക് വേഷങ്ങള്‍ ചെയ്യാന്‍ മലയാളത്തിലെ നായികമാരെ വിളിക്കുന്നത് മലയാളസിനിമക്ക് അഭിമാനിക്കാനുള്ള വകയാണ് നല്‍കുന്നത്.

Content Highlight: Malayalam actresses perfomance in Tamil cinema in this year

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more