പുതുതലമുറ നല്ല അറിവും കാര്യബോധവുമുള്ളവരുമാണെന്ന് നടി ഷീല. താനൊക്കെ സിനിമയില്‍ വരുന്ന സമയത്ത് വലിയ ധാരണകളൊന്നുമില്ലായിരുന്നെന്നും ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
‘ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ പല കാര്യത്തിലും നല്ല അറിവും ബോധവുമുണ്ട്. ഞാനൊക്കെ സിനിമയില്‍ വരുന്ന സമയത്തൊക്കെ വലിയ ധാരണകളൊന്നുമില്ലായിരുന്നു. ഞാനൊക്കെ കളിച്ച് നടക്കുന്ന സമയത്താണ് സിനിമയില്‍ വന്നത്. ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ എനിക്ക് പതിമൂന്ന് വയസ്സായിരുന്നു.
എന്റെ അമ്മയായിരുന്നു കാര്യങ്ങളൊക്കെ നോക്കിയത്. അന്നൊക്കെ സിനിമയിലഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ റെഡ് സ്ട്രീലൊക്കെ പോകുന്നപോലെയാണ് ആളുകള്‍ നോക്കിക്കണ്ടത്. തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ പലരും പറഞ്ഞു എന്റെ പേര് മാറ്റണമെന്ന്. പക്ഷേ അമ്മയ്ക്കും എനിയ്ക്കും അതിലൊട്ടും താല്‍പര്യമില്ലായിരുന്നു.
എം.ജി.ആറിന്റെ കസിന്‍ സിസ്റ്ററായിരുന്ന സുഭദ്ര ദേവിയുടെ പേര് എനിക്കിടണമെന്നായിരുന്നു നിര്‍ദേശം. അപ്പോളെന്റെ അമ്മ പറഞ്ഞു അത് ബുദ്ധിമുട്ടാണെന്ന്. അങ്ങനെയൊടുവില്‍ എന്റെ പേര് ഷീല ദേവി എന്നാക്കി. ഇന്നു വരെയും ആ പേര് തന്നെയാണെനിക്ക് . ‘മലയാളത്തിന്റെ നിത്യഹരിത നായിക’ എന്ന ടൈറ്റിലിനോടൊന്നും എനിക്കൊരു എക്‌സൈറ്റ്‌മെന്റും തോന്നിയിട്ടില്ല’, നടി പറഞ്ഞു.
തനിക്കൊരു മകനുണ്ടായതു മുതലാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതെന്നും അത് സ്വയം എടുത്ത തീരുമാനമായിരുന്നെന്നും നടി പറഞ്ഞു.
‘മകനുണ്ടായതു മുതലാണ് സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തത്. എനിക്കെന്റെ മകനെ വളര്‍ത്തണ്ടേ! സിനിമാനടിയാണെങ്കിലും ഞാന്‍ ഒരു അമ്മ കൂടിയാണ്. ഒരിക്കല്‍ ചെന്നൈയില്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. വീട്ടില്‍ നിന്നായിരുന്നു അത്.
മകന്‍ ഒന്ന് വീണിട്ടുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ വേഗം തന്നെ സെറ്റില്‍ നിന്ന് വീട്ടിലേക്ക് ഓടുമായിരുന്നു. പിന്നെ എനിക്കൊരാഗ്രഹമൊക്കെയുണ്ടാവില്ലേ, അമ്മയെന്ന നിലയ്ക്ക് എന്റെ മകനോടൊത്ത് സമയം ചിലവിടാനൊക്കെ. എനിക്ക് എല്ലാത്തിനെക്കാളും വലുത് എന്റെ മകനാണ്.
മകന്‍ കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് സിനിമയും മറ്റു അവാര്‍ഡുക്കളുമൊക്കെ തന്നെ. സിനിമയില്‍ നിന്ന് മാറിനിന്നപ്പോളൊന്നും എനിക്ക് സിനിമയൊട്ടും തന്നെ മിസ്സ് ചെയ്തിരുന്നില്ല. കാരണം, അത് ഞാന്‍ സ്വയം എടുത്ത തീരുമാനമായിരുന്നു. ഇന്റസ്ട്രിയിലുള്ളവര്‍ക്കൊക്കെ എന്നോട് വളരെ സ്‌നേഹമാണ്, നടി പറഞ്ഞു.