ആ സിനിമയിലേക്ക് സുഹാസിനിയും രേവതിയുമുള്‍പ്പെടെ പലരേയും കണ്ടു, തയ്യാറായില്ല; ഒടുവില്‍ അണ്‍ ലക്കിയെന്ന് മുദ്രകുത്തിയ ആ നായിക വന്ന് സൂപ്പര്‍ഹിറ്റാക്കി: സിബി മലയില്‍
നായികമാര്‍ക്ക് പ്രധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ നായകന്‍മാര്‍ വിമുഖത കാണിക്കുന്ന ഒരുകാലം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. സ്‌ക്രീന്‍ സ്‌പേസ് നായികമാര്‍ക്ക് കൂടുതലാണെങ്കില്‍ മുന്‍നിര താരങ്ങള്‍ നായക കഥാപാത്രത്തെ ഏറ്റെടുക്കാന്‍ പലപ്പോഴും തയ്യാറാകുമായിരുന്നില്ല.
എന്നാല്‍ നായികാ പ്രധാന്യമുള്ള ഒരു സിനിമയായിട്ടും അതിലെ കഥാപാത്രം ചെയ്യാന്‍ നടിമാര്‍ തയ്യാറാകാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. തിയേറ്ററില്‍ ആളുകളെ കൂട്ടത്തോടെ കരയിപ്പിച്ച ആകാശദൂത് എന്ന ചിത്രത്തെ കുറിച്ചാണ് സിബി മലയില്‍ സംസാരിക്കുന്നത്.
ആകാശദൂതിലെ നായികവേഷം ചെയ്യാന്‍ വേണ്ടി താന്‍ നിരവധി നടിമാരെ സമീപിച്ചെന്നും എന്നാല്‍ കഥ കേട്ടവരൊന്നും ആ റോള്‍ ചെയ്യാന്‍ തയ്യാറായില്ലെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നത്. നായകനായി താന്‍ ആദ്യം സമീപിച്ചത് മുരളിയെ തന്നെയാണെന്നും സിബി മലയില്‍ പറഞ്ഞു.
‘ ഈ സിനിമ എന്റെ അടുത്തേക്ക് കൊണ്ടുവന്നത് അതിന്റെ നിര്‍മാതാവാണ്. ഡെന്നിസ് ജോസഫിന്റെ അങ്കിളാണ് പ്രേം പ്രകാശ്. അദ്ദേഹമാണ് ആ സിനിമയുടെ നിര്‍മാതാവ്. ഡെന്നീസിന്റെ കയ്യില്‍ ഇങ്ങനെ ഒരു കഥയുണ്ടെന്നും കേള്‍ക്കാമോ എന്നും ചോദിച്ചാണ് അദ്ദേഹം വന്നത്.
കഥ കേട്ടു. കേട്ടപ്പോള്‍ തന്നെ തന്നെ ഇത് ഹിറ്റാകാന്‍ പോകുന്ന സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. സിനിമ ചെയ്യാമെന്നും പറഞ്ഞു. ആ വിശ്വാസത്തില്‍ തന്നെയാണ് തുടങ്ങിയത്. പിന്നെ അതിലേക്കുള്ള കാസ്റ്റിങ് വലിയ ചലഞ്ചായിരുന്നു.
കാരണം നായികാപ്രാധാന്യമുള്ള സിനിമയാണ്. സോ കോള്‍ഡ്, മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്‍മാര്‍ക്ക് ആര്‍ക്കും അതിനകത്ത് വലിയൊരു സ്‌പേസില്ല. അതുകൊണ്ട് അവര്‍ക്കതിന് താത്പര്യവും ഉണ്ടാവില്ല.
നടന്‍ മുരളിയും ഞാനുമായിട്ട് വലിയ വ്യക്തിബന്ധമുണ്ട്. ഞാന്‍ ഏത് സിനിമയ്ക്ക് വിളിച്ചാലും ഏത് റോള്‍ ആണെന്ന് നോക്കാതെ വലുപ്പച്ചെറുപ്പം നോക്കാതെ അവന്‍ വരും. ഈ സിനിമയിലും മുരളിയെ തന്നെയാണ് ഞാന്‍ ആദ്യം മനസില്‍ കണ്ടത്.
എന്നാല്‍ നായികയുടെ കാര്യത്തില്‍ വലിയ ചലഞ്ചായിരുന്നു. ആദ്യമായി അപ്രോച്ച് ചെയ്തത് സുഹാസിനിയെ ആയിരുന്നു. ഞാനില്ല സാറേ എന്റെ ഇളയ കുഞ്ഞിന് ഒന്നര വയസ് ആകുന്നേയുള്ളൂ. എനിക്ക് അത് ചെയ്യാന്‍ പാടാണെന്ന് പറഞ്ഞു.
പിന്നെ രേവതിയെ അപ്രോച്ച് ചെയ്തു. കഥ കേട്ടപ്പോള്‍ രേവതി സാര്‍, ഒരു ദിവസം തരുമോ ഞാന്‍ രാത്രിയില്‍ ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ എന്നെ വിളിച്ചു. സാര്‍, ഈ കഥ കേട്ട ശേഷം എന്റെ മനസിന് ഭയങ്കര ഭാരമാണ്, എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോയെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു.
അതിന് ശേഷം ഒരു മറാഠി നടിയെ നോക്കി. പലരേയും നോക്കി. എല്ലാവരും ഇങ്ങനെ ഓരോന്ന് പറഞ്ഞ് മാറി. അപ്പോഴാണ് മാധവിയുടെ കാര്യം ആരോ പറയുന്നത്. മാധവിയെ പൊതുവെ അണ്‍ലക്കി ആയിട്ടാണ് അന്ന് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കണ്ടിരുന്നത്. മാധവി ചെയ്ത സിനിമകളൊന്നും ഓടിയിട്ടില്ല എന്ന് പറയുന്ന ഒരു ചിന്തയുണ്ടായിരുന്നു.
ഞാന്‍ മാധവിയുടെ കാര്യം പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ മാധവി വേണോ എന്ന് ചോദിച്ചു. നമ്മുടെ കഥയില്‍ നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. അത് നന്നായി പെര്‍ഫോം ചെയ്യുന്ന ഒരു ആക്ട്രസ് വന്നാല്‍ അതല്ലേ നല്ലത് എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ ഞാന്‍ അവരെ ചെന്നു കണ്ട് സംസാരിച്ചു. അവര്‍ അപ്പോള്‍ തന്നെ ഓക്കെയായി.
കഥയിലുള്ള ഒരു വിശ്വാസമാണ് കാസ്റ്റിങ് നമുക്ക് എളുപ്പമാകുന്നത്. കഥയില്‍ ബലക്കുറവുണ്ടെങ്കില്‍ ഒരു ആക്ടറുടെ എന്‍ട്രിയോടെ അത് ബലപ്പെടുത്താം. ഇവിടെ പക്ഷേ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Malayalam Actress Rejected that role Sibi Malayil About Aakashadooth Movie and Casting