Entertainment
പ്രേം നസീറിന്റെ അച്ഛനായി വരെ ആ നടന്‍ അഭിനയിച്ചിട്ടുണ്ട്, അഭിനയത്തോട് അയാള്‍ക്ക് ഒടുക്കത്തെ പാഷനാണ്: റീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 07, 07:02 am
Friday, 7th February 2025, 12:32 pm

1970 മുതല്‍ മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടിയാണ് റീന. 14ാം വയസില്‍ ചുക്ക് എന്ന ചിത്രത്തിലൂടെയാണ് റീന സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി 100ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ റീന അവതരിപ്പിച്ചു. മലയാളത്തിലെ അനശ്വരനടനായ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുയാണ് റീന.

അഭിനയത്തോട് അടങ്ങാത്ത പാഷനുള്ളയാളാണ് ജയനെന്ന് റീന പറഞ്ഞു. ജയന്‍ ആദ്യസിനിമയില്‍ അഭിനയിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നെന്നും സിനിമയില്‍ ഏത് റോളും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് അദ്ദേഹമെന്നും റീന കൂട്ടിച്ചേര്‍ത്തു. അഭിനയത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാളായിരുന്നു ജയനെന്നും റീന പറഞ്ഞു.

പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ പ്രേം നസീറിന്റെ അച്ഛനായാണ് ജയന്‍ അഭിനയിച്ചതെന്നും ആ സിനിമയില്‍ വിധുബാലയായിരുന്നു നായികയെന്നും റീന കൂട്ടിച്ചേര്‍ത്തു. ജയന്‍ ആ സിനിമയില്‍ പൊലീസ് ഓഫീസറായിരുന്നെന്നും പിരിഞ്ഞുപോയ മകനെ അവസാനം കണ്ടുമുട്ടുന്ന തരത്തിലുള്ള കഥയായിരുന്നു ആ സിനിമയുടേതെന്നും റീന പറഞ്ഞു.

അന്ന് ജയന്‍ വലിയ നടനായിട്ടില്ലായിരുന്നെന്നും ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ലെന്നും റീന കൂട്ടിച്ചേര്‍ത്തു. 1976ല്‍ അഗ്നിപുഷ്പം എന്ന സിനിമയുടെ സമയത്താണ് താന്‍ ജയനെ ആദ്യമായി കാണുന്നതെന്നും ആ സിനിമയില്‍ അദ്ദേഹത്തിന് ചെറിയൊരു വേഷമായിരുന്നെന്നും റീന പറഞ്ഞു. ആ സിനിമയില്‍ കമല്‍ ഹാസനായിരുന്നു നായകനെന്നും റീന കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു റീന.

‘ജയന്‍ ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് 1976ലാണ്. അഗ്നിപുഷ്പം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. കമല്‍ ഹാസനായിരുന്നു ആ പടത്തില്‍ നായകന്‍. ആ പടത്തില്‍ ചെറിയൊരു പൊലീസ് ഓഫീസറുടെ വേഷമായിരുന്നു ജയേട്ടന്. അദ്ദേഹം സിനിമയിലെത്തിയ സമയത്ത് ഞാന്‍ സിനിമയില്‍ അത്യാവശ്യം സജീവമായിരുന്നു.

 

അഭിനയത്തോട് അടങ്ങാത്ത പാഷനാണ് ജയേട്ടനുണ്ടായിരുന്നത്. എത്ര ചെറിയ വേഷമാണെങ്കിലും പുള്ളി ചെയ്യും. എന്താ പറയുക, അഭിനയത്തിന് വേണ്ടി മാത്രം ജീവിച്ച ആളായിരുന്നു പുള്ളി. പിക്ക് പോക്കറ്റ് എന്ന പടത്തില്‍ പ്രേം നസീറിന്റെ അച്ഛനായി ജയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ആ പടത്തില്‍ വിധുബാലയായിരുന്നു നായിക. പിരിഞ്ഞുപോയ മകനെ അവസാനം കണ്ടെത്തുന്ന കഥയായിരുന്നു ആ പടത്തിന്റേത്. അന്ന് പുള്ളി വലിയ നടനായിട്ടില്ലെങ്കിലും ആ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നില്ല,’ റീന പറഞ്ഞു.

Content Highlight: Malayalam actress Reena shares the memories of Actor Jayan