| Friday, 12th December 2014, 10:29 am

'ക്യാമറക്ക് മുന്നില്‍ അഭിനയിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു': ജുവല്‍ മേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എനിക്ക് ആവശ്യമായ പിന്തുണ തന്നതിന് സംവിധായകനോട് നന്ദിയുണ്ട്. ഒരു പുതുമുഖത്തെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്നത് അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആദ്യ ദിവസം ഞാന്‍ ചെയ്തത് എല്ലാവരുമായും പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയുമാണ്.



ഫേസ് ടു ഫേസ്: ജുവല്‍ മേരി
മൊഴിമാറ്റം: ജിന്‍സി


ഡി ഫോര്‍ ഡാന്‍സില്‍ അവതാരികയായി എത്തുന്നതുവരെ ടി.വി പ്രേക്ഷകര്‍ക്കു പോലും അത്ര പരിചയമില്ലാത്ത പേരായിരുന്നു ജുവല്‍ മേരിയുടേത്. മറ്റുള്ളവരെപ്പോലെ തന്നെ ജുവലിന്റെ അവതരണ ശൈലിയും തുടക്കത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ ജുവല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം തേടി. ഒപ്പം സലിം അഹമ്മദ് പോലുള്ള ചില പ്രമുഖ സംവിധായകരുടെയും. അങ്ങനെ, ജുവലും ബിഗ് സ്‌ക്രീനിലെത്തുകയാണ്. മമ്മൂട്ടി നായകനാകുന്ന “പത്തേമാരി” എന്ന ചിത്രത്തിലൂടെ. ആദ്യ സിനിമയെക്കുറിച്ചും ചലച്ചിത്ര പ്രതീക്ഷകളെക്കുറിച്ചും ജുവല്‍ സംസാരിക്കുന്നു.

” പത്തേമാരി”യിലെ നായികയായെത്തിയത് എങ്ങനെയാണ്?

ഡി ഫോര്‍ ഡാന്‍സില്‍ അവതാരികയായ ശേഷം തമിഴില്‍ നിന്നും ചില ഓഫറുകള്‍ എന്നെത്തേടിയെത്തിയിരുന്നു. എന്നിരുന്നാലും, അഭിനയം കരിയറായി സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാനധികം ചിന്തിച്ചിരുന്നില്ല. അതുകൊണ്ട് ആ ഓഫറുകളെല്ലാം വേണ്ടെന്നുവെച്ചു. സലിം അഹമ്മദിന്റെ ഓഫര്‍ വന്നതും ഞാന്‍ ആ സിനിമയുടെ ഭാഗമായതുമെല്ലാം വെറും നാലുദിവസം കൊണ്ടു സംഭവിച്ച കാര്യമാണ്. എനിക്കൊപ്പം പരിപാടി അവതരിപ്പിക്കുന്ന ഗോവിന്ദ് പത്മസൂര്യയില്‍ നിന്നുമാണ് അദ്ദേഹം എന്റെ നമ്പര്‍ സംഘടിപ്പിച്ചത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു അടുത്ത ദിവസമാണ് സ്‌ക്രീന്‍ ടെസ്റ്റെന്ന്. മൂന്നു വിഭിന്ന ഗെറ്റപ്പുകളില്‍ പിറ്റേന്ന് ഞാന്‍ ഓഡീഷനില്‍ പങ്കെടുത്തു. സംവിധായകനും മമ്മൂക്കയ്ക്കും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമെല്ലാം അതിഷ്ടമായി. അങ്ങനെ ആ ചിത്രത്തിലെ നായികയായി. എന്നെത്തേടിയെത്തിയ മറ്റു ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഈ ചിത്രം ചെയ്യണമെന്ന താല്‍പര്യം എന്നിലുണ്ടായിരുന്നു.

സെറ്റിലെ അനുഭവങ്ങള്‍..

എനിക്ക് ആവശ്യമായ പിന്തുണ തന്നതിന് സംവിധായകനോട് നന്ദിയുണ്ട്. ഒരു പുതുമുഖത്തെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്നത് അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആദ്യ ദിവസം ഞാന്‍ ചെയ്തത് എല്ലാവരുമായും പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയുമാണ്. രണ്ടാമത്തെ ദിവസം അഭിനയിക്കുകമാത്രമാണ് ചെയ്തത്. അതിനുശേഷമാണ് എനിക്ക് ഡയലോഗുകള്‍ തന്നത്. എല്ലാ കാര്യങ്ങളും പടിപടിയായി അദ്ദേഹം എനിക്കു പറഞ്ഞു തന്നു.

മമ്മൂക്ക ഏറെ ഉയരങ്ങളില്‍ നില്‍ക്കുന്ന താരമായതിനാല്‍ ആദ്യം അദ്ദേഹത്തോട് ഇടപഴകാന്‍ വളരെ മടിയായിരുന്നു. അദ്ദേഹം വളരെ ശാന്ത സ്വഭാവക്കാരനാണെന്നു മനസിലായപ്പോള്‍ എനിക്ക് വലിയ ആശ്വാസം തോന്നി. അദ്ദേഹം നമ്മളെ വിളിച്ച് അടുത്തിരുത്തി എന്താണ് ചെയ്യേണ്ടെന്ന് നിര്‍ദേശം തരികയും വിശദീകരിക്കുകയും ചെയ്യും, ഒരു മാര്‍ഗദര്‍ശിയെപ്പോലെ. എന്നെ ഏറെ സ്വാധീനിച്ച ആദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്- “ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കാന്‍ ശ്രമിക്കരുത്, സാധാരണത്തെ പോലെ പെരുമാറുക മാത്രം ചെയ്താല്‍ മതി.” കൂടാതെ അദ്ദേഹത്തിനൊപ്പമുള്ള സീനുകള്‍ വളരെ എളുപ്പമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്തുണ്ടാവുന്ന വികാരങ്ങള്‍ നമ്മളും അതേ രീതിയില്‍ അഭിനയിക്കാനുള്ള വെല്ലുവിളിയായി തോന്നും. പതുക്കെ പതുക്കെ ഞാന്‍ സ്വയം ശാന്ത സ്വഭാവമുള്ളവളായി മാറി. ഗോവിന്ദ് പത്മസൂര്യയും ഡി ഫോര്‍ ഡാന്‍സിലെ മറ്റുള്ളവരും കളിയാക്കി പറയും, ” നീ സെറ്റില്‍ വളരെ ശാന്ത സ്വഭാവമുള്ളവളാണെന്ന് പറയുന്നതു കേട്ടല്ലോയെന്ന്.” ഈ ചിത്രം ജനുവരിയില്‍ തിയ്യേറ്ററുകളിലെത്തും.

ടി.വി അവതാരികയെന്ന നിലയില്‍ ഏറെ ശ്രദ്ധനേടിയല്ലോ..

എന്റെ ആദ്യ ടിവി ഷോയാണ് ഡി ഫോര്‍ ഡാന്‍സ്. ഓഡീഷനിലൂടെയാണ് ഞാന്‍ ആ ഷോയിലേക്കെത്തുന്നത്. മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും കുറച്ചു വ്യത്യസ്തമായ പരിപാടിയായതുകൊണ്ട് ആളുകള്‍ തുടക്കത്തില്‍ അതിന്റെ നാടകീയതയെ സ്വീകരിച്ചില്ല. പതുക്കെ അവര്‍ ഞങ്ങളുടെ അവതരണ രീതിയെ സ്വീകരിച്ചു തുടങ്ങി. അതോടെ പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ പോലെയായി. ആളുകള്‍ എന്നെ അടുത്ത വീട്ടിലെ കുട്ടിയെപ്പോലെയാണ് പരിഗണിക്കാറുള്ളത്. എന്റടുത്ത് വരാനും സംസാരിക്കാനുമൊന്നും അവര്‍ക്ക് ഒട്ടും മടി തോന്നാറില്ല. ഷോയുടെ അന്തരീക്ഷം നിങ്ങള്‍ ടിവിയില്‍ കാണുന്നതുപോലെ തന്നെ ഏറെ രസകരമാണ്.

ഞങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റനുസരിച്ച് സംസാരിക്കേണ്ട, ഞങ്ങളുടെ തന്നെ വാക്കുകളില്‍ ഇടപെടാം. എന്റെ മലയാളം നല്ലതാണെന്ന് എല്ലാവരും അഭിനന്ദിക്കാറുണ്ട്. കുറേക്കാലത്തിനുശേഷമാണ് ഒരു അവതാരിക നല്ല മലയാളത്തില്‍ സംസാരിച്ചു കേള്‍ക്കുന്നതെന്ന് പറയാറുണ്ട്. സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കാനായി എപ്പിസോഡുകളുടെ ഷൂട്ട് അഡ്ജസ്റ്റു ചെയ്തു തരാറുണ്ട് ചാനല്‍.

ഗോവിന്ദ് പത്മസൂര്യയുമായുള്ള കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്…

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ടിവിയില്‍ കാണുന്ന ജുവലും, ഗോവിന്ദ് പത്മസൂര്യയുമല്ല യഥാര്‍ത്ഥ ജീവിതത്തില്‍. മുന്‍നിശ്ചയിച്ച പ്രകാരമുള്ള അഭിനയമാണത്.

ഡി ഫോര്‍ ഡാന്‍ സീസണ്‍ 2 വിന്റെ ഭാഗമാകാത്തതെന്തുകൊണ്ടാണ്?

അത് വലിയൊരു ഉത്തരവാദിത്തമാണ്. എനിക്ക് കുറച്ചു വിശ്രമിക്കണം. പിന്നെ എന്റെ ചിത്രത്തിന്റെ കാര്യമുണ്ട്. മറ്റു ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട്.

വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയോ?

എല്ലാ പെണ്‍കുട്ടികളെയും പോലെ എനിക്കും വിവാഹ സ്വപ്‌നങ്ങളുണ്ട്. പക്ഷെ ഇപ്പോള്‍ വിവാഹത്തിനുള്ള പദ്ധതിയില്ല.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

We use cookies to give you the best possible experience. Learn more