| Sunday, 8th January 2023, 9:18 am

അന്ന് എത്ര ബക്കറ്റ് കണ്ണീര്‍ എടുത്തെന്ന് അറിയില്ല, കൃപാസനം വഴി യൂട്യൂബ് ചാനലിന് നല്ല റീച്ച് കിട്ടി: ധന്യ മേരി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തില്‍ പോയി സാക്ഷ്യം പറഞ്ഞതിന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നയാളാണ് സിനിമ, സീരിയല്‍ താരം ധന്യ മേരി വര്‍ഗീസ്. സാക്ഷ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയും ചെയ്തിരുന്നു.
കൃപാസനം സ്ഥാപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സമയത്ത് തന്നെയാണ് ധന്യയുടെ വീഡിയോയും വൈറലായത്.

കൃപാസനത്തില്‍ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞതെന്നായിരുന്നു ഉയര്‍ന്ന് വന്ന വിമര്‍ശനം. അന്നുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ക്ക് താരമിപ്പോള്‍ മറുപടി പറയുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സാക്ഷ്യം പറഞ്ഞപ്പോള്‍ ഡേറ്റ് മാറി പോയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇവരതെടുത്ത് യൂട്യൂബില്‍ ഇടുമെന്നോ ലക്ഷ കണക്കിന് ആളുകള്‍ അത് കണ്ടിട്ട് നമ്മളെ ട്രോളാന്‍ വരുമെന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. ഡേറ്റ് തെറ്റിയെന്നുള്ളത് ഞാന്‍ അങ്ങനെയങ്ങ് വിട്ടിരുന്നു. പിന്നീട് ട്രോളുകള്‍ വന്നപ്പോഴാണ് എനിക്ക് മനസിലായത് ഡേറ്റല്ല ഞാന്‍ പോയതാണ് പ്രശ്നമെന്ന്.

കൃപാസനം പോലെയൊരു സ്ഥലത്ത് ഞാന്‍ പൈസ വാങ്ങി ചെയ്യേണ്ട കാര്യമൊന്നുമല്ല. ഞാന്‍ ഒരു വിശ്വാസിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസികള്‍ ആരും അങ്ങനെ ചെയ്യില്ല. അത് നമ്മുടെ വിശ്വാസത്തെ ബാധിക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ഫീലായി.

ശരിക്കും അപ്പോഴാണ് ഞാന്‍ കൃപാസനത്തെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങള്‍ കേള്‍ക്കുന്നത്. ഞങ്ങള്‍ അതിനുശേഷം യൂട്യൂബിലൂടെ അതിന് മറുപടിയൊക്കെ കൊടുത്തിരുന്നു. അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണെന്നൊക്കെ പറഞ്ഞു. എന്നാല്‍ അത് നടന്ന വര്‍ഷം ഞങ്ങള്‍ പറഞ്ഞിരുന്നില്ല. 2020ലാണ് അത് സംഭവിക്കുന്നത്. അപ്പോഴാണ് അമ്മക്ക് കാന്‍സര്‍ വരുന്നത്.

ശരിക്കും അമ്മയുടെ ആവശ്യത്തിനല്ല ഞാന്‍ അവിടെ പോയത്. എനിക്ക് രണ്ടു മൂന്ന് ആവശ്യങ്ങള്‍ ഉണ്ടായിരുന്നു അതില്‍ മെയിന്‍ ആവശ്യം സഹോദരന്റെ വിവാഹമായിരുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴാണ് അമ്മയുടെ അസുഖമൊക്കെ കണ്ടുപിടിക്കുന്നത്. എനിക്ക് എല്ലാ തിങ്കളാഴ്ചയും അവിടെ പോയി പ്രാര്‍ത്ഥിക്കണമായിരുന്നു. അങ്ങനെ ഒരു തിങ്കളാഴ്ചയായിരുന്നു അമ്മയുടെ സര്‍ജറി. ഞാന്‍ അവിടെ പോയിട്ട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. എത്ര ബക്കറ്റ് കണ്ണീര്‍ എടുക്കാമെന്ന് അറിയില്ലന്നൊക്കെ പറയില്ലേ. അതുപോലെയായിരുന്നു ഞാന്‍ കരഞ്ഞത്.

ഇങ്ങനെ ഒരു അസുഖം വന്ന് കഴിയുമ്പോള്‍ പിന്നെ ടെന്‍ഷനായിരിക്കും. നമുക്ക് എല്ലാ ദൈവത്തെയും വിളിക്കാന്‍ തോന്നും. വിശ്വാസമൊക്കെ കൂടിവരും. അന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോള്‍ കുറെ വാഹനങ്ങളിലൊക്കെ മുട്ടിയും ഉരസിയുമൊക്കെയാണ് പോയത്.

അങ്ങനെയൊക്കെ പോയ ഒരാള്‍ ഇതൊക്കെ നുണയാണെന്ന് പറയുമ്പോളുണ്ടാകുന്ന ഫീലുണ്ടല്ലോ അതെനിക്ക് വിശദീകരിക്കാനോ അഭിനയിക്കാനോ കഴിയാത്തതിന്റെ കുഴപ്പമുണ്ട്. പിന്നെ അത് പറയുമ്പോള്‍ അതൊക്കെ എന്റെ ഉള്ളില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് ഫലിപ്പിക്കാനൊന്നും എനിക്കറിയില്ല. എനിക്ക് സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ. അതൊക്കെ എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്തായാലും ഈ വിവാദങ്ങള്‍ വഴി ഞങ്ങളുടെ യൂട്യൂബ് ചാനലിന് നല്ല റീച്ച് കിട്ടിയിട്ടുണ്ട്,’ ധന്യ പറഞ്ഞു.

content highlight: malayalam actress dhanya mary varghese talks about kripasanam

We use cookies to give you the best possible experience. Learn more