ബിഗ് ബോസ് എനിക്കൊരു ട്രോമയാണ്; പുറത്തിറങ്ങിയപ്പോള്‍ ലൈഫ് ആകെ മാറിപ്പോയിരുന്നു: ആര്യ
Entertainment news
ബിഗ് ബോസ് എനിക്കൊരു ട്രോമയാണ്; പുറത്തിറങ്ങിയപ്പോള്‍ ലൈഫ് ആകെ മാറിപ്പോയിരുന്നു: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd June 2023, 3:16 pm

ബിഗ് ബോസ് എന്ന പ്രോഗ്രാം തനിക്കൊരു ട്രോമയാണെന്നും അതിന് ശേഷം തന്റെ ലൈഫ് ആകെ മാറിപ്പോയെന്നും നടി ആര്യ. ആ സമയത്ത് തനിക്കൊരു ബ്രേക്കപ്പ് നേരിടേണ്ടിവന്നുവെന്നും പതിയെ താനൊരു ഡിപ്രഷന്‍ സ്റ്റേജിലേക്ക് തള്ളപ്പെട്ടുവെന്നും ആര്യ പറഞ്ഞു.

ആ പ്രോഗ്രാമിന് ശേഷം തനിക്കൊരുപാട് ഹേറ്റേഴ്‌സ് ഉണ്ടായെന്നും പക്ഷേ ഒരാള്‍ പോലും തന്നോടത് നേരിട്ട് പ്രകടിപ്പിച്ചിരുന്നില്ലെന്നും ആര്യ പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.

‘ബിഗ് ബോസ് എന്ന പ്രോഗ്രാം എനിക്കൊരു ട്രോമയാണ്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എന്റെ ലൈഫ് ആകെ മാറിപ്പോയിരുന്നു. ആ പ്രോഗ്രാമിന് ശേഷം എനിക്കൊരുപാട് ഹേറ്റേഴ്‌സ് ഉണ്ടായി.

പക്ഷേ ഒരാള്‍ പോലും എന്നോടത് നേരിട്ട് പ്രകടിപ്പിച്ചിരുന്നില്ല. എല്ലാ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു. ബിഗ് ബോസില്‍ നിന്ന് ആകെ നേടാനായത് കുറച്ച് നല്ല സുഹൃത്തുക്കളെ മാത്രമാണ്. പിന്നെ കുറച്ച് പൈസയും, ‘ ആര്യ പറഞ്ഞു.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ആക്രമണം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ഡിപ്രഷന്‍ സ്റ്റേജിലേക്ക് തള്ളപ്പെട്ടുപോയിരുന്നെന്നും ആര്യ പറഞ്ഞു. തന്റെ സുഹൃത്തുക്കളും ഫാമിലിയുമാണ് തന്നെ മോശം അവസ്ഥയില്‍ നിന്ന് കരകയറ്റിയതെന്നും നടി പറഞ്ഞു.

‘ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ആക്രമണം എന്നെ വല്ലാതെ ബാധിച്ചിരുന്നു. ആ സമയത്ത് ലോക്ഡൗണുമായിരുന്നു. എനിക്കൊരു ബ്രേക്കപ്പും നേരിടേണ്ടിവന്നത് ആ സമയത്ത് തന്നെയായിരുന്നു. അങ്ങനെ ഞാന്‍ ഡിപ്രഷനിലേക്ക് തള്ളപ്പെട്ടു. മൂന്ന് മാസത്തിന് ശേഷം ഡിപ്രഷന്റെ വളരെ മോശം അവസ്ഥയിലേക്ക് ഞാന്‍ എത്തി. എനിക്ക് പാനിക് അറ്റാക്കുകളുണ്ടായിരുന്നു.

ആ ഒരവസ്ഥയില്‍ നിന്ന് എന്നെ നോര്‍മലായ അവസ്ഥയിലേക്കെത്തിച്ചത് സുഹൃത്തുക്കളാണ്. അവരെന്നെ മനസിലാക്കിയത് കൊണ്ടാണ് എനിക്ക് സര്‍വൈവ് ചെയ്യാന്‍ സാധിച്ചത്. ഫ്രണ്ട്‌സ് മാത്രമല്ല എന്റെ ഫാമിലിയും സപ്പോര്‍ട്ടീവായിരുന്നു. ഇവരെല്ലാവരും ഉണ്ടായതുകൊണ്ടാണ് ഞാന്‍ തിരിച്ചുവരാന്‍ കാരണം.

ലൈഫില്‍ തകര്‍ന്ന് തരിപ്പണമായ സന്ദര്‍ഭങ്ങളില്‍ നിന്ന് എന്നെ കരകയറ്റിയത് എന്റെ സുഹൃത്തുക്കളാണ്. അവരില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ വല്ല മാനസിക ആരോഗ്യകേന്ദ്രത്തിലും ആയിരിക്കും.

വേറെ കാര്യങ്ങളിലേക്കെന്റെ ശ്രദ്ധ തിരിച്ചുവിടുകയും മറ്റു കാര്യങ്ങളില്‍ എന്നെ എന്‍ഗേജ് ചെയ്യിപ്പിക്കുകയും ചെയ്തതൊക്കെ അവരാണ്. അവരങ്ങനെയൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ഇത് കയ്യില്‍ നിന്നും പോകേണ്ട കേസായിരുന്നു, ‘ ആര്യ പറഞ്ഞു.


Content Highlights: Malayalam Actress Arya about Big Boss programme and her traumas