അന്തരിച്ച തമിഴ് നടന് വിവേകിന് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. വിവേകിന്റെ വേര്‍പാട് ഞെട്ടിക്കുന്നുവെന്നും അങ്ങേയറ്റത്തെ വേദന തോന്നുന്നുവെന്നുമാണ് മലയാള താരങ്ങള്‍ പ്രതികരിച്ചത്.
നടന്മാരായ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തിയത്.
‘ഹൃദയം നിറഞ്ഞ അനുശോചനം’ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. തികച്ചും ഹൃദയഭേദകം എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. നിങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ എത്രയോ നാളായി അടുത്തറിയാവുന്ന ഒരാളായി തോന്നുമായിരുന്നെന്നും ദുല്‍ഖര്‍ കുറിച്ചു.
അങ്ങയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രാര്‍ത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു എന്നുമാണ് പൃഥ്വിരാജ് കുറിച്ചത്.
നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് ആത്മശാന്തി നേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടന്‍ ജയസൂര്യയും സംവിധായകന്‍ ഷാജി കൈലാസും അനുശോചനം അറിയിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിവേക് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വിവേക് കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചിരുന്നു. ഇതാണ് ഹൃദയാഘാതത്തിന് കാരണമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിനുണ്ടായ ഹൃദയാഘാതവും വാക്സിനും തമ്മില്‍ ബന്ധമില്ലെന്ന് തമിഴ്നാട് ആരോഗ്യവിഭാഗം സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചു.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Malayalam Actors Remember Actor Vivek