ഇന്ത്യന്‍ സിനിമയില്‍ മറ്റ് ഇന്‍ഡസ്ട്രികളിലെക്കാള്‍ മികച്ച നടന്മാരാല്‍ സമ്പന്നമാണ് മലയാള സിനിമ. നാച്ചുറല്‍ ആക്ടിങ്ങിന്റെ കാര്യത്തില്‍ നമ്മുടെ ആര്‍ട്ടിസ്റ്റുകള്‍ മറ്റ് സൂപ്പര്‍സ്റ്റാറുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇവിടെ നിന്ന് പോകുന്ന നടന്മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അന്യഭാഷാ നടന്മാര്‍ പലപ്പോഴും പ്രയാസപ്പെടുന്നത് കാണാന്‍ സാധിക്കും.
എന്നാല്‍ നമ്മുടെ നടന്മാരുടെ വാല്യു മനസ്സിലാക്കാതെ വെറും രണ്ടാംകിട വേഷങ്ങള്‍ പലപ്പോഴും അന്യഭാഷയില്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരില്‍ തുടങ്ങി ഏറ്റവുമൊടുവില്‍ ഫഹദില്‍ വരെ ആ ലിസ്റ്റ് എത്തിനില്‍ക്കുന്നുണ്ട്. ഇവരുടെ കരിയര്‍ ബെസ്റ്റ് വേഷവും കരിയര്‍ വേര്‍സ്റ്റും അന്യഭാഷയില്‍ പിറവികൊണ്ടു എന്നതും ശ്രദ്ധേയമാണ്.
മോഹന്‍ലാല്‍
തമിഴിലും തെലുങ്കിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്. തമിഴ് ജനതയുടെ നായകനായ എം.ജി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ഇരുവരാണ് തമിഴില്‍ മോഹന്‍ലാലിന്റെ മികച്ച പെര്‍ഫോമന്‍സ്. എന്നാല്‍ ചിത്രം വന്‍ പരാജയമായി മാറി. പിന്നീട് തമിഴില്‍ നിന്ന് മോഹന്‍ലാല്‍ എന്ന നടന് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ എത്തിയില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ജില്ല എന്ന വിജയ് ചിത്രത്തില്‍ കുറച്ചെങ്കിലും ഭേദപ്പെട്ട വേഷം ചെയ്യാന്‍ സാധിച്ച മോഹന്‍ലാലിനെ കാപ്പാന്‍ എന്ന ചിത്രത്തില്‍ ഒരു പ്രാധാന്യവുമില്ലാത്ത വേഷം നല്‍കി സൈഡാക്കി. നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറില്‍ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചതാണ് എടുത്തുപറയാന്‍ കഴിയുന്ന ഒരു വേഷം.
തന്റെ സ്റ്റാര്‍ഡത്തിന് ചേരുന്ന വേഷങ്ങള്‍ മാത്രമേ അന്യഭാഷകളില്‍ മമ്മൂട്ടി ചെയ്യുകയുള്ളൂ. തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ വില്ലനാകാമോ എന്ന് ചോദിച്ച സംവിധായകന് അദ്ദേഹം നല്‍കിയ മറുപടി ഇന്നും ചര്‍ച്ചയാകുന്നുണ്ട്. മണിരത്‌നം ചിത്രമായ ദളപതിയിലെ ദേവ, ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ യാത്ര, ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ അംബേദ്കറിന്റെ ബയോപിക് അംബേദ്കറിലെ നായകവേഷം എന്നീ ചിത്രങ്ങള്‍ അന്യഭാഷയില്‍ പോയി മമ്മൂട്ടി വിസ്മയിപ്പിച്ച വേഷങ്ങളാണ്.
എന്നാല്‍ അത്രക്ക് മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനുള്ള മമ്മൂട്ടിക്കും അന്യഭാഷയില്‍ കൈപൊള്ളിയിട്ടുണ്ട്. അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റില്‍ മമ്മൂട്ടി ചെയ്ത വേഷം വലിയ രീതിയല്‍ ട്രോളിന് വിധേയമായി. കേണല്‍ മഹാദേവ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം വേഷങ്ങളിലൊന്നായി മാറി.
മലയാളത്തിന് പുറമെ തമിഴിലും ഒരുപോലെ തിളങ്ങിയ നടനാണ് ജയറാം. കരിയറിന്റെ തുടക്കത്തില്‍ നിരവധി നായകവേഷങ്ങള്‍ ചെയ്ത ജയറാം കമല്‍ ഹാസനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങളിലും തിളങ്ങി. തെനാലി എന്ന സിനിമയില്‍ കമല്‍ ഹാസനെ വരെ സൈഡാക്കിയ പെര്‍ഫോമന്‍സ് ജയറാമിന് നിരവധി പ്രശംസ നേടിക്കൊടുത്തു. ആ വര്‍ഷത്തെ തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡില്‍ പ്രത്യേക പുരസ്‌കാരവും ജയറാമിനെ തേടിയെത്തി.
മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പ്രധാനവേഷങ്ങളിലൊന്നായ ആള്‍വാര്‍ക്കടിയാന്‍ നമ്പി എന്ന കഥാപാത്രം ജയറാം അതിഗംഭീരമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ജയറാമിന്റെ പൊട്ടന്‍ഷ്യലിന് ചേരാത്ത വേഷങ്ങളാണ് താരത്തെ തേടിയെത്തുന്നത്. രാധേ ശ്യാം, ഗുണ്ടൂര്‍ കാരം, ധമാക്ക, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ റേഞ്ചിന് ചേരാത്ത വേഷങ്ങളായിരുന്നു.
പൃഥ്വിരാജ്
കരിയറിന്റെ തുടക്കത്തില്‍ തന്നെ തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ മാത്രം ചെയ്യാന്‍ സാധിച്ച മറ്റൊരു നടനാണ് പൃഥ്വിരാജ്. കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി തമിഴില്‍ അരങ്ങേറിയത്. ആദ്യ തമിഴ് സിനിമയുടെ യാതൊരു പരിഭ്രമവുമില്ലാതെ ചിത്രത്തിലെ വില്ലന്‍ വേഷം പൃഥ്വി ഗംഭീരമായി അവതരിപ്പിച്ചു. മൊഴി, പാരിജാതം, വെള്ളിത്തിരൈ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായ പൃഥ്വി മണിരത്‌നം സംവിധാനം ചെയ്ത രാവണനിലെ ദേവ എന്ന കഥാപാത്രത്തിലൂടെ സിനിമാലോകത്തെ ഞെട്ടിച്ചു.
വസന്തബാലന്‍ സംവിധാനം ചെയ്ത കാവ്യ തലൈവനിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് പൃഥ്വി കൈക്കലാക്കി. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും തന്റെ റേഞ്ചിന് ചേരുന്ന വേഷങ്ങള്‍ മാത്രമായിരുന്നു പൃഥ്വി തെരഞ്ഞെടുത്തത്. സലാറില്‍ പ്രഭാസിനൊപ്പം നില്‍ക്കുന്ന വേഷം ചെയ്ത് കൈയടികള്‍ വാരിക്കൂട്ടിയ പൃഥ്വിക്ക് ബഡേ മിയാന്‍ ചോട്ടേ മിയാനില്‍ പാളിച്ച വന്നു. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമകളിലൊന്നില്‍ പൃഥ്വിയുടെ വേഷം ട്രോളുകള്‍ വാരിക്കൂട്ടിയിരുന്നു.
ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് ഫഹദ്. വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ അന്യഭാഷയില്‍ സാന്നിധ്യമറിയിച്ച ഫഹദ് പിന്നീട് തമിഴര്‍ക്കിടയില്‍ സെന്‍സേഷനായി മാറി. ഏത് ചിത്രമായാലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ തന്നെ അടയാളപ്പെടുത്താന്‍ ഫഹദിന് സാധിച്ചു. വിക്രത്തിലെ അമര്‍, സൂപ്പര്‍ ഡീലക്‌സിലെ മുകിലന്‍ എന്നീ വേഷങ്ങള്‍ ശ്രദ്ധേയമായപ്പോള്‍ മാമന്നനിലെ വില്ലന്‍ വേഷം നായകനും മുകളില്‍ പോയി.
സുകുമാര്‍ സംവിധാന ചെയ്ത പുഷ്പ ദ റൈസിലെ വില്ലന്‍ വേഷം ഫഹദിനെ പാന്‍ ഇന്ത്യന്‍ തലത്തിലേക്കുയര്‍ത്തി. വെറും 20 മിനിറ്റ് മാത്രമുള്ള വേഷത്തിലൂടെ നായകനൊപ്പം നില്‍ക്കുന്ന വില്ലനായി ഫഹദ് മാറി. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഫഹദ് എന്ന നടന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമായി മാറി. ഒരു വില്ലനെ എങ്ങനെ അവതരിപ്പിക്കാന്‍ പാടില്ല എന്നതിന്റെ ഉദാഹരണമായി ഭന്‍വര്‍ സിങ് ഷെഖാവത് മാറി.
ഇവരില്‍ നിന്ന് വ്യത്യസ്തനാണ് ദുല്‍ഖര്‍ എന്ന് പറയേണ്ടി വരും. ഓ.കെ. കണ്മണി മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ലക്കി ഭാസകര്‍ വരെ എടുത്തുനോക്കിയാല്‍ ദുല്‍ഖര്‍ ഒരിക്കലും തന്റെ റേഞ്ചിന് ചേരാത്ത വേഷങ്ങള്‍ ചെയ്തിട്ടില്ല. അന്യഭാഷകളില്‍ ചെല്ലുമ്പോള്‍ തങ്ങളുടെ വലിപ്പത്തിന് ചേര്‍ന്ന വേഷങ്ങള്‍ മാത്രം ചെയ്യാന്‍ നമ്മുടെ നടന്മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, അവരുടെ വില നമ്മളെപ്പോലെ മനസിലാക്കിയവര്‍ വേറെയുണ്ടാകില്ല.
Content Highlight: Malayalam actor’s bad characters in other languages