| Friday, 15th March 2019, 3:06 pm

എസ്.പി.ജി നിര്‍ദേശമുണ്ടായിട്ടും രാഹുലിന്റെ സന്ദര്‍ശന ഫോട്ടോ മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കാതെ വഞ്ചിച്ച് മനോരമ: വ്യാപക പ്രതിഷേധവുമായി ഫോട്ടോഗ്രാഫര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പെരിയയിലെ കൃപേഷിന്റെ വീട് സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം എല്ലാമാധ്യമങ്ങള്‍ക്കുമായി എടുത്തുനല്‍കാമെന്ന് ഉറപ്പ് നല്‍കി മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വഞ്ചിച്ചതായി ഫോട്ടോഗ്രാഫര്‍മാര്‍.

മലയാള മനോരമയുടെ ഫോട്ടോഗ്രാഫര്‍ക്ക് മാത്രമാണ് രാഹുല്‍ ഗാന്ധിക്കൊപ്പം കൃപേഷിന്റെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ എസ്.പി.ജിയുടെ അനുമതിയുണ്ടായിരുന്നത്. മറ്റു മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ മനോരമ ഫോട്ടോഗ്രാഫര്‍ ഫോട്ടോ മറ്റുള്ളവര്‍ക്കെല്ലാം നല്‍കുമെന്ന് രാഹുല്‍ ഗാന്ധിയുടെ എസ്.പി.ജി ഉറപ്പുനല്‍കിയിരുന്നു. ഇത് മനോരമയുടെ ഫോട്ടോഗ്രാഫര്‍മാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഫോട്ടോയ്ക്കുവേണ്ടി ബന്ധപ്പെട്ടപ്പോള്‍ പടം നല്‍കേണ്ടെന്ന് സ്ഥാപനത്തില്‍ നിന്നും കര്‍ശന നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍മാര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നാണ് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നത്.

Also read:“പിടികിട്ടാപ്പുള്ളി!! ജവഹര്‍ലാല്‍ നെഹ്‌റുവെന്ന കൊടുംപാപി, ചെയ്ത കുറ്റങ്ങള്‍ ഇവയാണ്” ; മസൂദ് അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ദ ടെലഗ്രാഫ്

“എസ്.പി.ജി ഉറപ്പു തന്നതിനാലും എന്നും കാണുന്ന ഫോട്ടോഗ്രാഫര്‍ പറഞ്ഞതിനാലും പടം ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും ഒരു പ്രശ്‌നങ്ങള്‍ക്കും മുതിര്‍ന്നില്ല. അങ്ങനെ രാഹുല്‍ പോയതിന് ശേഷം ഓഫിസില്‍ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫര്‍ തനിനിറം കാണിച്ചത്. പടം നല്‍കേണ്ടെന്ന് മുതലാളി പറഞ്ഞുപോലും. അതും പറഞ്ഞു ഫോട്ടോഗ്രാഫര്‍ കൈ കഴുകി. എസ്.പി.ജിയുടെയും മനോരമ ഫോട്ടോഗ്രാഫര്‍മാരുടെയും വാക്കുവിശ്വസിച്ചാണ് മറ്റുള്ളവരെല്ലാം അടങ്ങിയത്. ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഇതല്ല പ്രൊഫെഷണലിസം. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ പടം നല്‍കുമെന്ന് സമ്മതിക്കരുതായിരുന്നു. ” എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന കേരളാ കൗമുദി ഫോട്ടോ ഗ്രാഫര്‍ ആയ അരുണ്‍ എ.ആര്‍.സി ഫേസ്ബുക്കില്‍ കുറിച്ചത്.

” നിങ്ങള് ഷെയര്‍ ചെയ്യില്ലേയെന്ന് എസ്.പി.ജിക്കാര്‍ ചോദിച്ചപ്പോള്‍ ആ ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ഉറപ്പുനല്‍കിയതാണ്” എന്നാണ് മനോരമയ്ക്കുവേണ്ടി ഫോട്ടോയെടുത്ത ധനേഷ് അശോകന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ഫോട്ടോ കൊടുക്കരുത് എന്ന് സ്ഥാപനത്തില്‍ നിന്ന് നിര്‍ദേശമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ താന്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

അതേസമയം, ഫോട്ടോ പുറത്ത് കൊടുക്കേണ്ടെന്ന് ഓഫീസില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞെന്നാണ് അരുണ്‍ അടക്കമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. “കോട്ടയം ഓഫീസില്‍ നിന്നും പടംകൊടുക്കേണ്ടായെന്നാ പറയുന്നത്. ഞാന്‍ എന്താ ചെയ്യുക. കോട്ടയത്തുനിന്നുള്ള നിര്‍ദേശം സ്‌ട്രോങ് ആയതുകൊണ്ടാണ്” എന്നാണ് ഫോട്ടോ ആവശ്യപ്പെട്ട ഒരാള്‍ക്ക് ധനേഷ് വാട്‌സ്ആപ്പില്‍ നല്‍കിയ മറുപടി.

മനോരമയുടെ വഞ്ചനയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

“മനോരമയില്‍ എത്തിക്കുന്ന ചരമഫോട്ടോകള്‍ മറ്റുപത്രങ്ങള്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ് വാങ്ങിവച്ച് സ്വന്തം പത്രത്തില്‍ മാത്രം കൊടുക്കുന്ന സൂപ്പര്‍ വിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ട്. ദുരന്തവീടുകളില്‍ കുതിച്ചെത്തി മരിച്ചവരുടെ ഫോട്ടോകളടങ്ങുന്ന ആല്‍ബംവരെ അടിച്ചുമാറ്റിയ സൂപ്പര്‍ ഇടപെടലിനെക്കുറിച്ചും കേട്ടിട്ടുണ്ട്. പക്ഷേ സഹജീവികളായ മറ്റു ഫോട്ടോഗ്രാഫര്‍മാരെ ഒന്നടങ്കം വഞ്ചിച്ചുനടത്തിയ ഈ കളിയുണ്ടല്ലോ അത് ഒരുമാതിരി ചീഞ്ഞ സൂപ്പര്‍ കളിയായിപ്പോയി” എന്നാണ് ഫോട്ടോഗ്രാഫറായ രമേഷ് കോട്ടൂളിയുടെ പ്രതികരണം.

“പെരിയയില്‍ ഇരട്ടക്കൊലപാതകം നടന്ന വീടുകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവര്‍ക്ക്, പ്രത്യേകിച്ചും ഫോട്ടോഗ്രാഫര്‍മാര്‍ക്ക്, അനുഭവപ്പെട്ട ഒരു കാര്യം എക്‌സ്‌ക്ലൂസിവ് എന്ന് പറയപ്പെടുന്ന ചിത്രത്തിന് വേണ്ടി ചിലര്‍ എത്രമാത്രം തരംതാഴാം എന്നതായിരുന്നു. “ഞങ്ങള്‍ക്ക് ഒരു മികച്ച ചിത്രം കിട്ടണം” എന്ന ആഗ്രഹത്തിനു പകരം മറ്റാര്‍ക്കും ഒരു ചിത്രം കിട്ടരുത് എന്ന് ഉറപ്പാക്കാന്‍ വേണ്ടി അവര്‍ ഏതറ്റം വരെ പോകും എന്ന് മനസ്സിലായി എന്ന് പറഞ്ഞത് മറ്റാരുമല്ല, പൊരിവെയിലില്‍ ക്യാമറയുമായി കാത്തുനിന്ന ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ. നേരിട്ട് കൊല്ലാന്‍ ധൈര്യമില്ലാത്തതിനാല്‍ പിറകില്‍ നിന്നും കുത്തി ഓടി രക്ഷപ്പെടുന്നവരോട് എന്തുപറയാന്‍? എന്നിട്ടെന്തുണ്ടായി? ലോകത്തു ഒരു ക്യാമറ മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചവരോട് പറയാനുള്ള ബാക്കി കഥ നമ്മുടെ സുഹൃത്തുക്കള്‍ തന്നെ പറയട്ടെ… വാക്കുകളെയും ചിത്രങ്ങളായും….” എന്നാണ് ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ സുധാകരന്‍ പി. പുറയത്ത് കുറിക്കുന്നത്.

We use cookies to give you the best possible experience. Learn more