കാപ്പനെ കുടുക്കിയത് മനോരമ ലേഖകന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്
Kerala
കാപ്പനെ കുടുക്കിയത് മനോരമ ലേഖകന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th December 2021, 3:45 pm

ന്യൂദല്‍ഹി: 2020 ഒക്ടോബര്‍ അഞ്ചിന് ഹാത്രസിലേക്കുള്ള യാത്രാ മധ്യേ അറസ്റ്റു ചെയ്യപ്പെട്ട മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്.

സിദ്ദിഖ് കാപ്പനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന, മലയാള മനോരമ ലേഖകന്‍ ബിനു വിജയന്റെ മൊഴിയാണ് പുറത്തുവന്നത്. കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ ന്യൂസ് ലോണ്ട്രിയാണ് പുറത്തുവിട്ടത്.

കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ ദല്‍ഹി സെക്രട്ടറിയായിരിക്കെ കാപ്പന്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വര്‍ഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യം തകര്‍ക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനുമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് ബിനു വിജയന്റെ മൊഴിയില്‍ പറയുന്നത്.

യു.പി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഉദ്യോഗസ്ഥര്‍ കാപ്പന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പ്രതിഭാഗം അഭിഭാഷകനായ മധുവന്‍ ദത്ത് ചതുര്‍വേദി പരിശോധിച്ചിക്കുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയവരെ കുറിച്ചുള്ള കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ന്യൂസ് ലോണ്ട്രി പുറത്തുവിട്ടത്.

മലയാള മനോരമയിലെ മാധ്യമ പ്രവര്‍ത്തകന്‍ ബിനു വിജയന്റെ മൊഴിയാണ് എസ്.ടി.എഫ് ( സ്‌പെഷ്യല്‍ ടാക്‌സ്‌ക് ഫോഴ്‌സ്) പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ലോണ്ട്രിയുടെ അന്വേഷണത്തില്‍ വ്യക്തമായത്. അതേസമയം ഫണ്ട് ദുര്‍വിനിയോഗം സംബന്ധിച്ച ബിനു വിജയന്റെ ആരോപണങ്ങള്‍ കെ.യു.ഡബ്ല്യു.ജെ നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബിനു വിജയന്‍. 2003 മുതല്‍ 2017 വരെ മലയാള മനോരമയുടെ ദല്‍ഹി കറസ്‌പോണ്ടന്റാണ് അദ്ദേഹം. നിലവില്‍ മലയാള മനോരമയിലെ പട്‌നയിലെ ലേഖകനാണ് ബിനു വിജയന്‍.

അതേസമയം സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരണമാരാഞ്ഞെങ്കിലും ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ ബിനു വിജയന്‍ തയ്യാറായില്ലെന്നും ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ആരാഞ്ഞ റിപ്പോര്‍ട്ടര്‍ക്ക് ചില അജണ്ടകളുണ്ടെന്നായിരുന്നു ബിനു വിജയന്റെ വാദമെന്നും ന്യൂസ് ലോണ്ട്രി പറയുന്നു.

അതേസമയം കാപ്പന്റേയും കെ.യു.ഡബ്ല്യു.ജെയിലെ മറ്റ് മാധ്യമപ്രവര്‍ത്തകരുടേയും വര്‍ഗീയ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നും തുടര്‍ന്നാണ് തങ്ങള്‍ ബിനു വിജയനിലേക്ക് എത്തിയതെന്നുമാണ് എസ്.ടി.എഫ് കുറ്റപത്രത്തില്‍ പറയുന്നത്.

കാപ്പനുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍, 2020 നവംബര്‍ 23 ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ അസോസിയേറ്റ് എഡിറ്റര്‍ ജി. ശ്രീദത്തന് ബിനു വിജയന്‍ മെയില്‍ അയച്ചിരുന്നെന്നും സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അവരുടെ ഡെയ്‌ലി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാപ്പന്‍ ശ്രീദത്തനെതിരെ ഉന്നയിച്ചിരുന്ന ചില ആരോപണങ്ങളെ കുറിച്ച് ന്യൂസ് ലോണ്ട്രി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറസ്റ്റ് നടക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീദത്തെനെതിരെ കാപ്പന്‍ മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ആശയപരമായ എതിര്‍പ്പുകളും ശ്രീദത്തനുണ്ടായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം സിദ്ദിഖ് കാപ്പന് എതിരായ മൊഴി രേഖപ്പെടുത്താന്‍ യു.പി എസ്.ടി.എഫിന്റെ നോയിഡ ഓഫീസിലേക്ക് വരാന്‍ ബിനു വിജയനോട് ആവശ്യപ്പെട്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീഷണിയുള്ളതു കാരണം വരില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു.

‘സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവരും രാജ്യത്തുടനീളം വര്‍ഗീയ പോരാട്ടത്തിനായി ആസൂത്രണം ചെയ്യുന്നവരാണ്. ഞാന്‍ അയച്ച മെയില്‍ എന്റെ മൊഴിയായി കണക്കാക്കണം,’ എന്നായിരുന്നു ബിനു വിജയന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഫോണില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2019 ല്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ (സിഎഎ) പ്രതിഷേധത്തെക്കുറിച്ചും ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തെക്കുറിച്ചും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതില്‍ കാപ്പന് പങ്കുണ്ടെന്നാണ് ബിനു വിജയന്റെ പ്രസ്താവനയുടെ ആദ്യഭാഗത്തില്‍ ആരോപിക്കുന്നത്.

കെ.യു.ഡബ്ല്യു.ജെയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സിദ്ദിഖ് കാപ്പന്‍ സംശയാസ്പദമായ രീതിയില്‍ പണം പിന്‍വലിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം.

2020 നവംബര്‍ 23-ന് ശ്രീദത്തന് അയച്ച ഇമെയിലില്‍, കെ.യു.ഡബ്ല്യു.ജെ ദല്‍ഹിയിലും കേരളത്തിലും നിരവധി സാമ്പത്തിക, സ്വത്ത് ക്രമക്കേടുകള്‍ നടത്തിയതായും ബിനു വിജയന്‍ ആരോപിച്ചിട്ടുണ്ട്.

കേരള സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് കെ.യു.ഡബ്ല്യു.ജെയുടെ ദല്‍ഹി യൂണിറ്റിനെതിരെ കേസെടുത്തിട്ടുണ്ടെന്നും 2018 മുതല്‍ കേരള ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തില്‍ പറയുന്നില്ല.

അതേസമയം 25 ലക്ഷം രൂപ ദുരുപയോഗം ചെയ്തെന്നത് തെറ്റായ ആരോപണമാണെന്നും ആ തുക കെ.യു.ഡബ്ല്യു.ജെയുടെ ദല്‍ഹി യൂണിറ്റിന്റെ അക്കൗണ്ടില്‍ ഉണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ചുള്ള ന്യൂസ് ലോണ്ട്രിയുടെ ചോദ്യത്തോടുള്ള കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി. റെജിയുടെ പ്രതികരണം.

2018ല്‍ ബിനു വിജയനു വേണ്ടി ഒരു അഭിഭാഷകന്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സംഭവം നടന്ന സ്ഥലം തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളുകയായിരുന്നെന്നും പിന്നീട് ബിനു വിജയന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയതോടെ വാദം കേള്‍ക്കാന്‍ കോടതി സമ്മതിക്കുകയുമായിരുന്നെന്നും കേസ് ഇപ്പോഴും നിലവിലുണ്ടെന്നും റെജി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം