കോഴിക്കോട്: വനിതാ മതിലിന് ബദലായി സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതിയില്‍ 21 ലക്ഷം പേര്‍ അണിനിരന്നെന്ന അവകാശവാദവുമായി മലയാള മനോരമ. പത്തുലക്ഷപേര്‍ അണിനിരന്നെന്ന് ശബരിമല കര്‍മ്മസമിതി പറയുമ്പോഴാണ് മലയാള മനോരമയുടെ ഈ അവകാശവാദം.
ആചാരസംരക്ഷണ പ്രതിജ്ഞയുമായി നാടെങ്ങും അയ്യപ്പജ്യോതി എന്ന തലക്കെട്ടോടെ ഇന്നിറങ്ങിയ പത്രത്തിലാണ് മലയാള മനോരമ അയ്യപ്പജ്യോതിയില്‍ 21 ലക്ഷത്തോളം പേര്‍ പങ്കെടുത്തെന്ന് അവകാശപ്പെടുന്നത്. വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായെന്നും പത്രം പറയുന്നു.
സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ പത്ത് ലക്ഷം പേര്‍ അയ്യപ്പജ്യോതി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല പറഞ്ഞിരുന്നു. അതിനെയെല്ലാം മറികടന്നു കൊണ്ടാണ് മലയാള മനോരമയുടെ ഈ അവകാശവാദം.
മനോരമയുടെ ഈ അവകാശവാദത്തിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. 765 കിലോമീറ്റര്‍ കേരളത്തിലൂടെയും തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കും കടക്കുന്ന രീതിയിലുമാണ് ക്രമീകരണമെന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മനോരമയെ കണക്കിന് പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
“ഒരു കിലോമീറ്റര്‍ എന്നത് 1000 മീറ്ററാണ്. 1 മീറ്റര്‍ ഇടവിട്ട് ഒരാള്‍ എന്ന പോലെ നിന്നാല്‍ ഈ 765 കിലോമീറ്റര്‍ കവര്‍ ചെയ്യാന്‍ 765000 ( ഏഴു ലക്ഷത്തി അറുപത്തി അയ്യായിരം) പേര്‍ മതി. ഇനി തിക്കിതിരക്കി രണ്ടു പേര്‍ വീതം നിന്നാല്‍ പോലും ഏകദേശം15 ലക്ഷം പേര്‍ മതി. പക്ഷേ ഈ രണ്ടു പേരുടെ കണക്കിട്ടു നോക്കിയാല്‍ പോലും വിളക്കുതെളിയിക്കാന്‍ ആളില്ലാതെ വന്ന പത്തിരുന്നൂറു കിലോമീറ്റര്‍ ദൂരത്തെ ഏതു കണക്കില്‍ പെടുത്തിയാല്‍ ഈ 21 ലക്ഷം എന്ന കണക്കില്‍ എത്താമെന്ന് മനോരമക്കാരനും ഒപ്പം ഇത് പൊക്കിപ്പിടിച്ചു നടക്കുന്ന സഘികളും പറഞ്ഞു തരണം” എന്നാണ് മനോരമയുടെ വാര്‍ത്തയെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ്.