അയ്യപ്പജ്യോതിയില്‍ 21 ലക്ഷം ഭക്തര്‍ അണിനിരന്നെന്ന് മലയാള മനോരമ; പത്തു ലക്ഷം പേരെന്ന് സംഘാടകര്‍
Sabarimala women entry
അയ്യപ്പജ്യോതിയില്‍ 21 ലക്ഷം ഭക്തര്‍ അണിനിരന്നെന്ന് മലയാള മനോരമ; പത്തു ലക്ഷം പേരെന്ന് സംഘാടകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 1:33 pm

കോഴിക്കോട്: വനിതാ മതിലിന് ബദലായി സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതിയില്‍ 21 ലക്ഷം പേര്‍ അണിനിരന്നെന്ന അവകാശവാദവുമായി മലയാള മനോരമ. പത്തുലക്ഷപേര്‍ അണിനിരന്നെന്ന് ശബരിമല കര്‍മ്മസമിതി പറയുമ്പോഴാണ് മലയാള മനോരമയുടെ ഈ അവകാശവാദം.

ആചാരസംരക്ഷണ പ്രതിജ്ഞയുമായി നാടെങ്ങും അയ്യപ്പജ്യോതി എന്ന തലക്കെട്ടോടെ ഇന്നിറങ്ങിയ പത്രത്തിലാണ് മലയാള മനോരമ അയ്യപ്പജ്യോതിയില്‍ 21 ലക്ഷത്തോളം പേര്‍ പങ്കെടുത്തെന്ന് അവകാശപ്പെടുന്നത്. വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായെന്നും പത്രം പറയുന്നു.

Read Also : അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ആവിശ്യപ്പെട്ടത് ഇന്നലെ ഉച്ചയ്ക്ക്; ആലോചിക്കാന്‍ സമയം കിട്ടിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ പത്ത് ലക്ഷം പേര്‍ അയ്യപ്പജ്യോതി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല പറഞ്ഞിരുന്നു. അതിനെയെല്ലാം മറികടന്നു കൊണ്ടാണ് മലയാള മനോരമയുടെ ഈ അവകാശവാദം.

മനോരമയുടെ ഈ അവകാശവാദത്തിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. 765 കിലോമീറ്റര്‍ കേരളത്തിലൂടെയും തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കും കടക്കുന്ന രീതിയിലുമാണ് ക്രമീകരണമെന്നും  റിപ്പോര്‍ട്ട് ചെയ്യുന്ന മനോരമയെ കണക്കിന് പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

“ഒരു കിലോമീറ്റര്‍ എന്നത് 1000 മീറ്ററാണ്. 1 മീറ്റര്‍ ഇടവിട്ട് ഒരാള്‍ എന്ന പോലെ നിന്നാല്‍ ഈ 765 കിലോമീറ്റര്‍ കവര്‍ ചെയ്യാന്‍ 765000 ( ഏഴു ലക്ഷത്തി അറുപത്തി അയ്യായിരം) പേര്‍ മതി. ഇനി തിക്കിതിരക്കി രണ്ടു പേര്‍ വീതം നിന്നാല്‍ പോലും ഏകദേശം15 ലക്ഷം പേര്‍ മതി. പക്ഷേ ഈ രണ്ടു പേരുടെ കണക്കിട്ടു നോക്കിയാല്‍ പോലും വിളക്കുതെളിയിക്കാന്‍ ആളില്ലാതെ വന്ന പത്തിരുന്നൂറു കിലോമീറ്റര്‍ ദൂരത്തെ ഏതു കണക്കില്‍ പെടുത്തിയാല്‍ ഈ 21 ലക്ഷം എന്ന കണക്കില്‍ എത്താമെന്ന് മനോരമക്കാരനും ഒപ്പം ഇത് പൊക്കിപ്പിടിച്ചു നടക്കുന്ന സഘികളും പറഞ്ഞു തരണം” എന്നാണ് മനോരമയുടെ വാര്‍ത്തയെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ്.