ചിത്രങ്ങള്‍ പിന്‍വലിച്ച മനോരമ പത്രത്തിലൂടെ ഖേദപ്രകടനവും ക്ഷമാപണവും നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതിരെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ ലക്കം ഭാഷാപോഷണി മനോരമ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചി: ജാതി-മത തീവ്രവാദികളുടെ ഭീഷണിയ്ക്കു വഴങ്ങി “ഭാഷാപോഷിണി”യുടെ കവര്‍ ചിത്രവും ഉള്ളിലെ ചിത്രവും പിന്‍വലിച്ച് മലയാള മനോരമ. മുസിരിസ് ബിനാലെയുടെ പ്രഥമ ക്യുറേറ്ററും സ്ഥാപക ഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വര്‍ഷം മുന്‍പ് രൂപകല്പന ചെയ്ത ശില്പത്തിന്റെ ചിത്രമടങ്ങിയ കവറും, നാടകകൃത്തും അധ്യാപകനും ഇയ്യോബിന്റെ പുസ്തകം സിനിമയുടെ തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിന് ടോംവട്ടക്കുഴി വരച്ച അന്ത്യ അത്താഴ ചിത്രവുമാണ് ഭീഷണിയ്ക്കു വഴങ്ങി മനോരമ പിന്‍വലിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ പിന്‍വലിച്ച മനോരമ പത്രത്തിലൂടെ ഖേദപ്രകടനവും ക്ഷമാപണവും നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതിരെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ ലക്കം ഭാഷാപോഷണി മനോരമ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
റിയാസ് കോമുവിന്റെ കലാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകത്തിലെ നിര്‍ബാധ്യത എന്ന അധ്യായം ഭാഷാപോഷിണി പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനമുള്‍ക്കൊള്ളുന്ന പതിപ്പിന്റെ കവര്‍ ചിത്രമായി റിയാസ് കോമു 11 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശില്പത്തിന്റെ ഫോട്ടോഗ്രാഫാണ് ഉപയോഗിച്ചത്. വിള്ളലുകളും പൂപ്പലുമുള്ള ശില്പം ഇത്തരമൊരു ചിത്രം ഗുരുവിനെ അപമാനിക്കുകയെന്ന ലക്ഷ്യമിട്ട് പ്രസിദ്ധീകരിച്ചതാണെന്നു പറഞ്ഞ് എസ്.എന്‍.ഡി.പിയോഗം ഉള്‍പ്പെടെയുള്ള ജാതി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.
മനോരമ ഖേദപ്രകടനം നടത്തുമെന്ന ഉറപ്പുതന്നതിനാല്‍ കവര്‍ പേജിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
“മനോരമ പ്രസിദ്ധീകരണമായ “”ഭാഷപോഷിണി””യില്‍ ശ്രീനാരായണ ഗുരുദേവനെ വികൃതമാക്കി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ തോമസ് ജേക്കബ് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തോട് നേരിട്ട് ഖേദം പ്രകടിപ്പിക്കുകയും, നാളെ തന്നെ വിഷയത്തില്‍ തിരുത്ത് നല്‍കാമെന്നും അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതിഷേധ പ്രക്ഷോഭ പരിപാടികളും നിറുത്തി വെക്കാന്‍ തീരുമാനിച്ചതായി അറിയിക്കുന്നു.” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പോസ്റ്റ്.
വെള്ളാപ്പള്ളിയെക്കൂടാതെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മനോരമയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.
“മനോരമയുടെ പ്രസിദ്ധീകരണമായ “ഭാഷാപോഷിണി”യുടെ പുതിയ പതിപ്പില്‍ ഗുരുദേവന്റെ ഫോട്ടോ വികലമായി പ്രസിദ്ധീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നു.
ഒരു ജനത ഒന്നടങ്കം ദൈവമായി ആരാധിക്കുന്ന തൃപ്പാദങ്ങളുടോളുള്ള അനാദരവ് പൊറുക്കാനാകുന്നതല്ല.
ഇതിനെതിരെ ശക്തമായ നടപടിയെടുത്ത് മാപ്പു പറയാന്‍ മനോരമ അടിയന്തിരമായി തയ്യാറാകണം. അല്ലാത്ത പക്ഷം കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിഷേധാഗ്‌നിക്ക് മനോരമയുടെ ഓഫീസുകള്‍ സാക്ഷ്യം വഹിക്കേണ്ടിവരും.മാധ്യമ പ്രവര്‍ത്തനം അന്യ സമുദായങ്ങളെയും സമുദായ ആചാര്യന്മാരെയും അവരുടെ ആരാധനാ മൂര്‍ത്തിയെയും അവഹേളിക്കലല്ല. എല്ലാവരെയും സമന്മാരായി കാണാന്‍ പഠിപ്പിക്കുകയും, എല്ലാ ജാതി മതങ്ങള്‍ക്കും അതീതനായി മനുഷ്യനെ മനുഷ്യനായി കാണുകയും ചെയ്ത ഭഗവാനെ മേലില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കരുത്.” എന്നായിരുന്നു തുഷാറിന്റെ കുറിപ്പ്.
ഇതിനു പിന്നാലെ മനോരമയുടെ എല്ലാ എഡിഷനിലും ഖേദപ്രകടന കുറിപ്പും പ്രസിദ്ധീകരിച്ചുവന്നു. “ഭാഷാപോഷണിയുടെ ഡിസംബര്‍ ലക്കത്തില്‍ വായനക്കാര്‍ക്ക് വേദനാജനകമായ ഒരു ചിത്രം കവര്‍പേജിലും മറ്റൊരു ചിത്രം ഉള്‍പ്പേജിലും പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുകയും തെറ്റുമനസിലാക്കി ക്ഷമാപണം നടത്തുകയും ചെയ്യുന്നു.” ഇങ്ങനെയായിരുന്നു കുറിപ്പ്.
മനോരമയുടെ ഖേദപ്രകടനം വന്നതിനു പിന്നാലെ അതിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്തുവന്നിരുന്നു. തെറ്റു പറ്റിയാല്‍ അതു തെറ്റാണെന്നു തുറന്നു സമ്മതിക്കാനുള്ള മനസ്സുണ്ടാകുകയാണെങ്കില്‍, ചെയ്ത തെറ്റ് ക്ഷമിക്കാനുള്ള മനസ്സും ഉണ്ടാകണം. പ്രത്യേകിച്ചു ശ്രീനാരായണീയര്‍ക്ക്. മനോരമ അവരുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ നമ്മുടെ ഏവരുടെയും ദൈവമായ ഗുരുദേവനെ വികലമാക്കി പ്രസിദ്ധീകരിച്ചതില്‍ അവര്‍ ക്ഷമാപണം നടത്തുകയും ഇനിമേലില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. ശ്രീനാരായണീയരായ നമുക്കുണ്ടായ മുറിവ് ചെറുതൊന്നുമല്ല. എങ്കിലും ക്ഷമാപണം ഗൗരവമായി കണ്ടുകൊണ്ട് നമുക്കേവര്‍ക്കും ഉണ്ടായ ധാര്‍മ്മിക രോഷം അടക്കി ക്ഷമിക്കാന്‍ തയ്യാറാകണം.” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ കുറിപ്പ്.
നഗ്‌നയായ ഒരു സ്ത്രീ അന്ത്യത്താഴത്തിലെ യേശുവിന്റെ സ്ഥാനത്തും ഇരുവശത്തും കന്യാസ്ത്രീകളും പിന്നിലെ വാതിലില്‍ ഒരു പട്ടാളക്കാരന്റെ നിഴലുമുള്ളതാണ്മത തീവ്രവാദികളെ പ്രകോപിപ്പിച്ച ഭാഷാപോഷിണിയിലെ ചിത്രം. ഇതിനെതിരെ ഒരു ഫോണ്‍കോള്‍ വന്നതിനു പിന്നാലെയാണ് മനോരമ ലക്കം തന്നെ വിപണിയില്‍ നിന്ന് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ദീപിക പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അച്ചനാണ് എന്ന് പരിചയപ്പെടുത്തിയയാള്‍ തിരുവത്താഴത്തെ മോശമായി ചിത്രീകരിച്ചുവെന്നു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ലക്കം പിന്‍വലിച്ചശേഷം പ്രസ്തുത ചിത്രം എഡിറ്റ് ചെയ്ത് വികൃതമാക്കിയാണ് മനോരമ പുനപ്രസിദ്ധീകരിച്ചത്.
എന്നാല്‍ ജാതി തീവ്രവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മനോരമ പിന്‍വലിച്ച ഗുരുവിന്റെ ശില്പത്തിന്റെ ചിത്രം കവര്‍ ചിത്രമാക്കി ” ഗുരുചിന്തന ഒരു മുഖവുര” എന്ന പുസ്തകം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ശില്പി റിയാസ് കോമുവിനും ഡി.സി ബുക്‌സ് പ്രസാധകനും ഭീഷണിയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കു വഴങ്ങി പുസ്തകം പിന്‍വലിക്കില്ല എന്ന നിലപാടാണ് ഡി.സി ബുക്‌സ് സ്വീകരിച്ചത്. അങ്ങനെയിരിക്കെ മനോരമയുടെ ഈ നടപടി പ്രസ്തുത ചിത്രങ്ങള്‍ക്കുപിന്നിലെ കലാകാരന്മാരെ തന്നെ അവഹേളിക്കുന്നതാണ്.